മാളികപ്പുറം ഉള്‍പ്പടെയുള്ള സിനിമകളുടെ തുടര്‍ വിജയത്തിന്റെ സന്തോഷത്തിലാണ് നടന്‍ ഉണ്ണി മുകുന്ദന്‍. തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് ഇറക്കിയ സിനിമ വലിയ വിജയമാണ് കേരളത്തിന് പുറത്തും നേടിയത്. ഇതോടെ പാന്‍ ഇന്ത്യന്‍ താരമായി വളരുകയാണ് ഉണ്ണി മുകുന്ദന്‍.
മാളികപ്പുറം എന്ന സിനിമയുടെ വിജയത്തിന് പിന്നാലെ ഒട്ടേറെ വിവാദങ്ങള്‍ താരത്തെ തേടിയെത്തിയിരുന്നു. ഇതിനെ എല്ലാം അവഗണിച്ച് വിജയം ആഘോഷിക്കുകയാണ് ഉണ്ണി മുകുന്ദന്‍.
ഈ സമയത്താണ് ഉണ്ണി മുകുന്ദന്റെ ഒരു ആരാധിക ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ കാരണം ജീവിതം മാറിമറിഞ്ഞെന്നാണ് ഷാമില സായിദ് അലി ഫാത്തിമ എന്ന യുവതി ഫേസ്ബുക്കില്‍ കുറിക്കുന്നത്. തന്റെ സ്വപ്‌നങ്ങള്‍ എല്ലാം നേടിയെടുക്കാന്‍ ഉണ്ണി മുകുന്ദനാണ് പ്രേരണയായതെന്ന് ഷാമില പറയുന്നു.
ഷാമിലയുടെ കുറിപ്പ് ഇങ്ങനെ:
ശാമിലയുടെ വാക്കുകള്‍ ഇങ്ങനെ,.. ഉണ്ണി മുകുന്ദന്‍ വലിയ വിജയങ്ങള്‍ ആഘോഷിക്കുന്ന തിരക്കിലാണ്. ഞാനും അത് ആഘോഷിക്കുന്നു. പലരും വന്നു എന്നോട് ചോദിക്കുന്നു. ‘എന്തിന്.. നീയും സംഘിയായോ, എന്നാണ് നീ ചാണകത്തില്‍ വീണത്. അവന്‍ നിന്നെയും സംഘിയാക്കും’.. എന്നിങ്ങനെയുള്ള അടച്ചാക്ഷേപങ്ങള്‍ കേട്ടിരുന്നു. അതിനുള്ള മറുപടിയാണ് ഈ വരികള്‍. എന്നു മുതലാണ് ഉണ്ണി മുകുന്ദന്റെ സന്തോഷങ്ങള്‍ എന്നെ കൂടി സന്തോഷിപ്പിക്കാന്‍ ആരംഭിച്ചത്. എന്ന് മുതലാണ് ഉണ്ണി മുകുന്ദന്റെ വിജയങ്ങള്‍ എന്റെ കൂടി വിജയങ്ങളായത്…
എന്റെ വാപ്പ അപ്രതീക്ഷിതമായി ഞങ്ങളെ തനിച്ചാക്കി പോയത് ഒരുപാട് വേദനിപ്പിച്ചിരുന്നു. ആ ആഘാതം എന്നെ വല്ലാതെ തളര്‍ത്തി. അതിനെല്ലാം ശേഷം ഒരോണക്കാലത്തു വളരെ യാദൃശ്ചികമായി യൂട്യൂബില്‍ ഒരു വീഡിയോ കാണാനിടയായി. അങ്ങനെ അഭിമുഖങ്ങള്‍ ഒന്നും പൊതുവെ ഇഷ്ടപെടാത്ത ഞാന്‍ പക്ഷെ അപ്പോള്‍ അത് കണ്ടു, ഉണ്ണി മുകുന്ദനാണ് അഥിതി. അങ്ങനെയാണ് ആ ചോദ്യം വരുന്നത്. ഉണ്ണി മുകുന്ദന്റെ സ്വപ്നങ്ങളെ കുറിച്ച്. എന്റെ ജീവിതം മാറ്റിയ ഉത്തരമായിരുന്നു അതിന്റെ മറുപടി. ഉണ്ണി അദ്ദേഹത്തിന്റെ സ്വപ്നങ്ങളെക്കുറിച്ചു പറയാന്‍ ആരംഭിച്ചു. അദ്ദേഹത്തിനൊരു വലിയ സ്വപ്നമുണ്ടെന്നും ഹിന്ദി സിനിമയില്‍ അഭിനയിക്കണമെന്നും അതാണ് ലക്ഷ്യമെന്നും.
