ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് സംയുക്ത മേനോൻ. പോപ്പ്കോൺ എന്ന ചിത്രത്തിലൂടെ ആയിരുന്നു സംയുക്തയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് തീവണ്ടി, ലില്ലി, യമണ്ടൻ പ്രേമകഥ തുടങ്ങി നിരവധി സിനിമകളിലൂടെ താരം പ്രേക്ഷകരുടെ കൈയ്യടി നേടി.
ഇതിനിടെ തമിഴിലും അരങ്ങേറിയ സംയുക്ത മേനോൻ അവിടേയും മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറി. ധനുഷിനൊപ്പമായിരുന്നു തമിഴിലെ അരങ്ങേറ്റം. തെലുങ്ക് സിനിമയിലും സജീവ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണ് സംയക്ത ഇപ്പോൾ.
സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് നടി. താരത്തിന്റെ മേക്കോവർ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ബൂമറാംഗ് ആണ് സംയുക്ത അവസാനമായി അഭിനയിച്ച മലയാള ചിത്രം. ഈ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി താരം രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. താൻ ബിഗ് ബജറ്റ് സിനിമകളുടെ പ്രമോഷൻ മാത്രമെ ചെയ്യൂ എന്ന് പറഞ്ഞിട്ടില്ലെന്നും ഡേറ്റ് ക്ലാഷ് വന്നതോടെയാണ് കമ്മിറ്റ് ചെയ്ത തെലുങ്ക് ചിത്രത്തിനായി പോയതെന്നും സംയുക്ത വ്യക്തമാക്കിയിരിക്കുകയാണ്.
35 കോടി സിനിമയാണ് ചെയ്യുന്നതെന്നും തനിക്ക് തന്റേതായ കരിയർ ഉണ്ടെന്നും അത് തനിക്ക് നോക്കണമെന്നും സംയുക്ത പറഞ്ഞതായി നിർമ്മാതാവ് ആരോപിച്ചിരുന്നു. എന്നാൽ പ്രമോഷൻ വിവരങ്ങൾ തന്നെ അറിയിച്ചിരുന്നില്ലെന്നും പറഞ്ഞ സമയത്ത് തീരാത്ത സിനിമയായിരുന്നു ബാമറാംഗ് എന്നും എന്നിട്ടും താൻ പൂർത്തിയാക്കിയിരുന്നെന്നുമാണ് താരത്തിന്റെ പ്രതികരണം.
അതേസമയം, ബൂമറാംഗിലെ സഹതാരമായിരുന്ന നടൻ ഷൈൻ ടോം ചാക്കോയും സംയുക്തയ്ക്ക് എതിരെ പരമാർശം നടത്തിയിരുന്നു. ‘ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയത് കൊണ്ടൊന്നും ശരിയാകില്ല. എന്ത് മേനോൻ ആയാലും, നായരായാലും, ക്രിസ്ത്യാനി ആയാലും മുസ്ലീം ആയാലും ചെയ്ത ജോലി പൂർത്തിയാക്കാതെ എന്ത് കാര്യം. മനുഷ്യനെ തിരിച്ചറിയണം. പേരൊക്കെ ഭൂമിയിൽ വന്നശേഷം കിട്ടുന്നതല്ലെ. ചെറിയ സിനിമകൾക്കൊന്നും അവർ വരില്ല. സഹകരിച്ചവർക്ക് മാത്രമേ നിലനിൽപ്പുള്ളൂ. കമ്മിറ്റ്‌മെൻറ് ഇല്ലയ്മയല്ല, ചെയ്ത ജോലി മോശമായി പോയി എന്ന ചിന്ത കൊണ്ടാകും വരാത്തത്’ -എന്നായിരുന്നു അന്ന് സംയുക്തയെ വിമർശിച്ച് ഷൈൻ ടോം അന്ന് പറഞ്ഞത്.
ഈ വിഷയത്തിൽ പ്രതികരണം എന്താണെന്ന ചോദ്യത്തിന് സംയുക്ത മറുപടി നൽകിയതിങ്ങനെ: ‘ഷൈൻ ടോം പറഞ്ഞ കാര്യങ്ങളിൽ സങ്കടം തോന്നിയ കാര്യം ഞാൻ വളരെ പ്രൊഗ്രസീവായി എടുത്ത ഒരു തീരുമാനമാണ് എന്റെ പേരിന്റെ കൂടെ ജാതിവാൽ വേണ്ട എന്നുള്ളത്. ഒരു സ്ഥലത്തങ്ങനെ പറഞ്ഞെന്നു കരുതി മാറുന്ന കാര്യമല്ല ഇത്. മറ്റൊരു സ്ഥലത്ത് പോകുന്ന സമയത്ത് എന്നെ ഈ ജാതിവാൽ ചേർത്ത് തന്നെയാണ് വിളിക്കുന്നത്. ഇതുണ്ടായ സാഹചര്യം ഞാൻ ഒരു സിനിമയുടെ ഭാഗമായി ചെന്നൈയിൽ പോയപ്പോഴായിരുന്നു’.
‘അവിടെയും പഴയതു പോലെ എന്ന് ജാതിവാൽ ചേർത്ത് വിളിക്കാൻ തുടങ്ങിയപ്പോൾ അതെനിക്ക് അരോചകമായാണ് തോന്നിയത് മൂലമാണ്. എന്നോട് പലരും ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണമെന്ന്. ഞാൻ പറയുന്ന കാര്യം ചിലപ്പോൾ ഇവിടെയൊരു പുതുമയായിരിക്കാം. പക്ഷെ ഇത്തരം തീരുമാനങ്ങളെടുത്തിട്ടുള്ള എത്രയോപേർ ഈ സമൂഹത്തിലുണ്ട്. കേരളം പലരീതിയിലും മുന്നോട്ട് ചിന്തിക്കുന്ന ഒരിടമാണ്. ‘- എന്നാണ് സംയുക്ത പ്രതികരിച്ചത്.
താൻ അക്കാര്യം കൊണ്ടാണ് താൻ അതുമാറ്റിയത്. അതിനെ ചോദ്യം ചെയ്യപ്പെടുക എന്നു പറയുന്നത് തനിക്ക് സങ്കടമുണ്ടാക്കിയ ഒരു കാര്യമാണ്. കാരണം അന്ന് ചെന്നൈയിൽ സംസാരിച്ച വിഷയം മറ്റൊന്നായിരുന്നു. എന്നാൽ അതിനെ കുറിച്ച് ഷൈൻ സംസാരിക്കുന്നതിനിടയിൽ താനെടുത്ത തീരുമാനവുമായി കൂട്ടിയിണക്കി പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ വളരെ സങ്കടം തോന്നിയെന്നാണ് സംയുക്തയുടെ പ്രതികരണം.