അഭിനയത്തിന് പുത്തൻ സമവാക്യം രചിച്ച സർക്കാർ ഉദ്യോഗസ്ഥൻ. തന്റെ ശരീരഭാഷക്കൊണ്ടും, ശബ്ദം കൊണ്ടും ആ മനുഷ്യൻ മലയാളികളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി. പതിയെ പതിയെ തെന്നിന്ത്യൻ സിനിമകളിലേക്കും അദ്ദേഹത്തിന്റെ അഭിനയപാടവം കടന്നു ചെന്നു. പറഞ്ഞ് വരുന്നത് മലയാളത്തിന്റെ സ്വന്തം മുരളീധരൻപിള്ള എന്നറിയപ്പെടുന്ന സാക്ഷാൽ മുരളിയെകുറിച്ചാണ്.
ഞാറ്റടി എന്ന സിനിമയിലൂടെ മലയാള സിനിമയിൽ സജീവമായ മുരളി നെയ്ത്തുകാരൻ എന്ന സിനിമയിലെ അഭിനയത്തിന് 2001-ൽ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി. ഇപ്പോഴിതാ മുരളിയെ കുറിച്ച് സാക്ഷാൽ സലീം കുമാർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അച്ഛനുറ്ങ്ങാത്ത വീടെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്ത് ലാൽ ജോസ് തനിക്ക് ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളിൽ ഒന്നായിരുന്നു മുരളി ചേട്ടനെ പരിപാലിക്കുക എന്നാണ് സലീം കുമാർ പറയുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; പകൽസമയത്ത് മുരളിച്ചേട്ടനെ മദ്യപിക്കാൻ അനുവദിക്കരുത് എന്നാണ് ലാൽ എന്നോട് പറഞ്ഞിരുന്നത്. ആ പണി അത്ര ഈസിയായിരുന്നില്ല. ആദ്യത്തെ രണ്ട് ദിവസം ഞാൻ അദ്ദേഹത്തോട് തോൽവി സമ്മതിച്ചു. പുറത്ത് പരുക്കൻ സ്വഭാവം ആണെങ്കിലും സ്‌നേഹം കൊണ്ട് നമ്മൾ തൊട്ടാൽ പൊട്ടിപ്പോവുന്ന നീർക്കുമിളയായിരുന്നു അദ്ദേഹം. ആ തിരിച്ചറിവ് ഞാൻ അധികാരമായി ഉപയോഗിച്ചു. അതിന് ശേഷം പകൽ സമയത്ത് ഷൂട്ട് നടക്കുമ്പോൾ അദ്ദേഹം മദ്യപിച്ചിരുന്നില്ല.
ഷൂട്ടിങ്ങിനിടയിൽ ക്ലൈമാക്‌സിന്റെ സമയത്ത് ഞങ്ങൾ ഇരുവരും ഒരുമിച്ച് മദ്യപിച്ചിരുന്നു. കാരണം അന്ന് ആ സീനിൽ ഞങ്ങൾക്ക് ഡയലോഗ് ഉണ്ടായിരുന്നില്ല. ഷൂട്ട് അവസാനിച്ച് പോകുന്ന അന്ന് മുരളിച്ചേട്ടന് കൊടുക്കാനുള്ള പണവുമായി ലാൽ ജോസ് വന്നു. അത് സന്തോഷത്തോടെ വാങ്ങിയിട്ട് ലാലുവിന് തന്നെ അദ്ദേഹം അത് തിരിച്ച് നല്കി. ഈ പണം നിന്റെ സിനിമയുടെ പരസ്യത്തിനായി ഉപയോഗിക്കണം എന്നാണ് അന്ന് മുരളിച്ചേട്ടൻ പറഞ്ഞത്.
അന്ന് അദ്ദേഹം കാറിൽ കയറി പോകുന്ന ദൃശ്യം ഇന്നും എന്റെ മനസ്സിലുണ്ട്. കരളലിവുള്ളവനേ കലാകാരനാവാൻ പറ്റൂ. അതുകൊണ്ടാണോ എന്നറിയില്ല കലാകാരന്മാരിൽ ഭൂരിഭാഗവും കരൾ രോഗബാധിതരായിട്ടാണു മരണപ്പെട്ടിരുന്നത്. ആയുസ്സിന്റെ നീളത്തെക്കാൾ സത്യസന്ധമായ കർമമാണു ധന്യതയെങ്കിൽ മുരളിച്ചേട്ടൻ ആയിരിക്കും മറ്റാരെക്കാളും ധന്യൻ.