സിനമാ സീരിയൽ രംഗത്ത് തിളങ്ങി മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ശരണ്യാ ആനന്ദ്.
മികച്ച ഫാഷൻ ഡിസൈനറും കൊറിയഗ്രാഫറും മോഡലും കൂടിയായ ശരണ്യ ആനന്ദിന്റെ സ്വദേശം അടൂർ ആണെങ്കിലും ജനിച്ചതും പത്താം ക്ലാസുവരെ പഠിച്ചതും ഗുജറാത്തിലായിരുന്നു.
പത്താം ക്ളാസിൽ പഠിക്കുമ്പോൾ മഹീന്ദ്ര സ്‌കോർപ്പിയയുടെ പരസ്യത്തിൽ മിസ്സ് സൂറത്തിനൊപ്പം അഭിനയിച്ചുകൊണ്ടാണ് ശരണ്യ മോഡലിംഗ് രംഗത്തെത്തിയത്. തുടർന്ന് നിരവധി പരസ്യചിത്രങ്ങൾക്ക് മോഡലായി. മാധുരി ദീക്ഷിത്ത് അടക്കമുള്ള താരങ്ങളോടൊപ്പം സ്റ്റേജ് ഷോ ചെയ്തിട്ടുണ്ട്.
സിനിമയിലേക്കുള്ള അരങ്ങേറ്റം തമിഴിലായിരുന്നു. എന്നാൽ അവസരങ്ങൾ നിറയെ വന്നത് മലയാളത്തിലും. കൊറിയോഗ്രാഫർ ആയിട്ടാണ് മലയാളത്തിൽ എത്തുന്നത്. ആമേൻ അടക്കം നാല് ചിത്രങ്ങളിൽ അസിസ്റ്റന്റ് കൊറിയോഗ്രാഫർ ആയി പ്രവർത്തിച്ചു.
താരരാജാവ് മോഹൻലാൽ നായകനായി അഭിനയിച്ച 1971 ബിയോണ്ട് ബോർഡേഴ്‌സ്, അച്ചായൻസ്, ചങ്ക്സ്, കപ്പുചീനോ, ആകാശഗംഗ 2 തുടങ്ങിയ ചിത്രങ്ങളിൽ ഇതിനോടകം അഭിനയിച്ച ശരണ്യ സീരിയൽ രംഗത്തും സജീവമാണ്.
അതേ സമയം തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ മീര വസുദേവ് പ്രധാന വേഷത്തിലെത്തുന്ന ഏഷ്യാനെറ്റിലെ കുടുംബവിളക്ക് സീരിയലിലെ വില്ലത്തിയായിട്ടാണ് ഇപ്പോൾ ശരണ്യ എത്തുന്നത്. അപ്രതീക്ഷിത സംഭവവികാസങ്ങളുമായി മുന്നേറുകയാണ് സീരിയൽ ഇപ്പോൾ.
അതേ സമയം കേരളകൗമുദിക്ക് നൽകിയ ഒരു അഭിമുഖത്തിനിടെ കുടുംബവിളക്കിലെ തന്റെ അനുഭവത്തെക്കുറിച്ചും സീരിയലിന്റെ സ്വീകാര്യതയെക്കുറിച്ചുമൊക്കെ പറഞ്ഞ് ശരണ്യ ആനന്ദ് എത്തിയിരുന്നു. കൃത്രിമമല്ലാത്ത കഥയായതിനാലാവാം സീരിയലിന് ഇത്രയധികം സ്വീകാര്യ ലഭിക്കുന്നതെന്നും തന്റെ അച്ഛനും അമ്മയും സ്ഥിരമായി ഈ പരമ്പരര കാണുന്നവരാണെന്നുമാണ് ശരണ്യ പറയുന്നത്.
