മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നടി സീമ ജി നായര്‍. നാടകരംഗത്ത് നിന്നും സിനിമയിലും സീരിയലകളിലും എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സീമ ജി നായര്‍. പതിനേഴാം വയസില്‍ നാടക വേദിയില്‍ അഭിനയം തുടങ്ങിയ സീമ ആയിരത്തിലേറെ അരങ്ങുകളില്‍ നാടകമവതരിപ്പിച്ചു.
ചേറപ്പായി കഥകളിലൂടെ സീരിയല്‍ രംഗത്തേക്കും പാവം ക്രൂരന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറ്റം നടത്തിയ സീമ മലയാളത്തിലെ മികച്ച അഭിനേത്രികളിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്. ചെറുതും വലുതുമായി ധാരാളം വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും സീമകള്‍ ഇല്ലാത്ത സ്‌നേഹത്തിന്റെ പേരിലാണ് സീമ ജി നായരെ ഇപ്പോള്‍ മലയാളികള്‍ നെഞ്ചേറ്റുന്നത്.
സഹ പ്രവര്‍ത്തക ആയിരുന്ന നടി ശരണ്യയുടെ ചികിത്സക്കായി കൈമെയ് മറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി യപ്പോള്‍ മുതലാണ് സീമയെ മലയാളികള്‍ അടുത്തറിഞ്ഞ് തുടങ്ങിയത്. ഇന്ന് നിരവധി രോഗികള്‍ക്ക് ചികിത്സയ്ക്ക് വേണ്ട സഹായങ്ങളും മറ്റുമായി സീമ സജീവമാണ്.
അഭിനയ ജീവിതത്തില്‍ 35 വര്‍ഷം പിന്നിടുമ്പോള്‍ തന്റെ ജീവിതത്തേയും കരിയറിനെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും ഒരുമിച്ച് കൊണ്ടു നടക്കുകയാണ് സീമ ജി നായര്‍. സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് താരം. ഇപ്പോഴിതാ സീമ ജി നായരുടെ ഒരു അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്.
ജീവകാരുണ്യപ്രവര്‍ത്തനത്തിലിറങ്ങിയതിന് ശേഷം സ്വന്തം കാര്യം നോക്കാന്‍ പോലും സമയമില്ലെന്ന് സീമ പറയുന്നു. അത് പല പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും എന്നിരുന്നാലും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നുതന്നെയാണ് ആഗ്രഹമെന്നും നടി പറയുന്നു.
Also Read: കേരള സാരിയില്‍ അടിപൊളി ഡാന്‍സുമായി സ്വാസികയും കൂട്ടുകാരും, വൈറലായ വീഡിയോ കാണാം
ഒരുപാട് അവസരങ്ങളാണ് കാരുണ്യ പ്രവര്‍ത്തനത്തിന് ഇറങ്ങിയതിന് പിന്നാലെ നഷ്ടമായതെന്നും തനിക്ക് അഭിനയിക്കാന്‍ സമയമില്ലെന്നും മുഴുവന്‍ സമയവും ചാരിറ്റിയാണെന്നുമാണ് പലരും പറയുന്നതെന്നും സീമ കൂട്ടിച്ചേര്‍ത്തു. ശരണ്യയെ സഹായിച്ചതിന് പിന്നാലെയാണ് താന്‍ ചാരിറ്റി ചെയ്യുന്നതിനെ പറ്റി എല്ലാവരും അറിയുന്നതെന്നും എന്നാല്‍ അതിന് മുന്‌പേ താനിതൊക്കെ ചെയ്യാറുണ്ടെന്നും നടി പറയുന്നു.
ചാരിറ്റി തന്റെ രക്തത്തിലുള്ളതാണ്. തനിക്ക് അമ്മയില്‍ നിന്നും പകര്‍ന്ന് കിട്ടിയതാണ് ഈ സ്വഭാവം, മറ്റുള്ളവരുടെ കാര്യം ഓര്‍ത്ത് ഭയങ്കര ടെന്‍ഷനാണ്, ഇപ്പോള്‍ തനിക്ക് ആരോഗ്യപരമായി കുറച്ച് പ്രശ്‌നങ്ങളുണ്ടെന്നും നടി പറയുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഒരു കാര്യത്തിന് ഇറങ്ങിപ്പോയത് കൊണ്ട് ഇനി ഇതില്‍ നിന്നും പിന്മാറാന്‍ പറ്റില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
എല്ലാം അവസാനിപ്പിച്ചിട്ട് മറ്റൊരു നാട്ടില്‍ പോയി കുറച്ചു ദിവസം കഴിയണമെന്ന് കഴിഞ്ഞ ദിവസം ചേച്ചിയോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ ചേച്ചി പറഞ്ഞത് അവിടെയും മനുഷ്യരുണ്ടല്ലോ എന്നാണെന്നും സീമ പറയുന്നു.