മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ അവതാരകനായി എത്തി ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ട ഷോയായി മാറിയ ബിഗ് ബോസ് മലയാളത്തിലെ ആദ്യ സീസണിലെ വിജയിയായി അഭിനയിതാവും അവതാരകനുമായ സാബു മോനെ തിരഞ്ഞെടുത്തു.
കോണ്‍ഫിഡന്റ് ഗ്രൂപ്പ് നല്‍കുന്ന ഒരു കോടി രൂപയുടെ ഫ്‌ളാറ്റാണ് ഒന്നാം സമ്മാനം. പേളി മാണിയാണ് റണ്ണര്‍ അപ്പ്. ബിഗ് ബോസിലെ മത്സരാര്‍ത്ഥികളില്‍ ശ്വേതാ മേനോനും ശ്രീലക്ഷ്മിയും ഒഴികെ മുഴുവന്‍ ആളുകളും ഫിനാലെയില്‍ മത്സരാര്‍ത്ഥികള്‍ക്ക് ആശംസകളുമായി എത്തി.
സാബു, ഷിയാസ് കരീം, പേളി മാണി, സുരേഷ്, ശ്രീനിഷ് അരവിന്ദ് എന്നിവരായിരുന്നു ഫൈനലില്‍ എത്തിയത്. വിവിധ മേഖലകളിലുള്ള പ്രശസ്തരായ വ്യക്തികളെ ഒരു വീട്ടില്‍ 100 ദിവസം താമസിപ്പിച്ചായിരുന്നു മത്സരം.
60 ക്യാമറകള്‍ വീട്ടില്‍ ഘടിപ്പിച്ചിരുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക് , കന്നട, തമിഴ് എന്നീ ഭാഷകളില്‍ ബിഗ് ബോസ് അവതരിപ്പിക്കുന്നുണ്ട്. യൂ.എസ്സില്‍ ഗംഭീര വിജയമായിരുന്ന ബിഗ് ബ്രദര്‍ എന്ന റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്.
ആദ്യം ഹിന്ദിയില്‍ ആരംഭിച്ച ഈ റിയാലിറ്റി ഷോ അവസാനം അവതരിപ്പിച്ചത് സല്‍മാന്‍ ഖാന്‍ ആണ്. തെലുങ്കില്‍ ജൂനിയര്‍ എന്‍.ടി.ആറും, തമിഴില്‍ കമല്‍ഹാസനുമാണ് പരിപാടി അവതരിപ്പിക്കുന്നത്.