പ്രേക്ഷകരുടെ പ്രിയപ്പെട്ട ടിവി ഷോയായ തട്ടീം മുട്ടീം പരമ്പരയിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ യുവ നടനാണ് സാഗര്‍ സൂര്യ. പിന്നീട് കുരുതി എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിലുമെത്തി. എന്നാല്‍ ഈ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ബിഗ് ബോസില്‍ എത്തിയ ശേഷമാണ്.
ഇപ്പോള്‍ തന്റെ വലിയൊരു ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് സാഗര്‍. താരം പുതിയ ബ്യൂട്ടി പാര്‍ലര്‍ ആരംഭിച്ചു. സൂര്യ മേക്കോവര്‍ സ്റ്റുഡിയോ എന്ന പേരില്‍ തൃശ്ശൂര്‍, ചിറ്റിലപ്പള്ളിയില്‍ ആരംഭിച്ച പാര്‍ലര്‍ മനീഷയും നാദിറ മെഹ്റിനും വന്ന് ഉദ്ഘാടനം ചെയ്തു. വീഡിയോ കോളിലൂടെ സെറീനയും സാന്നിധ്യം അറിയിച്ചിരുന്നു.
”ഏറെ നാളത്തെ പരിശ്രമത്തിനും കഷ്ടപ്പാടിനും ശേഷം എന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ സാന്നിദ്ധ്യം തന്നെ ഒരു വലിയ പിന്തുണയായിരുന്നു. ഓപ്പണിംഗ് വന്‍ വിജയമാക്കാന്‍ നിങ്ങളുടെ എല്ലാ സഹായത്തിനും വളരെ നന്ദി’ എന്നാണ് ഉദ്ഘാടന വീഡിയോ പങ്കുവച്ച് സാഗര്‍ സൂര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
അതേസമയം ബിഗ് ബോസിലും മത്സരാര്‍ത്ഥിയായി എത്തിയ സാഗര്‍ പക്ഷെ അധികം വൈകാതെ പുറത്താവുകയായിരുന്നു. ഒരിക്കലും താന്‍ പുറത്താകുമെന്ന് കരുതിയില്ലെന്നാണ് ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങി മാധ്യമങ്ങളെ കണ്ടപ്പോള്‍ സാഗര്‍ പറഞ്ഞിരുന്നത്. സാഗറിന്റെ അമ്മ മരിച്ചതിന്റെ ദുഖം ഒരിക്കലും അവനെ വിട്ടുപോകില്ലെന്ന് സഹതാരം മനീഷയും പലപ്പോഴും പറഞ്ഞിട്ടുണ്ട്.
‘തട്ടീം മുട്ടീം സീരിയലില്‍ അഭിനയിക്കുമ്പോഴാണ് സാഗറിന്റെ അമ്മ മരിക്കുന്നത്. അമ്മയ്ക്ക് താന്‍ ബിഗ് ബോസിലെത്തുന്നത് കാണാന്‍ വലിയ ആഗ്രഹമായിരുന്നുവെന്നും ബിഗ് ബോസിന്റെ വലിയ ഫാനായിരുന്നു അമ്മയെന്നും എന്നാല്‍ താന്‍ അവിടെ എത്തിയപ്പോള്‍ കാണാന്‍ അമ്മയില്ലാതായി എന്നും വലിയ സങ്കടത്തോടെ താരം മുന്‍പ് പറഞ്ഞിരുന്നു.