ആടുജീവിതം എന്ന സിനിമ തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ചിത്രത്തിനായി പൃഥ്വിരാജ് ശരീര ഭാരം കുറച്ചതെല്ലാം വലിയ ചര്‍ച്ചയായിരിക്കുകയാണ്. അതേസമയം പൃഥ്വിയെ പോലെ ഹക്കീമിനെ അവതരിപ്പിച്ച ഗോകുലും കയ്യടി നേടുകയാണ്. ഗോകുലിനെ കുറിച്ച് പൃഥ്വിരാജ് തന്നെ പറഞ്ഞിരുന്നു.ഇപ്പോള്‍ ഗോകുല്‍ താന്‍ ശരീര ഭാരം കുറച്ച യാത്രയെ കുറിച്ച് പറയുകയാണ്.
‘മൂന്നുകൊല്ലം കഴിഞ്ഞുള്ള സീനുകള്‍ക്ക് വേണ്ടി ശരീരഭാരം കുറയ്ക്കുക എന്ന് പറയുന്നത് വളരെ കഷ്ടപ്പാടുള്ള ഒരു പ്രോസസ് ആയിരുന്നു. കാരണം 64 കിലോ വെയ്റ്റ് ഉണ്ടായിരുന്ന ഞാന്‍ 44 കിലോയിലേക്ക് എത്തുക എന്ന് പറയുന്നത് അതൊരു വലിയ യാത്ര തന്നെ ആയിരുന്നു. യഥാര്‍ത്ഥ ഹക്കീം അനുഭവിച്ച കഷ്ടപ്പാടിന്റെ പത്തു ശതമാനം എങ്കിലും ഞാന്‍ അനുഭവിച്ചില്ല എങ്കില്‍ എങ്ങിനെയാണ് എനിക്ക് അവനെ ചെയ്യാന്‍ സാധിക്കുന്നത്.
ആ തോന്നല്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ ചെയ്തത് ഞങ്ങള്‍ക്ക് കഴിക്കാന്‍ ഭക്ഷണം ഉണ്ടായിട്ടും വേണ്ടെന്നു വച്ചതാണ്, പക്ഷെ ശരിക്കും ഹക്കീമിന്റെ ഒക്കെ ഫീല്‍ എന്തായിരിക്കും എന്ന് ആലോചിച്ചു നോക്ക്. അവര്‍ക്ക് കഴിക്കാന്‍ ഭക്ഷണം ഉണ്ടായിരുന്നില്ല. അത്തരം എന്തൊക്കെ ട്രോമകള്‍ സഹിച്ചിട്ടുണ്ടാവും അദ്ദേഹം.
ഞാന്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ ഇത് ഞാന്‍ അല്ല ഹക്കീമാണ് എന്ന തോന്നല്‍ എനിക്ക് പോലും ഉണ്ടായിട്ടുണ്ട്. ആ തോന്നലില്‍ ആയിരുന്നു ഞാന്‍ എല്ലാ ദിവസവും സെറ്റിലേക്ക് പൊയ്ക്കൊണ്ടിരുന്നത്. അമ്മയൊക്കെ ഒരുപാട് തവണ പറഞ്ഞു, ഇത്രയും മെലിഞ്ഞാല്‍ പോരെ മെലിഞ്ഞല്ലോ എന്ന്. എത്ര ആയാലും അമ്മയുടെ നെഞ്ചല്ലേ വേദനിക്കുമല്ലോ. സിനിമ കണ്ടപ്പോള്‍ അച്ഛനും അമ്മയും ഒന്നും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. നിന്റെ അച്ഛനായതില്‍ അഭിമാനം എന്നാണ് അച്ഛന് പറഞ്ഞത്’ ഗോകുല്‍ പറയുന്നു.