മിനിസ്‌ക്രീൻ പ്രേക്ഷകരായ മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായിരുന്ന ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിൽ റണ്ണറപ്പ് ആയിരിക്കുകയാണ് മുഹമ്മദ് ദിലിജിയൻ ബ്ലെസ്ലി. ഈ പേരിലൂടെ തന്നെ വ്യത്യസ്തനായ താരം നല്ലൊരു ഗായകൻ കൂടിയാണ്. യുവ തലമുറയിൽ നിന്നും മാതൃകാപരമായ നിമിഷങ്ങൾ നൽകി കൊണ്ടാണ് താരം ഹൗസിന് അകത്ത് നിന്നത്. ഇടയ്ക്ക് ചില വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും ആരാധകരുടെ കാര്യത്തിൽ ബ്ലെസ്ലിക്ക് കുറവൊട്ടും വന്നിട്ടില്ല.
എങ്കിലും ബിഗ് ബോസ് ഫൈനലും കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടെങ്കിലും വിവാദങ്ങളും ഗോസിപ്പുകളും ഇനിയും അവസാനിച്ചിട്ടില്ല. തന്നെ വിജയിയായി അംഗീകരിക്കാൻ ബിഗ് ബോസ് മത്സരാർത്ഥികൾ തയ്യാറായില്ലെന്ന ദിൽഷ പ്രസന്നന്റെ ആരോപണവും റണ്ണറപ്പായ മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലി ദിൽഷയോട് മോശമായി പെരുമാറിയെന്ന ആരോപണവുമെല്ലാം ഇപ്പോഴും കത്തി നിൽക്കുകയാണ്.
ബിഗ് ബോസ് ഷോയിൽ നന്മയെ കുറിച്ച് പറഞ്ഞും ഫിലോസഫി സംസാരിച്ചും ശ്രദ്ധ നേടിയ മത്സരാർത്ഥിയായ മുഹമ്മദ് ഡെലിജന്റ് ബ്ലെസ്ലി ഇതെല്ലാം ഫേക്ക് ആയി സൃഷ്ടിച്ച ഇമേജാണ് എന്നാണ് മറ്റൊരു മത്സരാർത്ഥിയായ നിമിഷ ഈയടുത്ത് ആരോപിച്ചത്. നന്മയുടെ പര്യായമായി പെരുമാറിയിരുന്ന ബ്ലെസ്ലി പക്ഷെ സ്ത്രീ വിരുദ്ധമായാണ് ഷോയിൽ പെരുമാറിയതെന്നൊക്കെയാണ് ആരോപണങ്ങൾ.
ഇപ്പോഴിതാ തനിക്ക് ഫിനാലെയോട് അടുപ്പിച്ച് നേരിടേണ്ടി വന്ന ഡീഗ്രേഡിങ് സംബന്ധിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്ലെസ്ലി. പലരും ബ്ലെസ്ലി ദിൽഷയോട് മോശമായി പെരുമാറുന്നുവെന്ന് കാണിച്ച് ചെറിയ ക്ലിപ്പിങുകൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചിരുന്നു. ഇതെ തുടർന്ന് ദിൽഷയുടെ ഉറ്റ സുഹൃത്തായ റോബിനും ബ്ലെസ്ലിയെ വീഡിയോയിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു.
പിന്നീട് ഇതിന്റെ പേരിൽ ദിൽഷ, റോബിൻ, ബ്ലെസ്ലി ആർമികൾ തമ്മിൽ സോഷ്യൽമീഡിയയിൽ തർക്കവും നടന്നിരുന്നു. അതേസമയം, ഈ ഫൈറ്റിനോടൊന്നും ഹൗസിന് പുറത്തെത്തി ഒരാഴ്ച പിന്നിട്ടിട്ടും ബ്ലെസ്ലി പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ ഒഠുവിൽ താരം മൗനം മുറിച്ചിരിക്കുകയാണ്.
ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബ്ലെസ്ലി പ്രചരിക്കുന്ന കാര്യങ്ങളിൽ തനിക്ക് പറയാനുള്ളത് എന്താണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. റോബിന്റെ ഭീഷണി ശ്രദ്ധിച്ചിട്ടില്ലെന്നും ദിൽഷയുടെ വിഷയത്തിൽ ആളുകൾ തെറ്റിദ്ധരിച്ചതിൽ സങ്കടം തോന്നിയിട്ടുണ്ട് എന്നുമാണ് ബ്ലെസ്ലിയുടെ പ്രതികരണം.
