പ്രേക്ഷകർക്ക് പ്രിയപ്പെട്ട മലയാള പരമ്പരകളിൽ മുൻനിരയിൽ നിൽക്കുന്നതാണ് കൂട്ടുക്കുടുംബത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും പറയുന്ന സാന്ത്വനം. ബാലനും ദേവിയും അപ്പുവും ഹരിയും അജ്ഞലിയും ശിവനും പ്രേക്ഷക മനസിൽ കുടിയിരിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളാണ്. ശിവാഞ്ജലിയ്ക്കിടയിലുള്ള കെമിസ്ട്രിയാണ് സീരിയലിന്റെ വിജയവും. ശിവാഞ്ജലി മുഹൂർത്തം കാത്തിരിക്കുന്ന പ്രേക്ഷകരാണ് അധികവും.
യുവാക്കൾ പോലും പരമ്പരയെ ഏറെ സ്വാധീനിച്ചുവെന്നതാണ് സത്യം. കഴിഞ്ഞ ആഴ്ചയിൽ ശിവാഞ്ജലി മുഹൂർത്തങ്ങൾ ഒരുപാട് സമ്മാനിച്ച പരമ്പര ഈ ആഴ്ച പ്രേക്ഷകർക്ക് സമ്മാനിച്ചത് വേദനിപ്പിക്കുന്ന നിമിഷങ്ങളാണ്. ശിവാഞ്ജലി ചെറിയൊരു പിണക്കത്തിലാണ്. കാരണമാകുന്നതാകട്ടെ, ശിവന്റെ വിദ്യാഭ്യാസവും.
ബാങ്കിലേക്ക് പണം അടയ്ക്കാൻ പോകാൻ ശിവന് കഴിയില്ല എന്ന കണ്ണന്റെ പരിഹാസവും അപ്പു ഹരിയെ പുകഴ്ത്തുന്നതും അഞ്ജുവിനെ വല്ലാതെ വേദനിപ്പിച്ചതാണ് ശിവാഞ്ജലിമാർക്കിടയിൽ സ്വരചേർച്ചകൾ രൂപപ്പെട്ടതിന് കാരണം. ചുമട് എടുക്കുകയും സാധനം എടുത്തു കൊടുക്കുകയും മാത്രം ചെയ്യാതെ ബാങ്കിലേക്ക് പോകണം എന്ന് ശിവനോട് അഞ്ജലി ഉപദേശിക്കുന്നുമുണ്ട്.
പക്ഷേ ഉപദേശം ഇഷ്ടപ്പെടാതെ ശിവൻ അഞ്ജലിയോട് ദേഷ്യപ്പെടുന്ന രംഗമാണ് ആരാധകർക്ക് നിരാശ സമ്മാനിച്ചത്. ശിവന്റെ വാക്കുകളിൽ അഞ്ജലിയുടെ കണ്ണുകൾ നിറയുന്നുമുണ്ട്. അടുത്ത ദിവസങ്ങളിൽ ശിവനും അഞ്ചുവും പിണക്കത്തിലായിരിക്കും എന്നതിന്റെ സൂചനകൾ ആണ് ഇത്. എന്തുതന്നെയായാലും ശിവനെ ഇനിയും പഠിപ്പിക്കും എന്ന ഉറച്ച തീരുമാനത്തിലാണ് അഞ്ജലി.
അടുത്ത അഞ്ച് ദിവസത്തേയ്ക്കുള്ള വീക്കന്റ് പ്രൊമോയിൽ നിറഞ്ഞ് നിൽക്കുന്നതും ശിവാഞ്ജലി തന്നെയാണ്. ഇരുവരുടെയും പിണക്കവും വാശിയുമാണ് പ്രൊമോയിൽ മുഴുനീളം കാണാൻ സാധിക്കുന്നത്. ശിവൻ അഞ്ജലിക്കായി ചായ പറയുമ്പോൾ തനിക്ക് നാരങ്ങാ വെള്ളം മതിയെന്ന് അഞ്ജലി വാശി പിടിക്കുന്നതും പ്രൊമോയിൽ കാണാം. ഏതായാലും ശിവാഞ്ജലി പിണക്കം അധികം വൈകാതെ മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
കണ്ണന്റെ ചില മോണോ ആക്ടുകൾ കഴിഞ്ഞ എപ്പിസോഡിൽ ശ്രദ്ധ നേടിയിരുന്നു. കുടുംബാംഗങ്ങളെ എല്ലാം വിളിച്ച് കൂട്ടി കലിപ്പനായ ഭർത്താവും കാന്താരിയായ ഭാര്യയും തമ്മിലുള്ള ചില രംഗങ്ങളാണ് കണ്ണൻ അവതരിപ്പിച്ചത്. പത്താംക്ലാസുകാരനായ കലിപ്പനും ഡിഗ്രിക്കാരിയായ കാന്താരിയും എന്ന് കണ്ണൻ പറയുമ്പോഴേ ദേവിയ്ക്ക് കാര്യം പിടികിട്ടി.
വല്ലാണ്ട് ചിരി വന്നെങ്കിലും അതൊളിപ്പിച്ചിരിക്കുകയാണ് ദേവി. ഒന്നും ചെയ്യാൻ പറ്റാതെ ഇരുന്നത് അഞ്ചുവിനാണ്. അവതരിപ്പിക്കാൻ പോകുന്ന വിഷയത്തെക്കുറിച്ച് പറഞ്ഞപ്പോഴേ അഞ്ചുവിനും കാര്യം മനസ്സിലായി. കണ്ണൻ കളിയാക്കാൻ പോകുന്നത് തന്നെയാണെന്ന് മനസ്സിലായെങ്കിലും ഒന്നും ചെയ്യാൻ കഴിയാതെ ഇരുന്ന് കാണുകയേ നിവർത്തിയുള്ളൂ. ഈ രംഗം കണ്ണിന് കുളിർമയുള്ള കാഴ്ച കൂടിയായിരുന്നു.