ഇടവേള കഴിഞ്ഞു; വീണ്ടും സര്‍വീസ് ആരംഭിച്ച് റോബിന്‍ ബസ്

75

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിൽ റോബിൻ ബസ് വീണ്ടും സർവീസ് തുടങ്ങി. കോടതി ഉത്തരവിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പത്തനംതിട്ട പോലീസ് ക്യാംപിലേക്ക് മാറ്റിയിരുന്ന ബസ് വിട്ടുകൊടുത്തത്.

Advertisements

ഇന്ന് സർവീസ് തുടങ്ങി ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് പരിശോധിച്ചു. പരിശോധനയ്ക്ക് ശേഷം സർവീസ് തുടരാൻ അനുവദിച്ചു.

നിയമലംഘനം കണ്ടാൽ കർശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. കോൺട്രാക്ട് ക്യാരേജ് പെർമിറ്റ് ഉള്ള ബസ്, സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്. അതേസമയം ഈ നിലപാട് ചോദ്യം ചെയ്ത് ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജിയിൽ അടുത്ത മാസം അന്തിമ വിധി പറയും.

അതേസമയം പെർമിറ്റ് ലംഘനത്തിന് ചുമത്തിയിരുന്ന 82,000 രൂപ ബസ് നടത്തിപ്പുകാരൻ അടച്ചതിനെ തുടർന്നാണ് ബസ് വിട്ടുനൽകാൻ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.

 

Advertisement