മലയാളികളുടെ മനസിൽ നിന്നും ഒരിക്കലും മായാത്ത മുഖമാണ് നടൻ കലാഭവൻ മണിയുടേത്. അദ്ദേഹത്തിന്റെ ചിരിയും പട്ടുമെല്ലാം ഇന്നും മലയാളികളുടെ പ്രിയപ്പെട്ടവയാണ്. നടനായും മിമിക്രി കലാകാരനായും ഗായകനായുമെല്ലാം തിളങ്ങിയിട്ടുള്ള മണി, പകരം വെയ്ക്കാനില്ലാത്ത മഹാപ്രതിഭയാണ്.
കലാഭവൻ മണിയുടെ ഗാനങ്ങളോ സിനിമയോ കാണാത്ത മലയാളികളും ഉണ്ടാവില്ല. കൊച്ചുകുട്ടികൾക്കിടയിലും മുതിർന്നവർക്കിടയിലും ഒരുപോലെ പ്രിയങ്കരനായിരുന്നു മണി. ഓട്ടോയിലും ബസിലുമൊക്കെ ഇന്നും യാത്രക്കാരെ രസിപ്പിച്ചും കണ്ണ് നനയിച്ചുകൊണ്ടും സാധാരണക്കാരുടെ ഇടയിൽ മണി ജീവിച്ചിരിക്കുന്നുണ്ട്.
മണിയുടെ ഒപ്പം നിരവധി സ്റ്റേജ് ഷോകളിലും കോമഡി പരിപാടികളിലുമെല്ലാം നിറഞ്ഞുനിന്നിരുന്ന താരമാണ് സാജൻ പള്ളുരുത്തി. മണിയോടൊപ്പം ഒരുപാട് സമയം ചിലവഴിച്ചിട്ടുള്ള അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായ സാജൻ അദ്ദേഹത്തെ കുറിച്ചു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
ഫ്ളവേഴ്സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയിലാണ് അനശ്വര നടൻ കലാഭവൻ മണിയെ കുറിച്ചുള്ള ഓർമകൾ സാജൻ പങ്കുവച്ചത്. 2016 മാർച്ച് ആറിനാണ് കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മണി മരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ദിവസങ്ങളോളം ചികിത്സയിൽ കഴിഞ്ഞ ശേഷമായിരുന്നു മരണം.
സാജൻ പള്ളുരുത്തിയുടെ വാക്കുകൾ;
നാട്ടിൽ ആഘോഷങ്ങൾ വരുമ്പോൾ അദ്ദേഹം അതൊരു ഉത്സവമാക്കി മാറ്റിയിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ക്ഷണിക്കപ്പെടുന്ന അതിഥികൾ എല്ലാവരും എത്തും. ആ ഉത്സവത്തിന് അല്ലെങ്കിലും പെരുന്നാളിന് കൊഴുപ്പേകാൻ എന്തൊക്കെ ചെയ്യാൻ പറ്റും അതെല്ലാം മണി ചെയ്യും. അങ്ങനെ കുറെ രസകരമായ അനുഭവങ്ങൾ ഉണ്ട്.
നല്ലൊരു വിഭവ സമൃദ്ധമായ സദ്യ ഒരുക്കും, ആളുകൾ വേണ്ട എല്ലാത്തരം പാനീയങ്ങളും ഉണ്ടാവും കുസൃതി കാണിക്കണമെങ്കിൽ അതുമാവാം, അങ്ങനെ രസകരമായിരുന്നു ആ കാലഘട്ടം. അദ്ദേഹം അതെല്ലാം ആഘോഷിച്ചു നടന്നിട്ടുള്ളതാണ്.’ ‘അദേഹത്തിന് ഒപ്പം ഞാൻ നിരവധി സ്റ്റേജ് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ബലം ആരാധകരാണ്.
ഒരിക്കൽ ശ്രീലങ്കയിൽ പോയപ്പോൾ അവിടെ ഒരുപാട് പേർ ചുറ്റും കൂടി. ഇത് എങ്ങനെ എന്ന് ചോദിച്ചപ്പോൾ ജെമിനി സിനിമ കണ്ടവരാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരിക്കൽ കോയമ്പത്തൂരിൽ ഞാൻ അദ്ദേഹത്തെ കാണാൻ പോയപ്പോൾ തമിഴ് നടന്മാർ ഇദ്ദേഹത്തിന്റെ അഭിനയം കണ്ട് നോക്കി നിൽക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെ തമിഴിലും തെലുങ്കിലും ഒക്കെ നിറഞാടാൻ ഒരു മിമിക്രി കലാകാരന് കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്.
‘ചാലക്കുടിയിലെ ഓട്ടോറിക്ഷക്കാർ ഇന്നും അവിടുത്തെ ഓട്ടോ സ്റ്റാന്റുകളിൽ അദ്ദേഹത്തിന്റെ പടം വെച്ചിട്ടുണ്ട്. അത്രമാത്രം സഹായങ്ങളാണ് അദ്ദേഹം അവർക്ക് ചെയ്തിട്ടുള്ളത്. പല പാവങ്ങളുടെയും ഇല്ലായ്മയും വെല്ലായ്മയും പോരായ്മയും തിരിച്ചറിയുന്ന ഒരു കരുത്തനായിരുന്നു അദ്ദേഹം. ഒപ്പം തന്നെ നല്ലൊരു നായകനും ചാലക്കുടി നാടിന്റെ അഭിമാനവുമായിരുന്നു അദ്ദേഹം.