തമിഴനടൻ സത്യരാജ് എന്ന് പറഞ്ഞാൽ ഒരു പക്ഷെ മലയാളിക്ക് പെട്ടെന്ന് ഓർമ്മ വന്നില്ലെന്ന് വരാം. പക്ഷെ ബാഹുബലിയിലെ കട്ടപ്പ എന്ന് പറഞ്ഞോലോ മറക്കാൻ വഴിയില്ല താനും. ഒരു കാലത്ത് തമിഴ് സിനിമയിലെ ഹിറ്റ് നായകനായിരുന്നു സത്യരാജ്. ഇപ്പോൾ തമിഴിന് പുറമേ വിവിധ ഭാഷകളിൽ തന്റെ അഭിനയ മികവ് തെളിയിച്ച് കൊണ്ടിരിക്കുകയാണ്.
സത്യരാജ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത് ദിലീപും, ചാർമിയും പ്രധാന വേഷത്തിൽ എത്തിയ ആഗതൻ എന്ന സിനിമയിലാണ്. ശേഷം മോഹൻലാൽ നായകനായെത്തിയ ലൈല ഓ ലൈല എന്ന ചിത്രത്തിലും ഭാഗമായി. ജോഷിയായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. ഇപ്പോഴിതാ മലയാളത്തിലേക്കുള്ള തന്റെ തിരിച്ച് വരവിന് ഒരുങ്ങുകയാണ് താരം.
ടൊനിവോ നായകനായെത്തുന്ന ബിഗ് ബജറ്റ് ത്രീഡി ചിത്രമായ അജയന്റെ രണ്ടാം മോഷണത്തിലൂടെയാണ് സത്യരാജിന്റെ തിരിച്ച് വരവ്. നവാഗതനായ ജിതിൽ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആദ്യമായി ട്രിപ്പിൾ റോളിലാണ് ടൊവിനോ എത്തുന്നത്. ചിത്രത്തിലെ ശക്തമായ വില്ലൻ വേഷത്തിലാണ് സത്യരാജ് അഭിനയിക്കുക.
തെന്നിന്ത്യൻ നായികമാരായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. മൂന്ന് കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്. മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.അജയന്റെ രണ്ടാം മോഷണത്തിന് ശേഷം ഓസ്‌കാർ അവാർഡ് ജേതാവ് റസൂൽ പൂക്കൂട്ട്ി സംവിധാനം ചെയ്യുന്ന ഒറ്റ എന്ന ചിത്രത്തിലും സത്യരാജ് അഭിനയിക്കും.
തമിഴിൽ വില്ലൻ വേഷം അവതരിപ്പിച്ചാണ് സത്യരാജ് തുടക്കം കുറിക്കുന്നത്. പിന്നീട് മലയാള ചിത്രങ്ങളുടെ തമിഴ് റീമേക്കിലൂടെ നായക നിരയിലേക്ക് ഉയർന്നു. സമീപ കാലത്ത് തമിഴിൽ ഏറെ ശ്രദ്ധ നേടിയ റൊമാന്റിക് ചിത്രം ലൗവ് ടുഡേയിലും സത്യരാജ് പ്രധാന കഥാപാത്രമായി എത്തിയിരുന്നു. നയൻതാരയുടെ ഹൊറർ ചിത്രം കണക്ടിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു.