ദൃശ്യം 2, ലിയോ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശാന്തി മായാദേവി. നടി മാത്രമല്ല തിരക്കഥാകൃത്തുകൂടിയാണ് ശാന്തി മായാദേവി. മിക്ക സിനിമകളിലും വക്കീലിന്റെ വേഷത്തിലാണ് ശാന്തി എത്തിയത്.
അതുകൊണ്ട് തന്നെ സൂപ്പർതാരങ്ങളുടെ വക്കീൽ എന്നൊരു വിളിപ്പേര് ശാന്തിക്കുണ്ട്. ദൃശ്യം 2ലൂടെയായിരുന്നു ശാന്തി ആദ്യമായി വക്കീൽ വേഷം ചെയ്തത്. ഇതിന ്പിന്നാലെ വിജയിയുടെ ലിയോയിലും വക്കീൽ വേഷം അവതരിപ്പിക്കാൻ ശാന്തിക്ക് കഴിഞ്ഞു.
നേര് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളുകൂടിയാണ് ശാന്തി. കോർട്ട് റൂം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. റിലീസ് ദിനത്തിൽ തന്നെ ആഗോളതലത്തിൽ 3 കോടി ചിത്രം നേടിയിരുന്നു. ഒരു ഇമോഷണൽ ഡ്രാമയായാണ് ചിത്രത്തെ ജീത്തു ഒരുക്കിയിരിക്കുന്നത്.
സിനിമയുടെ തിരക്കഥാകൃത്തുകളിൽ ഒരാളും നടിയുമായ ശാന്തി മായാദേവി ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ്. ശാന്തി മായാദേവി ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്.
മോഹൻലാൽ എന്ന നടൻ ശരീരഭാഷ കൊണ്ടും സംഭാഷണങ്ങൾ അവതരിപ്പിക്കുന്ന രീതിക്കൊണ്ടും സിനിമയിലുടനീളം അത്ഭുതപെടുത്തിയെന്നാണ് ശാന്തിയുടെ വാക്കുകൾ. മോഹൻലാൽ അത്രയും റിയലിസ്റ്റിക് ആയിട്ടാണ് പെർഫോം ചെയ്തതെന്ന് മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിൽ ശാന്തി തുറന്നുപറയുന്നു.
ചിത്രത്തിൽ ലാലേട്ടൻ ഉൾപ്പെടെ ഒട്ടേറെ സീനിയർ താരങ്ങൾ ഉണ്ട്. ചിത്രത്തിൽ ഒരാളുടെ ഷോട്ട് കഴിഞ്ഞാൽ അടുത്തയാളുടെ പെർഫോമൻസ് കാണാനായി ലാലേട്ടൻ ഉൾപ്പെടെയുള്ളവർ ക്യാരവനിലേക്ക് പോകാതെ അവിടെത്തന്നെ ഇരിക്കും. പല സീനുകൾ കഴിയുമ്പോഴും ലാലേട്ടൻ ചിരിച്ചുകൊണ്ട് ചോദിക്കും ‘ഞാൻ ഒരു വക്കീലായാൽ മതിയായിരുന്നല്ലേ അത്രയും റിയലിസ്റ്റിക് ആയിട്ടാണ് ചിത്രത്തിലൂടെ അദ്ദേഹം പെർഫോം ചെയ്തിരിക്കുന്നത്’- എന്നും ശാന്തി പറയുകയാണ്.
നേര് സിനിമ തിരക്കഥ എഴുതാനുള്ള സാഹചര്യത്തെക്കുറിച്ചും ശാന്തി മായാദേവി പറയുന്നുണ്ട്. ദൃശ്യത്തിന് ശേഷം താനും ജീത്തു ജോസഫും ഫാമിലി ഫ്രണ്ട്സ് ആയെന്നും പിന്നീടുള്ള ഒരു യാത്രയിലാണ് തന്നോട് നേരിന്റെ കഥ പറഞ്ഞതെന്നും ശാന്തി പറയുന്നു.