മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ കണ്ണൂര്‍ സ്‌ക്വാഡ് പ്രേക്ഷകരുടെ മികച്ച പ്രതികണം നേടി തിയ്യേറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. പോലീസുകാരുടെ കഥ പറയുന്ന ചിത്രം തികച്ച വ്യത്യസ്തമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍. മമ്മൂട്ടി പങ്കുവെച്ച പോസ്റ്റിന്റെ താഴെ കുറിച്ച കമന്റിലാണ് ഷാഹിദ ചിത്രത്തെ അഭിനന്ദിച്ചത്. പോലീസ് സംവിധാനത്തെ പറ്റിയുള്ള ചിത്രത്തില്‍ പറയുന്ന മിക്ക കാര്യങ്ങളും കിറുകൃത്യമാണെന്ന് ഷാഹിദ പറയുന്നു.
പോലീസുകാരില്‍ 40 ശതമാനത്തോളം പേര്‍ നല്ലതാണ്. ഈ ചിത്രത്തില്‍ പറയുന്നത് പോലെ 20 ശതമാനം പേര്‍ മാത്രമാണ് നല്ലതെന്ന കണക്കിനോട് താന്‍ യോജിക്കുന്നില്ലെന്നും ശരിക്കും പറഞ്ഞാല്‍ ഒരു റിയല്‍ സ്‌റ്റോറി തന്നെയാണ് കണ്ണൂര്‍ സ്‌ക്വാഡെന്നും ഷാഹിദ കുറിച്ചു.
കണ്ണൂര്‍ സ്‌ക്വാഡിലെ പ്രസക്ത ഭാഗങ്ങളെല്ലാം ആരോ കൃത്യമായി പറഞ്ഞു തന്നതാണെന്നാണ് പോലീസുകാരെയും അവരുടെ പെരുമാറ്റ രീതിയെയും അടുത്തറിയാവുന്ന വ്യക്തിയെന്ന നിലയില്‍ തനിക്ക് തോന്നിയത്. സ്‌പെഷ്യല്‍ സ്‌ക്വാഡിനെ കുറിച്ചുള്ള ലോക്കല്‍ പോലീസിനുള്ള മനോഭാവും പുച്ഛവുമെല്ലാം വളരെ വ്യക്തമായി ചിത്രത്തില്‍ ചൂണ്ടിക്കാട്ടിയെന്നും ഷാഹിദ പറയുന്നു.
അതേസമയം, തിയ്യേറ്ററുകളില്‍ രണ്ടാഴ്ച പിന്നിടുമ്പോഴും മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം. വിജയരാഘവന്‍, ശബരീഷ്, കിഷോര്‍ കുമാര്‍, മനോജ് എന്നിവരാണ് മമ്മൂട്ടിക്കൊപ്പം തന്നെ നില്‍ക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.