വില്ലത്തി വേദികയുടെ വേഷമവതരിപ്പിക്കുന്നത് അച്ഛന്റെ മോളാണ് എന്ന് അറിയാമെങ്കിലും വിമർശിക്കാറുണ്ട്. നീ ചെയ്യുന്നത് ശരിയല്ല, ഈ സ്വഭാവം മാറ്റൂയെന്നൊക്കെയാണ് പറയാറുള്ളത്. കുറച്ചുകൂടി പാവമായ വേദികയെ കാണിക്കണം, തിരക്കഥ മാറ്റിയെഴുതാൻ പറയൂയെന്നും ഇടയ്ക്ക് പറയാറുണ്ട്. അങ്ങനെ മാറ്റിയെഴുതിയാൽ ശരിയാവില്ലെന്ന് പറഞ്ഞാണ് അച്ഛനെ സമാധാനിപ്പിക്കാറുള്ളതെന്നും താരം പറയുന്നത്.
വേദികയുെട കാഴ്ചപ്പാടിൽ ചിന്തിക്കുമ്പോൾ അവൾ ശരിയാണെന്ന് പറയുന്നവരുമുണ്ട്. പുതിയ തലമുറയിലെ കുട്ടികളിൽ നിന്നും അത്തരത്തിലുള്ള അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. അവരും സീരിയൽ കാണുന്നുണ്ടെന്ന് അറിയുന്നത് അത്ഭുതമായാണ് തോന്നുന്നത്.
രണ്ട് മാസം മുൻപ് തന്നെ തിരക്കഥ ലഭിച്ചിരുന്നു. സിനിമയിലെ അത്രയധികം സൗകര്യങ്ങൾ സീരിയലിൽ കിട്ടില്ല. അധികം സമ്മർദ്ദമില്ലാതെ ചങ്ങല പോലെയാണ് സീരിയലിലെ ജോലി പോവുന്നത്. ചിത്രീകരണത്തിനിടയിൽ നിരവധി ടാസ്‌ക്കുകളുണ്ട്. സിനിമയായാലും സീരിയലായാലും വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണ് താനെന്നും ശരണ്യ വ്യക്തമാക്കിയിട്ടുണ്ട്
അതേ സമയം കഴിഞ്ഞ ദിവസം ഗുരുവായൂരിൽ വെച്ച് ശരണ്യയുടെ വിവാഹം കഴിഞ്ഞിരുന്നു. മനേഷ് ആണ് ശരണ്യയെ താലിചാർത്തിയത്. വിവാഹാലോചനയെ കുറിച്ചും ശരണ്യ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കുടുംബവിളക്ക് രണ്ടാം ഷെഡ്യൂളിൽ ആയിരിക്കുമ്പാ ഴായിരുന്നു പെണ്ണുകാണൽ നടന്നത്. നേരത്തെ മുതലേ അച്ഛൻ എനിക്ക് വിവാഹം ആലോചിക്കുന്നുണ്ടായിരുന്നു.
അച്ഛന്റെ സുഹൃത്തായിരുന്നു ആലോചന കൊണ്ടുവന്നത്. സീരിയൽ മൂന്നാമത്തെ ഷെഡ്യൂളിലെത്തിയപ്പോഴേക്കും വിവാഹം ഉറപ്പിക്കുകയായിരുന്നു. മനേഷ് ചാലക്കുടി സ്വദേശിയാണ്. ബിസിനസ് കുടുംബത്തിലെ അംഗമാണ് അദ്ദേഹം. മികച്ച പിന്തുണയാണ് ഭർത്താവിൽ നിന്നും തനിക്ക് ലഭിക്കുന്നതെന്നും ശരണ്യ പറയുന്നു. കരിയറിനും വ്യക്തി ജീവിതത്തിനും തുല്യപ്രാധാന്യം നൽകുന്നയാളാണ് താനെന്ന് ശരണ്യ പറയുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനായാണ് കാത്തിരിക്കുന്നത്.
ജോലിയെ ബാധിക്കാത്ത തരത്തിലാണ് വ്യക്തിജീവിതത്തിലെ കാര്യങ്ങൾ കൊണ്ടു പോവുന്നത്. വിവാഹത്തിരക്കിലും കരിയർ അതേ പോലെ കൊണ്ടുപോയിരുന്നു. വിനയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ താൻ അഭിനയിക്കുന്നുണ്ടെന്നും ശരണ്യ പറയുന്നു.