നിവിന്‍ പോളി നായകനായ പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സായി പല്ലവി മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയിരുന്നു.
നിഷ്കളങ്കമായ ചിരിയും വിസ്മയ ചുവടുകളും സായി പല്ലവിയെ പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റി. ഇന്ന് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും താരത്തിളക്കമുള്ള നായികയായി സായി മാറിക്കഴിഞ്ഞു. ധനുഷിനൊപ്പം മാരി ടു വിലൂടെ താരം വീണ്ടും വിസ്മയിപ്പിക്കാനെത്തുകയാണ്.
അതിനിടയിലാണ് ദക്ഷിണേന്ത്യയിലെ തന്നെ ഒരു സര്‍വ്വകാല റെക്കോര്‍ഡും സായിയുടെ ചുവടുകള്‍ക്ക് മുന്നില്‍ വഴി മാറുന്നത്. ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറ്റവും അധികം കാഴ്ചക്കാരെ സ്വന്തമാക്കിയ യു ട്യൂബ് ഗാനമെന്ന റെക്കോര്‍ഡ് സായി പല്ലവിയുടെ ചുവടുകള്‍ സ്വന്തമാക്കുമെന്ന സ്ഥിതിയിലാണ്.
മാരി ടു തീയറ്ററുകളിലെത്താന്‍ തയ്യാറെടുക്കുമ്പോള്‍ ധനുഷിന്‍റെ തന്നെ റെക്കോര്‍ഡ് സായിക്ക് മുന്നില്‍ വഴി മാറുമെന്നത് കൗതുകകരമാണ്.
ദക്ഷിണേന്ത്യന്‍ സിനിമകളിലെ ഗാനങ്ങളില്‍ ഏറ്റവുമധികം കാഴ്ചക്കാരെന്ന റെക്കോര്‍ഡ് നിലവില്‍ ധനുഷിന്‍റെ വൈ ദിസ് കൊലവെറി പാട്ടിനാണ്. 16 കോടി 96 ലക്ഷം പേരാണ് ഇതിനകം കൊലവറി പാട്ട് യൂട്യൂബില്‍ കണ്ടത്.
തെലുങ്കില്‍ വന്‍ വിജയമായി മാറിയ സായിയുടെ ഫിദയിലെ ‘വച്ചിൻഡെ’ എന്ന ഗാനമാണ് ദക്ഷിണേന്ത്യയില്‍ കാഴ്ചക്കാരുടെ എണ്ണത്തിൽ ഇപ്പോള്‍ രണ്ടാം സ്ഥാനത്ത്. 16 കോടി 80 ലക്ഷത്തോളം പേരാണ് ഈ ഗാനം യൂട്യൂബിലൂടെ കണ്ടത്.
കൊലവറി പാട്ട് 7 വര്‍ഷം കൊണ്ടാണ് 16 കോടി കാഴ്ചക്കാരെ സമ്പാദിച്ചതെങ്കില്‍ സായിയുടെ ഫിദ ഗാനത്തിന് കേവലം ഒരു വര്‍ഷം മാത്രമാണ് വേണ്ടിവന്നത്. സായി പല്ലവിയുടെ മനോഹരമായ ചുവടുകള്‍ തന്നെയാണ് ഗാനത്തിന്‍റെ ഹൈലൈറ്റ്. ശക്തികാന്ത് കാർത്തിക്ക് ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് മധുപ്രിയയും രാംകിയും ചേർന്നാണ്. സായിയുടെ ‘വച്ചിൻഡെ’ ഗാനം കൊലവെറിയുടെ റെക്കോര്‍ഡ് എന്ന് തകര്‍ക്കുമെന്നാണ് ഇനി അറിയാനുള്ളത്.
ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം കാഴ്ചക്കാരെ നേടിയ മൂന്നാമത്തെ ഗാനം ബാഹുബലിയിലെ ‘സഹോര’ യാണ്. 13 കോടിയാണ് കാഴ്ചക്കാര്‍. മലയാളത്തില്‍ നിന്നും 10 കോടിയോളം കാഴ്ചക്കാരുള്ള ഏക ഗാനം മോഹന്‍ലാല്‍-ലാല്‍ജോസ് ടീമിന്‍റെ വെളിപാടിന്‍റെ പുസ്തകത്തിലെ ജിമിക്കി കമ്മലാണ്.