പ്രേക്ഷകരെ ചിരിപ്പിക്കാന്‍ വേണ്ടി സ്റ്റേജില്‍ കയറി, ഒടുവില്‍ പൊട്ടിക്കരഞ്ഞ് നടന്‍ സലിം കുമാര്‍. കഴിഞ്ഞ ദിവസം ഒരു വേദിയില്‍ സലിംകുമാര്‍ കോമഡി സ്‌കിറ്റ് അവതരിപ്പിച്ചിരുന്നു. പരിപാടിക്കുശേഷം മരിച്ചുപോയ സഹതാരങ്ങളെക്കുറിച്ച് സംസാരിക്കവേ താരത്തിന്റെ കണ്ണുകള്‍ ഈറനണിയുകയായിരുന്നു.
”സത്യം പറഞ്ഞാല്‍ ഈ സ്‌കിറ്റ് അവതരിപ്പിക്കുമ്പോള്‍ കൈയും കാലും വിറക്കുകയായിരുന്നു. സ്റ്റേജില്‍ പ്രാര്‍ത്ഥന നടക്കുമ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞ് പോയിരുന്നു. കൂടെ ആരുമില്ലാതെ ഒറ്റയ്ക്കായി പോയെന്നാണ് തോന്നിയത്. കാരണം കലാഭവന്‍ മണി, അബി, സന്തോഷ് കുറുമശേരി, റൊണാള്‍ഡ്, ഷിയാസ് തുടങ്ങി പണ്ട് കൂടെ കളിച്ച ആരും തന്നെ എന്റെ കൂടെയില്ല.
സ്റ്റേജില്‍ കയറണോ വേണ്ടയോ എന്താണെന്ന് ചെയ്യേണ്ടതെന്ന് പോലും അറിയാത്ത വല്ലാത്തൊരു അവസ്ഥയിലായി പോയി”- സലീം കുമാര്‍ പറഞ്ഞു. ഏറെ പിന്തുണച്ച സുരാജിനാണ് നന്ദി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഈ വേദിയില്‍ പറയാന്‍ പാടില്ലെന്ന് പറഞ്ഞ് മറ്റൊരു കാര്യം കൂടി സലീം കുമാര്‍ പറഞ്ഞു. ആഹ്ലാദിച്ചിരിക്കുന്ന നമ്മള്‍ ഒരു നിമിഷമെങ്കിലും ആലോചിക്കണമെന്നും നമ്മളെല്ലാവരും അടുത്ത ബസ് സ്റ്റോപ്പില്‍ ഇറങ്ങി പോകേണ്ട ആളുകളാണെന്നുമായിരുന്നു സലിംകുമാറിന്റെ വാക്കുകള്‍. എന്തായാലും കോമഡി കേട്ട് ചിരിച്ചിരുന്ന പ്രേക്ഷകരെ ഏറെ ചിന്തിപ്പിക്കുന്ന വാക്കുകളായി സലികുമാറിന്റേത്.