മലയാളി പ്രേക്ഷകരുടെ ഹൃദയം ചുരുങ്ങിയ കാലംകൊണ്ട് കൈയ്യടക്കിയ അഭിനേത്രിയാണ് നടി സംയുക്ത. പാലക്കാട് സ്വദേശിനിയായ താരം എൻട്രൻസ് പരീക്ഷയ്ക്ക് തയാറെടുക്കുമ്പോഴാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.
തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചില ഫോട്ടോകൾ കണ്ട് ഒരു ഫോട്ടോഗ്രാഫർ സംയുക്തയെ കവർഗേളായി ക്ഷണിക്കുകയായിരുന്നു. ആ ഫോട്ടോഷൂട്ടിലൂടെ പോപ്കോൺ എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപെട്ടു. ഈ ചിത്രത്തിൽ ഒരു ചെറിയ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. എന്നാൽ ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
പിന്നീട് തീവണ്ടി, ലില്ലി, ഉയരെ, ഒരു യമണ്ടൻ പ്രേമകഥ, എടക്കാട് ബെറ്റാലിയൻ, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം തമിഴകത്തും ശ്രദ്ധേയ സാന്നിധ്യമായി മാറിക്കഴിഞ്ഞു. ധനുഷിനൊപ്പം അഭിനയിച്ച വാത്തി എന്ന ചിത്രം വൻഹിറ്റായിരുന്നു.
ഇപ്പോൾ തെലുങ്ക് സിനിമാ ലോകത്താണ് സംയുക്ത. വിരുപാക്ഷ എന്ന ചിത്രത്തിലാണ് താരം തെുങ്കിൽ അവസാനമായി അഭിനയിച്ചത്. വിരൂപാക്ഷയും മികച്ച അഭിപ്രായങ്ങളാണ് നേടിയിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രസ് മീറ്റിനിടയിൽ തെലുങ്ക് മാധ്യമ പ്രവർത്തകന് സംയുക്ത കൊടുത്ത മറുപടി ശ്രദ്ധ നേടുകയാണ്. സ്വർണ കാലുള്ള നടിയായപ്പോൾ എന്തു തോന്നിയെന്നായിരുന്നു ആ ചോദ്യം.
പൊതുവെ വിജയ ശതമാനം നോക്കിയാണ് തെലുങ്ക് സിനിമയിൽ നായികമാരെ തെരഞ്ഞെടുക്കുന്നത്. തുടർച്ചയായി വിജയങ്ങൾ നേടുന്ന നടിമാർക്ക് ‘സ്വർണ കാലുള്ളവർ’ (heroine with golden leg) എന്ന ടാഗ് ലഭിക്കാറുണ്ട്. അതുപോലെ പരാജയങ്ങൾ സംഭവിക്കുന്ന നടിമാർക്ക് ഇരുമ്പ് കാലുള്ളവർ എന്ന ടാഗിലാണ് വിശേഷിപ്പിക്കാറുള്ളത്.
ഇത്തരത്തിൽ സ്വർണ കാൽ ടാഗിനോട് എന്ത് തോന്നുന്നു എന്നായിരുന്നു റിപ്പോർട്ടറുടെ ചോദ്യം.ഇത് വളരെ മോശം പ്രവണതയാണെന്നായിരുന്നു സംയുക്ത തിരിച്ചടിച്ചത്.
ഒരു സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഉത്തരവാദിത്തമുണ്ടാവുമെന്നാണ് സംയുക്ത പറയുന്നത്. വിജയങ്ങളുണ്ടാകുന്നത് ഭാഗ്യം കൊണ്ടാണെന്ന് പറയുന്നത് പോലെയാണ് തനിക്ക് തോന്നുന്നത്. നല്ല സ്‌ക്രിപ്റ്റുകൾ തെരഞ്ഞെടുക്കുന്നതിലൂടെയും നല്ല പെർഫോമൻസ് കാഴ്ച വെക്കുന്നതിലൂടെയും സ്ത്രീകൾ വലിയ പരിശ്രമം നടത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജയങ്ങളുണ്ടാകുന്നതെന്നും സംയുക്ത പറഞ്ഞു.
ഇപ്പോളും ചോദിക്കുന്ന ഈ സ്വർണ കാലും ഇരുമ്പുകാലുമൊക്കെ പഴകിയ സങ്കൽപ്പങ്ങളാണ്. ഒരു നടിയെ ഭാഗ്യത്തിന്റെ അടിസ്ഥാനത്തിലാവരുത് തെരഞ്ഞെടുക്കുന്നത്. ഒരു കഥാപാത്രത്തിന് അനുയോജ്യയാണോ എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം കാസ്റ്റ് ചെയ്യേണ്ടതെന്നും താരം അഭിപ്രായപ്പെട്ടു.
താരത്തിന്റെ ഈ വാക്കുകൾ സോഷ്യൽമീഡിയയിൽ വലിയ രീതിയിലാണ് ചർച്ചയായിരിക്കുന്നത്. താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
സായ് ധരം തേജ് നായകനായ വിരൂപാക്ഷ റിലീസ് ഏപ്രിൽ 21ന് ആണ് റിലീസ് ചെയ്തത്. കാർത്തിക് വർമ ദണ്ഡു ആണ് ചിത്രം സംവിധാനം ചെയ്തത്.