മിമിക്രിയിലൂടെ മിനിസ്‌ക്രീനിലെത്തി അവിടെ നിന്നും സിനിമയിലെത്തി മലയാളികളെ ഞെട്ടിച്ച നടനാണ് സലീം കുമാർ. കലാഭവനിൽ നിന്നും ടെലിവിഷൻ ചാനലുകളിലെ കോമഡി സ്‌കിറ്റുകളിൽ പൊട്ടിച്ചിരി പരത്തിയാണ് സലിം കുമാർ സിനിമയിലേക്ക് എത്തുന്നത്.
ആദ്യമൊക്കെ ചെറിയ കോമഡി വേഷങ്ങളിൽ ഒതുങ്ങിനിന്ന സലീം കുമാർ പിന്നീട് നായകനായി ഒടുവിൽ മികച്ച പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ നേടിയെടുത്തു. ഇപ്പോളും നായകനായും സഹനനായും തമാശക്കാരനായും ഒക്കെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് സലീം കുമാർ. സലീം കുമാറിന്റെ തുടക്ക കാലത്തെ സിനിമകളെല്ലാം കോമഡിക്ക് പ്രാധാന്യം നൽകിയുള്ളതായിരുന്നു.
അദ്ദേഹം സ്‌ക്രീനിലേക്ക് വരുമ്പോഴെ ചിരിക്കാനുള്ള വക പ്രതീക്ഷിച്ചാണ് കാണികൾ ഇരിക്കുക. കാത്തിരിപ്പ് വെറുതേ ആക്കാതെ മനോഹരമായി കൗണ്ടറുകൾ വിതറി ആസ്വദകരെ നിറയെ ചിരിപ്പിക്കുകയും ചെയ്യും സലീം കുമാർ. കോമഡി ചെയ്ത് വിജയിക്കുന്നവർക്ക് സീരിയസ് വേഷങ്ങൾ എളുപ്പത്തിൽ വഴങ്ങും എന്നൊരു ചൊല്ല് സലീം കുമാറിന്റെ കാര്യത്തിൽ നൂറ് ശതമാനം വിജയമായിരുന്നു.
2004ൽ കമലിന്റെ സംവിധാനത്തിലൊരുങ്ങിയ പെരുമഴക്കാലം എന്ന ചിത്രത്തിലായിരുന്നു സലീം കുമാറിലെ നടന്റെ മറ്റൊരു മുഖം പ്രേക്ഷകർ കണ്ടത്. പിന്നീട് അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകൻ അബു തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമാശയ്ക്കപ്പുറം സീരിയസ് കഥാപാത്രങ്ങളെ മനോഹരമാക്കാൻ കഴിവുള്ള വ്യക്തിയാണെന്ന് സമൂഹവും സിനിമാപ്രവർത്തകരും തിരിച്ചറിഞ്ഞു. താരം കോമഡി മാത്രമല്ല സീരിയസ് വേഷങ്ങളിലും തിളങ്ങുകയാണ് ഇപ്പോൾ.
ഇതിനിടെ സലിം കുമാറിന്റെ വനിതാ ദിനത്തിലെ ആശംസ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. അന്താരാഷ്ട്ര വനിതാ ദിനത്തിൽ ജീവിതത്തിൽ തന്നെ സ്വാധീനിച്ച രണ്ട് വനിതകളെ കുറിച്ചാണ് താരത്തിന്റെ കുറിപ്പ്.
തന്റെ അമ്മയെയും ഭാര്യയെയുമാണ് താൻ വനിതാ ദിനത്തിൽ ഓർക്കുന്നത് എന്നാണ് സലിം കുമാർ എഴുതുന്നത്. ജീവിതത്തിൽ ഞാൻ എന്റെ സങ്കടങ്ങൾ പറഞ്ഞു കരഞ്ഞിട്ടുള്ളത് രണ്ടു സ്ത്രീകളുടെ മുന്നിൽ മാത്രമാണ്. അതിലൊന്ന് എനിക്കായി ജീവിച്ചു മരിച്ചു പോയ എന്റെ അമ്മയാണെന്ന് താരം കുറിച്ചു.
കൂടാതെ, മറ്റൊന്ന് എനിക്കായി മരിച്ചു ജീവിക്കുന്ന എന്റെ ഭാര്യയാണ്. മറ്റുള്ളവരുടെ മുൻപിൽ ഒന്ന് സങ്കടപ്പെടാൻ പോലും വിട്ടു കൊടുക്കാത്ത ഇവരാണ് എന്റെ ശക്തിയെന്നും താരം പറയുന്നു.
ഇന്നീ വനിതാ ദിനത്തിലോർക്കാൻ ഇവരല്ലാതെ മറ്റാര്. ഈ ദിനം എന്റെ അമ്മയുടേതാണ്, എന്റെ ഭാര്യയുടെയാണ്. സന്തോഷകരമായ വനിതാ ദിന ആശംസകൾ എന്നും സലിം കുമാർ കുറിക്കുകയാണ്.