കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തില്‍ പ്രതികരിച്ച് സംഗീത സംവിധായകന് ശരത്ത്. സംഭവത്തില്‍ പ്രിന്‍സിപ്പളിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ശരത്ത് പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുന്നത്.
ശരത്തിന്റെ വാക്കുകള്‍ ഇങ്ങനെ .. എന്റെ പ്രിയപ്പെട്ട സഹോദര തുല്യനായ ജാസിക്ക് ഈ കഴിഞ്ഞ ദിവസം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ വെച്ച് ഉണ്ടായ ഒരു ദുരനുഭവം കലയെയും കലാകാരന്മാരെയും അപമാനിക്കുന്ന തരത്തില്‍ ഉള്ളതാണ്.
ഒരു കോളേജ് പ്രിന്‍സിപ്പാലിന്റെ ഭാഗത്തു നിന്ന് എന്തിന്റെ പേരില്‍ ആണെങ്കിലും ഇങ്ങനെ ഒരു ദുരനുഭവം ഒരു കലാകാരന് എന്ന നിലയില്‍ എനിക്ക് വളരെ വേദനാജനകമായി തോന്നി. എനിക്ക് അറിയാവുന്ന ജാസി വളരെ നിഷ്കളങ്കനും സാധുവുമായ ഒരു അതുല്യ പ്രതിഭയാണ്.
അദ്ദേഹത്തിന് ഉണ്ടായ ഈ അപമാനം മുഴുവന്‍ കലാകാരന്മാരെയും കലാ ആസ്വാദകരെയും വേദനിപ്പിക്കുന്ന തരത്തില്‍ ഉള്ളതാണ്. കോളേജ് അധികൃതരില്‍ നിന്നുണ്ടായ ഈ വീഴ്ച ഇനി ഒരിക്കലും ഒരു കലാകാരനും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ജാസിക്ക് ഒപ്പം ശരത് കുറിച്ചു.