തീയേറ്ററുകളിലെത്തി രണ്ടാം ദിവസം തന്നെ വിജയ് ചിത്രം സര്‍ക്കാര്‍ 100 കോടി നേടിയതായി റിപ്പോര്‍ട്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റായ എ2 സ്റ്റുഡിയോ ആണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.
വിജയ് യുടെ ആറാമത്തെ 100 കോടി ക്ലബ്ബിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും വേഗത്തില്‍ 100 കോടി സ്വന്തമാക്കുന്ന തമിഴ് ചിത്രമെന്ന പ്രത്യേകതയും സര്‍ക്കാറിനുണ്ട്.
പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന സര്‍ക്കാര്‍, സംവിധാനം ചെയ്തത് എ.ആര്‍ മുരകദോസ് ആണ്. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍, യോഗി ബാബു, രാധ രവി എന്നിവരാണ് മറ്റു താരങ്ങള്‍.
അതേസമയം ചിത്രത്തിനെതിരെ വിവാദവും മറുഭാഗത്തുണ്ട്. അക്രമം പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് ചിത്രത്തിനെതിരായ പ്രധാന ആരോപണം.
ചിത്രത്തിലെ വിവാദരംഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് വാര്‍ത്താ വിനിമയ മന്ത്രി കടമ്പൂര്‍ സി രാജു രംഗത്തു വന്നിരുന്നു.
സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം എ.ആര്‍ റഹ്മാനും മലയാളിയായ ഗിരീഷ്ഗംഗാധരന്‍ ചായാഗ്രാഹണവും നിര്‍വഹിക്കുന്നു. ഇഫാര്‍ ഇന്റര്‍നാഷണല്‍ ആണ് ഈ ചിത്രം കേരളത്തില്‍ എത്തിച്ചിരിക്കുന്നത്.