തമിഴ് സിനിമയിലെ മികച്ച സംവിധായകരുടെ പേരെടുത്താൽ അതിലൊരാളാണ് സെൽവരാഘവൻ. നടൻ ധനുഷിന്റെ സഹോദരനായ ഇദ്ദേഹം സംവിധാനത്തിന് പുറമെ അഭിനയത്തിലും ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ധനുഷിനെ പോലെ തന്നെ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുന്ന താരമാണ് സെൽവരാഘവനും. താരത്തിന്റെ പ്രണയവും, വിവാഹവും, വിവാഹമോചനവുമെല്ലാം വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തിൽ സംഭവിച്ച പ്രണയങ്ങളെക്കുറിച്ചും വേർപിരിയലിനെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് സെൽവരാഘവൻ. ലിറ്റിൽ ടോക്‌സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; പതിനാറ് വയസ് വരെ പ്രണയമെന്നത് വളരെ അമൂല്യമാണ്. അതിന് ശേഷം വരുന്ന പ്രണയങ്ങൾ വ്യക്തികളെ അനുസരിച്ചായിരിക്കും.ഒത്തു പോവാൻ പറ്റുന്നില്ലെങ്കിൽ ഭയങ്കരമായി ആലോചിക്കരുത്. നിങ്ങൾക്ക് പറ്റുന്നില്ല എങ്കിൽ വഴക്കിടാതെ കോഫി ഷോപ്പിൽ പോവുക, അവിടെ ഇരുന്ന് സംസാരിച്ച് പിരിയുന്നതാണ് നല്ലത്.
പലപ്പോഴും ജീവിതം വളരെ വലുതാണ്. ജീവിതത്തിൽ പ്രണയത്തേക്കാളും റിലേഷൻഷിപ്പിനേക്കാളും വലിയ കാര്യങ്ങളുണ്ടെന്ന് ഒരു സമയമെത്തുമ്പോൾ എല്ലാവർക്കും മനസ്സിലാവും. ബന്ധം ശരിയായി വന്നില്ലെങ്കിൽ എന്ത് ചെയ്യാൻ പറ്റും’അതിൽ കൂടുതൽ ഫീൽ ചെയ്യേണ്ട കാര്യമില്ല, സെൽവരാഘവൻ പറഞ്ഞു.
ഇപ്പോഴത്തെ ഭാര്യയായ ഗീതാഞ്ജലിയെ കുറിച്ച് സെൽവരാഘവൻ പറഞ്ഞതിങ്ങനെ; എന്റെ ഭാര്യയും ധനുഷും നന്നായി വായിക്കുന്നവരാണ്’ ‘നോവലുകൾ ധാരാളമായി വായിക്കും. ഒരു ദിവസം രണ്ട് ബുക്കൊക്കെ വായിക്കുന്ന ശീലമുള്ളയാളാണ് ഗീതാഞ്ജലി. സിനിമകളെക്കുറിച്ച് വളരെ ഓപ്പണായി സംസാരിക്കുന്നയാളാണ് അവൾ. അതാണ് ധനുഷിന് പേടി. പക്ഷെ മിക്ക സമയത്തും അവരുടെ അഭിപ്രായം ശരിയായിരിക്കും,’ സെൽവരാഘവൻ പറഞ്ഞു.
സെൽവരാഘവനെ പോലെ തന്നെ ധനുഷും തന്റെ വിവാഹജീവിതം അവസാനിപ്പിച്ചിരിക്കുകയാണ്. രജനികാന്തിന്റെ മകൾ ഐശ്വര്യയുമായുള്ള 17 വർഷം നീണ്ട് നിന്ന ദാമ്പത്യമാണ് ഇരുവരും അവസാനിപ്പിച്ചത്. സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ട പ്രസ്താവനയിലാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. മക്കളായ യാത്ര, ലിംഗ എന്നിവരുടെ കാര്യങ്ങൾ നോക്കുന്നത് രണ്ട് പേരും ഒരുമിച്ചാണ്.