പ്രേക്ഷകരുടെ പ്രിയപ്പെട്ട ടിവി ഷോയായ തട്ടീം മുട്ടീം പരമ്പരയിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ യുവ നടനാണ് സാഗർ സൂര്യ. പിന്നീട് കുരുതി എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിലുമെത്തി. ബിഗ് ബോസിലും മത്സരാർത്ഥിയായി എത്തിയ സാഗർ പക്ഷെ അധികം വൈകാതെ പുറത്താവുകയായിരുന്നു. ഒരിക്കലും താൻ പുറത്താകുമെന്ന് കരുതിയില്ലെന്നാണ് ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങി മാധ്യമങ്ങളെ കണ്ടപ്പോൾ സാഗർ പറഞ്ഞിരുന്നത്. സാഗറിന്റെ അമ്മ മരിച്ചതിന്റെ ദുഖം ഒരിക്കലും അവനെ വിട്ടുപോകില്ലെന്ന് സഹതാരം മനീഷയും പലപ്പോഴും പറഞ്ഞിട്ടുണ്ട്.
”തട്ടീം മുട്ടീം സീരിയലിൽ അഭിനയിക്കുമ്പോഴാണ് സാഗറിന്റെ അമ്മ മരിക്കുന്നത്. അമ്മയ്ക്ക് താൻ ബിഗ് ബോസിലെത്തുന്നത് കാണാൻ വലിയ ആഗ്രഹമായിരുന്നുവെന്നും ബിഗ് ബോസിന്റെ വലിയ ഫാനായിരുന്നു അമ്മയെന്നും എന്നാൽ താൻ അവിടെ എത്തിയപ്പോൾ കാണാൻ അമ്മയില്ലാതായി എന്നും വലിയ സങ്കടത്തോടെ താരം മുൻപ് പറഞ്ഞിരുന്നു.
അമ്മയും മകനും നല്ല സുഹൃത്തുക്കളായിരുന്നു. പെട്ടെന്നായിരുന്നു അമ്മയുടെ വിയോഗം. ഇപ്പോൾ മൂന്ന് വർഷമായെങ്കിലും ഇന്നും അവന് സങ്കടമാണെന്നും അത്രയ്ക്ക് അടുപ്പമായിരുന്നു ഇരുവരുമെന്നും സാഗറിന്റെ പിതാവും പറയുന്നു.
ഇപ്പോഴിതാ സാഗർ അമ്മയുടെ വലിയൊരു സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ്. തങ്ങളുടെ വീട്ടിൽ ജോലിക്ക് വന്നിരുന്ന ചേച്ചിക്ക് ഒരു വീട് വച്ച് നൽകിയിരിക്കുകയാണ് സാഗർ. ഈ ചേച്ചിക്ക് മഴയത്ത് ചോരാത്ത അടച്ചുറപ്പുള്ള ഒരു വീട് വേണമെന്നത് തന്റെ അമ്മയുടെ വലിയ ആഗ്രഹമായിരുന്നു എന്നാണ് സാഗർ വെളിപ്പെടുത്തിയിരിക്കുന്നത്.
‘ എന്റെ അമ്മയ്ക്ക് അധികം ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ മഴപെയ്തുചോരാത്ത ഒരു വീട് ആ ചേച്ചിക്ക് വേണമെന്നു എന്റെ അമ്മ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇന്ന് അമ്മ ഇല്ലെങ്ങിലും ആ സ്വപ്നവും യാഥാർത്ഥ്യമായി അമ്മേ. ഒരുപാടു സന്തോഷം എന്റെ സ്വപ്നത്തിന് കൂടെ നിന്നവർക്കു എല്ലാം.”- എന്നാണ് സാഗർ പറയുന്നത്.
