കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് തിയേറ്ററുകളിലേക്കെത്തിയ കായംകുളം കൊച്ചുണ്ണിക്ക് മികച്ച സ്വീകാര്യതയാണ് സിനിമാപ്രേമികള്‍ നല്‍കിയത്. സിനിമയെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ നാളെണ്ണി റിലീസിനായി കാത്തിരിക്കുകയായിരുന്നു പലരും.
അധികം വൈകാതെ തന്നെ ചിത്രവുമായി സംവിധായകനും സംഘമെത്തിയപ്പോള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു പ്രേക്ഷകലോകം. നിവിന്‍ പോളിയുടെയും മോഹന്‍ലാലിന്റേയും ആരാധകര്‍ ഈ ചിത്രത്തിനൊപ്പമാണ്. അതിഥി താരമാണെങ്കില്‍ക്കൂടിയും ഗംഭീര പ്രകടനമാണ് മോഹന്‍ലാലും പുറത്തെടുത്തതെന്ന് സിനിമ കണ്ടവരെല്ലാം സാക്ഷ്യപ്പെടുത്തിയതാണ്. അഭിപ്രായ പ്രകടങ്ങളിലെ അതേ നേട്ടം തന്നെ ബോക്‌സോഫീസ് കലക്ഷനിലും പ്രതിഫലിച്ചിരുന്നു.
ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചത്. നിര്‍മ്മാതാവിന്റെ പിന്തുണയെക്കുറിച്ച് സംവിധായകന്‍ നേരത്തെ തന്നെ വാചാലനായിരുന്നു. ആദ്യ ദിനത്തില്‍ 5 കോടി 30 ലക്ഷം രൂപയാണ് ചിത്രം സ്വന്തമാക്കിയതെന്ന് ഗോകുലം മൂവീസ് വ്യക്തമാക്കിയിരുന്നു. നിവിന്‍ പോളി ചിത്രത്തിന് ലഭിക്കുന്ന മികച്ച തുകയാണിത്. സിനിമാജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള സിനിമയായി കൊച്ചുണ്ണി മാറുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ നേരത്തെ ഉയര്‍ന്നുവന്നിരുന്നു.
ആദ്യ ദിന കലക്ഷനില്‍ മറ്റ് സിനിമകളെയെല്ലാം പിന്തള്ളിയിരിക്കുകയാണ് കായംകുളം കൊച്ചുണ്ണി. തമിഴ് സിനിമകളെ കൂടാതെ ഈ ലിസ്റ്റിലുണ്ടായിരുന്ന മലയാള സിനിമയായ ജോമോന്റെ സുവിശേഷങ്ങളെയും പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് നിവിന്‍ പോളിയുടെ കൊച്ചുണ്ണി. ആദ്യ ദിനത്തിലെ അതേ കുതിപ്പ് നിലനിര്‍ത്തിയാണ് ചിത്രം മുന്നേറുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും രണ്ടാം ദിനത്തില്‍ 11.30 ലക്ഷം രൂപയാണ് ചിത്രം സ്വന്തമാക്കിയത്. 84.86 ശതമാനമാണ് ചിത്രത്തിന്റെ ഒക്യുപെന്‍സി. ഫോറം കേരളയാണ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്.
ഇന്ത്യയില്‍ നിന്ന് മാത്രമല്ല വിദേശത്തുനിന്നും മികച്ച തുടക്കം തന്നെയാണ് ചിത്രം നേടിയത്. ആദ്യ ദിനത്തില്‍ 2.24 കോടിയാണ് യുഎഇയില്‍ നിന്നും ചിത്രം നേടിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തുന്ന സിനിമകള്‍ക്ക് ഗംഭീര സ്വീകരണം തന്നെയാണ് വിദേശത്തുനിന്നും ലഭിക്കാറുള്ളത്. കായംകുളം കൊച്ചുണ്ണിയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. മേക്കിങ്ങിലും കാസ്റ്റിങ്ങിലുമുള്ള പുതുമയും താരങ്ങളുടെ അസാമാന്യ പ്രകടനവുമാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.
വിനീത് ശ്രീനിവാസന്‍ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ പുതുമുഖങ്ങളിലൊരാളാണ് നിവിന്‍ പോളി. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലെ താടിക്കാരന്‍ പ്രകാശനില്‍ നിന്നും കായംകുളം കൊച്ചുണ്ണിയിലേക്ക് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സിനിമാജീവിതം. പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് നല്‍കാവുന്ന മികച്ച സമ്മാനവുമായാണ് താരമെത്തിയതെന്നാണ് ആരാധകരും സാക്ഷ്യപ്പെടുത്തിയത്. കലക്ഷനിലായാലും പ്രകടനത്തിന്റെ കാര്യത്തിലായാലും ഈ ചിത്രം മുന്നിട്ട് നില്‍ക്കുമെന്ന കാര്യത്തില്‍ സംശയമേതുമില്ലെന്ന് നേരത്തെ ആരാധകര്‍ പറഞ്ഞിരുന്നു.
മോഹന്‍ലാലിന്റെ ഇത്തിക്കര പക്കി കൊച്ചുണ്ണിക്കൊപ്പമുള്ളപ്പോള്‍ നൂറുകോടി അത്ര അകലെയല്ലെന്നാണ് ആരാധകര്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിരഞ്ജനെന്ന ജയില്‍പുള്ളിയായി ക്ലൈമാക്‌സിലെ അഞ്ച് മിനിറ്റില്‍ പ്രത്യക്ഷപ്പെട്ട മോഹന്‍ലാലിനൊപ്പമായിരുന്നു ബോക്‌സോഫീസ്. ഇന്നും അത് തന്നെയാണ് സംഭവിച്ചത്. പുലിമുരുകനിലൂടെ മലയാള സിനിമയെ നൂറുകോടി ക്ലബിലേക്കെത്തിച്ച മോഹന്‍ലാല്‍ ഒപ്പമുള്ളപ്പോള്‍ നിവിന്‍ പോളിക്ക് അനായാസമായി ആ റെക്കോര്‍ഡ് നേടാന്‍ കഴിയുമെന്നാണ് ആരാധകരുടെ അവകാശ വാദം.
ചിത്രത്തില്‍ അതിഥിയായി മോഹന്‍ലാല്‍ എത്തിയേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നുവെങ്കിലും ഔദ്യോഗികമായി അക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചത് നിവിന്‍ പോളിയായിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായത്. മോഹന്‍ലാലിന്റെ ലുക്ക് പുറത്തുവന്നതോടെ കൊച്ചുണ്ണിയെ അദ്ദേഹം കവര്‍ന്നെടുക്കുമോയെന്ന ആശങ്കയായിരുന്നു ആരാധകര്‍ക്ക്. ഏത് തരം കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കുന്ന താരം പക്കിയുടെ കാര്യത്തിലും അതാവര്‍ത്തിച്ചു. കുറച്ച് നേരമേയുള്ളൂവെങ്കിലും തിയേറ്ററുകളെ കിടുക്കുന്ന തരത്തിലുള്ള എന്‍ട്രി തന്നെയായിരുന്നു അത്.
ഗള്‍ഫിലടക്കം എല്ലാ റിലീസ് കേന്ദ്രങ്ങളിലും ആദ്യ ദിവസം 10 കോടി നേടിയെടുത്ത പടം രണ്ടാം ദിനത്തോടെ 18 കോടിയ്ക്കടുത്തെത്തിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.