‘ഞാൻ പെട്ടെന്ന് പ്രകോപിതനാകുന്ന വ്യക്തിയല്ല. അതുകൊണ്ട് തന്നെ ഇത്തരം ഭീഷണികൾ എനിക്ക് കൊള്ളില്ല. ദിൽഷയുമായുള്ള വിഷയത്തിൽ പ്രചരിക്കുന്ന വീഡിയോകളിൽ ഞാൻ അഭിപ്രായം പറയാൻ താൽപര്യപ്പെടുന്നില്ല. ഇത്തവണത്തെ ബിഗ് ബോസ് 24മണിക്കൂറും ലൈവ് സ്ട്രീമിങ്ങായിരുന്നല്ലോ. അതുകൊണ്ട് ആ വീഡിയോകൾ കണ്ട പ്രേക്ഷകർ അഭിപ്രായം പറയുന്നതാകും ശരിയെന്ന് എനിക്ക് തോന്നുന്നു. എനിക്ക് എതിരെ നടന്ന ഡീഗ്രേഡിങിൽ എനിക്കൊന്നും പറയാനില്ല.’- ബ്ലെസ്ലി നിലപാട് വ്യക്തമാക്കി.
‘ഞാൻ എപ്പിസോഡുകൾ കണ്ടിട്ടില്ല. ഇനി വേണം എല്ലാം കാണാൻ. ഡീഗ്രേഡിങ് നടന്നതിനെ കുറിച്ചൊന്നും ശ്രദ്ധിച്ചിട്ടില്ല. ഇപ്പോൾ ഫാമിലിക്കൊപ്പം സമയം ചിലവഴിക്കാനും അവർക്കുണ്ടായ ബുദ്ധിമുട്ടുകൾ ചോദിച്ചറിയാനും ആശ്വസിപ്പിക്കാനുമാണ് ഞാൻ ശ്രമിക്കുന്നത്. ദിൽഷയെ പ്രേക്ഷകർ വിലയിരുത്തി. അവർക്ക് വോട്ട് ചെയ്തു. അവർ ജയിച്ചു. അതിനെ കുറിച്ച് ഒന്നും പറയാൻ ഞാൻ ആളല്ല. ജാസ്മിൻ അകത്ത് വന്ന് കാര്യങ്ങൾ പറഞ്ഞപ്പോൾ ഞാൻ കാരണം പുറത്തുള്ളവരിലേക്ക് തെറ്റായ സന്ദേശം പോയതിൽ സങ്കടം തോന്നി.’- എന്നും ബ്ലെസ്ലി വെളിപ്പെടുത്തുന്നുണ്ട്.
‘എന്നെ കണ്ടുകൊണ്ടിരുന്നവരിൽ ചിലരെങ്കിലും അനുകരിക്കുമോ എന്നോർത്താണ് വിഷമം തോന്നിയത്. ഞാൻ മോശം ചിന്തയോടെ ദിൽഷയോട് പെരുമാറിയിട്ടില്ല. പക്ഷെ അത് പുറത്തെത്തിയപ്പോൾ ആളുകൾ തെറ്റിദ്ധരിച്ചുവെന്നത് വിഷമിപ്പിച്ചു. ഗ്രാന്റ് ഫിനാലെ സ്റ്റേജിൽ വിജയിയെ പ്രഖ്യാപിച്ചപ്പോഴും ടോപ്പ് ടുവിൽ എത്തിയ സന്തോഷത്തിലായിരുന്നു. മറ്റൊന്നും ചിന്തിച്ചിരുന്നില്ല.’- വിജയിയായ ദിൽഷയെ അഭിനന്ദിക്കാത്തതിനെ സംബന്ധിച്ചുള്ള ആരോപണങ്ങളോട് ബ്ലെസ്ലി പ്രതികരിച്ചതിങ്ങനെ.
‘ ബിഗ് ബോസ് ഷോ വിജയിയെ പ്രഖ്യാപിച്ചപ്പോൾ മറ്റുള്ളവർ പ്രോത്സാഹിപ്പിക്കാതിരുന്നത് എന്താണ് എന്ന് ചിന്തിച്ചിട്ടില്ല. ഞാൻ ഇത്രയും നാൾ ടിവിയിൽ മാത്രം കണ്ട മോഹൻലാൽ എന്ന വ്യക്തി എന്റെ കൈപിടിച്ച് നടന്നപ്പോൾ ഞാൻ ജീവിച്ചിരിക്കുന്നല്ലോ എന്ന ചിന്തയാണ് വന്നത്. ലാലേട്ടനെ കാണുമ്പോൾ അറിയാതെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നുപോകും’- എന്നും ബ്ലെസ്ലി പറയുന്നു.
അതേസമയം, ബ്ലെസ്ലി ദിൽഷയോട് മോശമായി പെരുമാറുന്നുവെന്ന് കാണിച്ച് വീഡിയോ പുറത്തിറങ്ങിയപ്പോൾ വളരെ പ്രകോപിതനായിട്ടാണ് ഡോ. റോബിൻ സോഷ്യൽമീഡിയയിൽ വന്ന് പ്രതികരിച്ചത്. താൻ ഹൗസിലുണ്ടായിരുന്നെങ്കിൽ ബ്ലെസ്ലിയുടെ മൂക്കിന് ഇടിക്കുമായിരുന്നു എന്നാണ് റോബിൻ അന്ന് വീഡിയോയിൽ പറഞ്ഞത്.