മിമിക്രിയിലൂടെ മിനിസ്‌ക്രീനിലെത്തി അവിടെ നിന്നും സിനിമയിലെത്തി മലയാളികളെ ഞെട്ടിച്ച നടനാണ് സലീം കുമാർ. കലാഭവനിൽ നിന്നും ടെലിവിഷൻ ചാനലുകളിലെ കോമഡി സ്‌കിറ്റുകളിൽ പൊട്ടിച്ചിരി പരത്തിയാണ് സലിം കുമാർ സിനിമയിലേക്ക് എത്തുന്നത്.
ആദ്യമൊക്കെ ചെറിയ കോമഡി വേഷങ്ങളിൽ ഒതുങ്ങിനിന്ന സലീം കുമാർ പിന്നീട് നായകനായി ഒടുവിൽ മികച്ച പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ നേടിയെടുത്തു. ഇപ്പോളും നായകനായും സഹനനായും തമാശക്കാരനായും ഒക്കെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് സലീം കുമാർ. സലീം കുമാറിന്റെ തുടക്ക കാലത്തെ സിനിമകളെല്ലാം കോമഡിക്ക് പ്രാധാന്യം നൽകിയുള്ളതായിരുന്നു.
അദ്ദേഹം സ്‌ക്രീനിലേക്ക് വരുമ്പോഴെ ചിരിക്കാനുള്ള വക പ്രതീക്ഷിച്ചാണ് കാണികൾ ഇരിക്കുക. കാത്തിരിപ്പ് വെറുതേ ആക്കാതെ മനോഹരമായി കൗണ്ടറുകൾ വിതറി ആസ്വദകരെ നിറയെ ചിരിപ്പിക്കുകയും ചെയ്യും സലീം കുമാർ. കോമഡി ചെയ്ത് വിജയിക്കുന്നവർക്ക് സീരിയസ് വേഷങ്ങൾ എളുപ്പത്തിൽ വഴങ്ങും എന്നൊരു ചൊല്ല് സലീം കുമാറിന്റെ കാര്യത്തിൽ നൂറ് ശതമാനം വിജയമായിരുന്നു.
2004ൽ കമലിന്റെ സംവിധാനത്തിലൊരുങ്ങിയ പെരുമഴക്കാലം എന്ന ചിത്രത്തിലായിരുന്നു സലീം കുമാറിലെ നടന്റെ മറ്റൊരു മുഖം പ്രേക്ഷകർ കണ്ടത്. പിന്നീട് അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകൻ അബു തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമാശയ്ക്കപ്പുറം സീരിയസ് കഥാപാത്രങ്ങളെ മനോഹരമാക്കാൻ കഴിവുള്ള വ്യക്തിയാണെന്ന് സമൂഹവും സിനിമാപ്രവർത്തകരും തിരിച്ചറിഞ്ഞു. താരം കോമഡി മാത്രമല്ല സീരിയസ് വേഷങ്ങളിലും തിളങ്ങുകയാണ് ഇപ്പോൾ.
ഇതിനിടെ, അമ്പലത്തിൽ ഉത്സവത്തിനെത്തിയ സലിം കുമാർ പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്. സമദ്സുലൈമാൻ ബാൻഡ് അണിയിച്ചൊരുക്കിയ സംഗീത പരിപാടിയിലാണ് താരം, സമദ് ഞങ്ങടെ അമ്പലം എന്ന് പറഞ്ഞത് ഇഷ്ടപെട്ടതു കൊണ്ടാണ് വന്നത് എന്ന് സലിം കുമാർ പ്രതികരിച്ചത്.
‘സമദ് എന്നോട് പറഞ്ഞത്, ചേട്ടാ ഞങ്ങടെ അമ്പലത്തിൽ ഉത്സവത്തിന്റെ അന്ന് പരിപാടിയുണ്ട്, വരാൻ പറ്റുമോ എന്നാണ് ചോദിച്ചത്, ആ ഞങ്ങടെ അമ്പലം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അതാണ് വന്നത്, സമദ് എന്റെ അറിവിൽ ഒരു മുസൽമാനാണ്.’- എന്നും സലിം കുമാർ പറയുന്നു.
‘ആ മുസൽമാൻ ഞങ്ങടെ അമ്പലം എന്ന് പറഞ്ഞപ്പോൾ മനസ്സിലെന്തൊക്കെയോ ഒരു കുളിർമയുണ്ടായി’- എന്നും താരം പറയുന്നു. കൊച്ചിയിലെ ഏലൂർ മുരുകൻ അമ്പലത്തിലെ ഉത്സവത്തോട് അനുബന്ധിച്ചാണ് സമദ് സുലൈമാന്റെ മ്യൂസിക്പരിപാടി സംഘടിപ്പിക്കപ്പെട്ടത്.
അതേസമയം, സലിം കുമാറിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ‘കലാകാരനെന്ത് മതം മനുഷ്യനെന്ത് മതം. ഞങ്ങളുടെ മതം സ്നേഹമാണ്, സാഹോദര്യമാണ്’- എന്ന് കുറിച്ച് നിർമൽ പാലാഴി പങ്കുവച്ച പോസ്റ്റും ശ്രദ്ധേയമാവുകയാണ്.