റഫീഖ് ഏബ്രഹാം സംവിധാനം ചെയ്ത ബിജുമേനോന്‍ നായകനായ പടയോട്ടം തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. പ്രേക്ഷകരും ചലച്ചിത്ര പ്രവര്‍ത്തകരും ചിത്രത്തെ പുകഴ്ത്തി രംഗത്തു വന്നു കഴിഞ്ഞു.
ഇപ്പോഴിതാ പടയോട്ടത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായിക സയനോര ഫിലിപ്പും നടി മാലാ പാര്‍വ്വതിയും. ചിരിച്ചിട്ട് മനുഷ്യന്റെ ഊപ്പാടം ഇളകുക എന്നൊരു ചൊല്ലുണ്ട്. കണ്ണൂരുകാര്‍ക്ക് അത് ഇന്നലെ സംഭവിച്ചു എന്നാണ് സയനോര തന്റെ ഫെയ്‌സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്. പടയോട്ടം! ഈ അടുത്ത കാലത്ത് ഇത്രേം ചിരിച്ച പടമിറങ്ങിയിട്ടില്ല. ബിജു മേനോന്‍, ബേസില്‍, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്. പൊളി! എന്നാണ് മാല പാര്‍വ്വതിയുടെ അഭിപ്രായം.
അരുണ്‍ എ.ആര്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് ആക്ഷനും കോമഡിക്കും പ്രാധാന്യം നല്‍കിയാണ് പടയോട്ടത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചെങ്കല്‍ രഘു എന്ന ഗുണ്ടയെയാണ് ബിജു മേനോന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്.
മലയാളത്തിലെ ഏറ്റവും അധികം പണം വാരിയ ചിത്രങ്ങളിലൊന്നാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ബാംഗ്‌ളൂര്‍ ഡെയ്‌സ്, കാട്പൂക്കുന്ന നേരം, മുന്തിരിവള്ളികള്‍ എന്നിവയ്ക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ നാലാമത്തെ ചിത്രമാണ് പടയോട്ടം.
സയനോര യുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ
‘പടയോട്ടം’ എന്ന പേര് കേട്ടപ്പോ പടം സീരിയസ് ആവുംന്നാണ് ആദ്യം വിചാരിച്ചത് ! ചിരിച്ചിട്ട് മനുഷ്യന്റെ ഊപ്പാടം ഇളകുക എന്നൊരു ചൊല്ലുണ്ട് നമ്മള കണ്ണൂര്‍കാര്‍ക്ക് ,അത് തന്നെ ഇന്നലെ സംഭവിച്ചു ..ബിജു മേനോനും ദിലീഷ് ഏട്ടനും മൂപ്പര്‍ടെ തിര്വന്തോരം പിള്ളേരും പൊളിച്ചടക്കീട്ടുണ്ട് ! ലിജോ ജോസ് പെല്ലിശ്ശേരിയെ നേരില്‍ കാണുമ്പൊ ഇനി ഒരു വൈഡ് ആംഗിള്‍ ചിരി ആയിരിക്കും എന്റെ മുഖത്ത് ! അജ്ജാതി പൊളി ആയിനു ചങ്ങായി !
ഏറ്റവും സന്തോഷം തോന്നിയത് DOP സതീഷ് കുറുപ്പ് ന്റെ പേര് കണ്ടപ്പൊഴാ ഓര്‍ ഒരു സംഭവാന്ന് എപ്പോഴും തോന്നാറുണ്ട് ,,മൂപ്പര്‍ അത് തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു ..
യാതൊരു മുന്‍വിധികളും കൂടാതെ നന്നായി ചിരിക്കണം എന്നാഗ്രഹമുള്ളവര്‍ തീര്‍ച്ചയായും ഈ പടം കാണണം . സംവിധായകന്‍ റഫീക്കിനും പ്രൊഡ്യൂസര്‍ സോഫിയ ചേച്ചിക്കും കൊറേ കൊറേ ഇഷ്ടം ..