‘ഇന്ന് ജൂൺ 11 അമ്മ പോയിട്ട് 3 വർഷം ആയി. ഇന്ന് ഈ ദിവസം അമ്മ ആഗ്രഹിച്ച പോലെ ആ ചേച്ചിക്ക് ഒരു നല്ല വീട് വെച്ചു കൊടുക്കാൻ പറ്റി. ഒരു നന്ദിയിൽ ഒതുക്കാൻ കഴിയുന്നത് അല്ല എന്നു അറിയാം എന്നാൽ പോലും എല്ലാവരോടും ഒരുപാടു നന്ദി പറയുന്നു. എന്ന് നിങ്ങളുടെ സ്വന്തം സാഗർ സൂര്യ’- താരം സോഷ്യൽമീഡിയയിൽ കുറിച്ചു.
വീട്ടിലെ ജോലിക്ക് എത്തിയിരുന്ന ചേച്ചിക്കായി പണിത വീടിന് മുന്നിൽ നിന്നുള്ള വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. അതേസമയം, വളരെ നല്ല കാര്യമാണ് സാഗർ ചെയ്തതെന്നും അമ്മ വളരെ സന്തോഷിക്കുന്നുണ്ടാകുമെന്നും പ്രേക്ഷകരും താരത്തോട് പറയുന്നുണ്ട്.
”കോവിഡിന്റെ സമയത്താണ് സാഗറിന്റെ അമ്മ മരിക്കുന്നത്. ആ സമയത്ത് എല്ലാവരും വീട്ടിൽ തന്നെയുണ്ട്. ഇവൻ ഓരോന്ന് പറയുമ്പോൾ അവൾ അത് ഉണ്ടാക്കി നല്കുമായിരുന്നു. സത്യം പറഞ്ഞാൽ അവന് അമ്മയുടെ കൂടെ ജീവിച്ച് കൊതി തീർന്നിട്ടുണ്ടായിരുന്നില്ല. ഇപ്പോഴും അവൻ അമ്മയുടെ ഓർമ്മകളിൽ തന്നെയാണ്. സാഗറിന്റെ അമ്മ ബിഗ്ബോസിന് അഡിക്ട് ആയിരുന്നു. ഞാൻ ഷോപ്പ് അടച്ച് വരുമ്പോൾ അവന്റെ അമ്മ ബിഗ് ബോസ് കാണുകയായിരിക്കും. ഒന്നു നിർത്തിക്കൂടെ എന്നൊക്കെ ഞാൻ ചോദിച്ചിട്ടുണ്ട്. ചേട്ടൻ കിടന്നോ എന്നായിരിക്കും മറുപടി..”
”സാഗർ അഭിനയിക്കുന്ന തട്ടീം മുട്ടീം കാണാതെ ആയിരിക്കും ആൾ ചിലപ്പോൾ ബിഗ്ബോസ് കാണുക. അത് കാണുമ്പോൾ ഇതെന്തു പരിപാടി ആണെന്ന് സാഗർ ചോദിക്കാറുണ്ട്. അപ്പോൾ കളിയായിട്ട് നീയി ഷോയിലേക്ക് വായോ എന്നൊക്കെ പറയും. ഇപ്പോൾ അവൻ ബിഗ്ബോസിലാണ്. അവൻ അവന്റെ അമ്മ പറഞ്ഞ കാര്യങ്ങളൊക്കെ ആലോചിക്കാറുണ്ട്. സാഗറിന്റെ അമ്മയുടെ മരണം പെട്ടെന്നായിരുന്നു. മരിക്കുന്നതിന് തൊട്ടു മുന്നേ വരെ വളരെ ഹാപ്പിയായിട്ടാണ് സംസാരിച്ചത്. പക്ഷെ ആൾ പെട്ടെന്ന് പോയി”- സാഗറിന്റെയും കുടുംബത്തിന്റെയും ഇന്നത്തെ അവസ്ഥയെ കുറിച്ച് നേരത്തെ അച്ഛൻ പറഞ്ഞതിങ്ങനെ.