കൊച്ചുണ്ണിയാകാന്‍ നിവിന്‍പോളിയെ തന്നെ തിരഞ്ഞെടുത്തതിന് പിന്നിലെ രഹസ്യം ഇതാണ്

22

മലയാള സിനിമയില്‍ ധാരാളം യുവതാരങ്ങളുണ്ടായിട്ടും കായംകുളം കൊച്ചുണ്ണിയാകാന്‍ നിവിന്‍ പോളിയെ തന്നെ തിരഞ്ഞെടുത്തതിന്റെ കാരണം വെളിപ്പെടുത്തി തിരക്കഥാകൃത്ത് സഞ്ജയ്.

Advertisements

‘കായംകുളം കൊച്ചുണ്ണിയെ ഒരു ആക്ഷന്‍ ഹീറോ കഥാപാത്രമായി മാത്രം കാണാന്‍ കഴിയില്ല. തികച്ചും സാധാരണ മനുഷ്യനായിരുന്നു അദ്ദേഹം. പിന്നീട് കള്ളനായി മാറുകയായിരുന്നു. അതുകൊണ്ട് തന്നെ കഥാപാത്രത്തിന്റെ ആ സാധാരണത്വവും പിന്നീട് വരുന്ന മാറ്റവും ചിത്രത്തില്‍ വളരെ പ്രധാനമാണ്.

ഇങ്ങനെയാണ് നിവിന്‍ പോളിയിലേക്ക് എത്തുന്നത്. പ്രതീക്ഷിച്ചതില്‍ അധികമായി കഥാപാത്രത്തിനോട് നീതി പുലര്‍ത്താന്‍ നിവിന് കഴിഞ്ഞിട്ടുണ്ട്. കഥാപാത്രത്തിന്റെ രണ്ട് ഭാവമാറ്റങ്ങള്‍ വളരെ നന്നായി തന്നെ നിവിന്‍ അവതരിപ്പിച്ചു. നൂറു ശതമാനം കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നാണ് ഞാന്‍ കരുതുന്നത്.”

സമര്‍ത്ഥമായി ചെയ്യേണ്ട കായംകുളം കൊച്ചുണ്ണി പോലുള്ള കഥാപാത്രത്തെ നിവിന് പൂര്‍ണമായും ഉള്‍ക്കൊള്ളാനാകും എന്നതില്‍ പ്രതീക്ഷയുണ്ടായിരുന്നു. പ്രതീക്ഷിച്ച പോലെ 160 ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗിനായി നിവിന്‍ ചിലവഴിച്ചു. നിവിനെ പോലെ തിരക്കുള്ള ഒരു നടന്‍ ഇത്രയും ദിവസം ചിത്രത്തിനായി നീക്കിവെച്ചത് തന്നെ അദ്ദേഹത്തിന്റെ ആത്മാര്‍ഥതയാണെന്നും സഞ്ജയ് പറയുന്നു.

ഇത്തിക്കര പക്കിയെന്ന അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ വളരെ അതിശയകരമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നതെന്നും പ്രിവ്യൂ ഷോ കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു.നായക വേഷം നിവിന്‍ പോളി നന്നാക്കി എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ബാബു ആന്റണി, സണ്ണി വെയ്ന്‍ എന്നിവരുടെ പ്രകടനവും എടുത്തു പറയത്തക്കതാണ് എന്നും ആദ്യ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.

ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീര്‍ കരമന, മണികണ്ഠന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.ചിത്രത്തിനായി ബിനോദ് പ്രധാന്‍ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു.

Advertisement