മിമിക്രിയിലൂടെ മിനിസ്‌ക്രീനിലെത്തി അവിടെ നിന്നും സിനിമയിലെത്തി മലയാളികളെ ഞെട്ടിച്ച നടനാണ് സലീം കുമാര്‍. കലാഭവനില്‍ നിന്നും ടെലിവിഷന്‍ ചാനലുകളിലെ കോമഡി സ്‌കിറ്റുകളില്‍ പൊട്ടിച്ചിരി പരത്തിയാണ് സലിം കുമാര്‍ സിനിമയിലേക്ക് എത്തുന്നത്.
ആദ്യമൊക്കെ ചെറിയ കോമഡി വേഷങ്ങളില്‍ ഒതുങ്ങിനിന്ന സലീം കുമാര്‍ പിന്നീട് നായകനായി ഒടുവില്‍ മികച്ച പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ നേടിയെടുത്തു. ഇപ്പോളും നായകനായും സഹ നടനായും ഒക്കെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് സലീം കുമാര്‍.
ഇപ്പോഴിതാ വിടപറഞ്ഞ മലയാളത്തിന്റെ പ്രിയനടന്‍ കലാഭവന്‍ മണിയെ കുറിച്ച് സലിം കുമാര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തനിക്ക് വന്ന അതേ അസുഖം തന്നെയായിരുന്നു മണിക്കും വന്നതെന്നും എന്നാല്‍ മണി ചികിത്സയ്ക്ക് തയ്യാറായിരുന്നില്ലെന്നും താന്‍ ഒരു രോഗിയാണെന്ന് അറിഞ്ഞാല്‍ സിനിമയില്‍ നിന്നും പുറത്താകുമോ എന്ന ഭയം മണിക്കുണ്ടായിരുന്നുവെന്നും സലിം കുമാര്‍ പറയുന്നു.
ശരിക്കും അപ്രതീക്ഷിതമായിരുന്നു മണിയുടെ മരണം. ഇത്ര പെട്ടെന്ന് പോകുമെന്ന് കരുതിയില്ലെന്നും അസുഖ വിവരമറിയാമായിരുന്ന മണി കുറച്ചൊക്കെ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും സിംപിളായി മാറ്റാന്‍ പറ്റുമായിരുന്നുവെന്നും എന്നാല്‍ പേടി കാരണം അവന്‍ അതും കൊണ്ട് നടന്നുവെന്നും സലിം കുമാര്‍ പറയുന്നു.
അസുഖമുണ്ടെന്ന് കാര്യം അംഗീകരിക്കാന്‍ മണി തയ്യാറായിരുന്നില്ല. രോഗിയാണെന്നറിഞ്ഞാല്‍ മറ്റുള്ളവര്‍ എന്ത് കരുതുമെന്ന് വിചാരിച്ചുവെന്നും കസേരയിലിരുന്ന് പോലും അവന്‍ ഷോകള്‍ ചെയ്തുവെന്നും സലിം കുമാര്‍ പറയുന്നു.