ALSO READ- അമ്മയായതോടെ ഇവള്‍ ആകെ മാറിയെന്ന് ഡയാന; പുതിയ വിശേഷം പങ്കുവെച്ച് ആതിര മാധവും
ഞാന്‍ പഠിച്ചിരുന്ന എന്റെ സ്‌കൂളിന് എതിര്‍വശമുള്ള അനുപം തിയേറ്ററില്‍ അദ്ദേഹത്തിന്റെ ഒരു സിനിമ റിലീസ് ആകണം. അവിടെ ഉണ്ണിയുടെ ഒരു വലിയ കട്ട് ഔട്ട് വരണം. ഇതാണ് സ്വപ്നം. അത് കഴിഞ്ഞു അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ‘ഇത് കേള്‍ക്കുമ്‌ബോള്‍ ചിലരെങ്കിലും പറയും അതിമോഹമല്ലേ. ഞാന്‍ പറയുന്നു അതിമോഹം ആവാം. ജീവിതത്തില്‍ ഒരു സ്വപ്നവും ഇല്ലാത്തതാണ് ഡിസാസ്റ്റര്‍.’ ഇതായിരുന്നു വാക്കുകള്‍.. അത് മാത്രമല്ല നമ്മള്‍ നമ്മളെ തന്നെ ആദ്യം സ്‌നേഹിക്കണം അപ്പോള്‍ ജീവിതം സുന്ദരമാകും എന്നും അദ്ദേഹം പറഞ്ഞു.
അതിനു ശേഷം ഞാന്‍ എന്നോട് തന്നെ ചോദിച്ചു, എന്താണ് നിന്റെ സ്വപ്നം, ലക്ഷ്യം.. അപ്പോഴാണ് ഞാന്‍ മനസിലാക്കുന്നത് എനിക്ക് അതൊന്നും ഇല്ല, അതാണ് ഈ മരവിച്ച ജീവിതത്തിന്റെ കാരണം, അങ്ങനെ ഞാന്‍ സ്വപ്നം കാണാന്‍ തുടങ്ങി പിഎസ് സി പഠിച്ച് ഒരു സര്‍ക്കാര്‍ ജോലി, അങ്ങനെ രാപ്പകല്‍ പഠിച്ചു, എനിക്ക് ഞാന്‍ ആഗ്രഹചിച്ചത് പോലെ ഒരു പൊസിഷനില്‍ ഞാന്‍ എത്തി.
ഒരുപാട് വായിച്ചു, ശരീര ഭാരം കുറച്ചു, മാംസാഹാരം ഒഴിവാക്കി, യോഗ ശീലമാക്കി, പുതിയ അറിവുകള്‍ നേടി അങ്ങനെ അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്ക് പുതിയ ജീവിതം നല്‍കി. നന്ദി ഉണ്ണി… സ്വപ്നങ്ങള്‍ ഇത്രമേല്‍ മധുരമാണ് എന്ന് എനിക്ക് മനസിലാക്കി തന്നതിന്.. ജീവിതം ഇത്രമേല്‍ മനോഹരമാണെന്ന് എന്നെ പഠിപ്പിച്ചതിന്…
സ്‌നേഹത്തോടെ ഷാമില