മലയാള സിനിമയിലെ താരരാജാക്കന്മാരില്‍ ഒരാളാണ് മമ്മൂട്ടി. അദ്ദേഹം തന്റെ അഭിനയ ജീവിതം തുടങ്ങിയിട്ട് അമ്പത്തിയൊന്ന് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഇതിനോടകം ഓര്‍ത്തുവെയ്ക്കാന്‍ ഒത്തിരി നല്ല സിനിമകളാണ് അദ്ദേഹം സമ്മാനിച്ചത്.
പ്രായം കൂടി വരുമ്പോഴും തന്റെ ഒളിമങ്ങാത്ത സൗന്ദര്യം കൊണ്ട് ഇന്നും ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. അടുത്ത കാലത്തായി പുറത്തുവരുന്ന സിനിമകളിലൂടെയെല്ലാം അദ്ദേഹം കേരളക്കരയെ അമ്പരപ്പിക്കുകയാണ്.
വ്യത്യസ്തമായ കഥകളും കഥാപാത്രങ്ങളുമായാണ് ഇതിലൂടെയെല്ലാം അദ്ദേഹം എത്തിയിരിക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് അദ്ദേഹത്തിന്റെ പിആര്‍ഒയും മമ്മൂട്ടി ഷെയര്‍ & കെയര്‍ ഫൗണ്ടേഷന്റെ അമരക്കാരനുമായ റോബര്‍ട്ട് കുര്യാക്കോസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
റോബര്‍ട്ടിന്റെ പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി ആശംസ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇത് വീണ്ടും പങ്കുവെച്ചുകൊണ്ടായിരുന്നു റോബട്ടിന്റെ പുതിയ പോസ്റ്റ്. തനിക്ക് ജീവിതത്തില്‍ ഇന്നുവരെ കിട്ടിയതില്‍ വെച്ച് ഏറ്റവും വിലപ്പെട്ട സമ്മാനമായിരുന്നു മമ്മൂട്ടിയുടെ ആശംസ എന്ന് റോബര്‍ട്ട് കുറിപ്പില്‍ പറയുന്നു.
മമ്മൂട്ടിക്കൊപ്പം അദ്ദേഹം ഒരു സെല്‍ഫി എടുത്തിരുന്നു. സിഡ്‌നിയിലെ ഓപ്പറഹൗസിനും ചുവന്നആകാശത്തിനും അരികെ ഒരു സെല്‍ഫിക്കായി മമ്മൂക്ക പിടിച്ചുനിര്‍ത്തുമ്പോള്‍, അത് തന്റെ ജന്മദിനത്തില്‍ അമൂല്യമായ ഒരു സമ്മാനമായി ലോകത്തിന് മുമ്പാകെ എത്തുമെന്ന് ഓര്‍ത്തില്ലെന്നും റോബര്‍ട്ട് പറയുന്നു.
തിരശ്ശീലയിലാണ് മമ്മൂക്കയെ ഓര്‍മ്മവെച്ച നാളുമുതല്‍ താന്‍ കാണുന്നതെന്നും അന്ന് ചൂളംകുത്തിയും ആര്‍പ്പുവിളിച്ചും മമ്മൂട്ടിയെ കണ്ട ഒരുവന് ഇതിനപ്പുറം മറ്റെന്ത് പിറന്നാള്‍ സമ്മാനം കിട്ടാനാണ് എന്നും അദ്ദേഹം പറയുന്നു.
റോബര്‍ട്ടിന്റെ വാക്കുകള്‍ ഇങ്ങനെ
എന്റെ ജീവിതത്തില്‍ ഇന്നുവരെ കിട്ടിയതില്‍വെച്ച് ഏറ്റവും വിലപ്പെട്ട ജന്മദിനസമ്മാനം. ഇതിനപ്പുറം ഇനിയൊന്ന് ഉണ്ടാകുമോ എന്നും ഉറപ്പില്ല. സിഡ്‌നിയിലെ ഓപ്പറഹൗസിനും ചുവന്നആകാശത്തിനും അരികെ മമ്മൂക്ക ഒരു സെല്‍ഫിക്കായി പിടിച്ചുനിര്‍ത്തുമ്പോള്‍ ഓര്ത്തില്ല, അത് എന്റെ ജന്മദിനത്തില്‍ അമൂല്യമായ ഒരു സമ്മാനമായി ലോകത്തിന് മുമ്പാകെ എത്തുമെന്ന്.(ആ സെല്‍ഫിനിമിഷമാണ് ഇതോടൊപ്പം). സത്യമായിട്ടും ഇപ്പോള്‍ എന്റെ കണ്ണുകള്‍ നിറയുന്നുണ്ട്.
കോട്ടയത്തെ പള്ളിക്കത്തോട് എന്ന നാട്ടില്‍,ഓര്‍മവെച്ചനാള്‍ മുതല്‍ മമ്മൂട്ടി എന്ന മഹാമനുഷ്യനെ തിരശ്ശീലയില്‍ കാണാനായി തിക്കിത്തിരക്കിയും ചൂളംകുത്തിയും ആര്പ്പുവിളിച്ചുംനടന്ന ഒരുവന് ഇതിനപ്പുറം എന്ത് ജന്മദിനസമ്മാനം കിട്ടാനാണ്! എന്നെ മമ്മൂക്കയ്ക്ക് അരികിലെത്തിച്ച ദൈവം എന്ന വലിയ സംവിധായകന് പ്രണാമം.
പ്രിയപ്പെട്ട മമ്മൂക്ക….നന്ദി എന്ന വാക്കില്‍ ഒതുക്കി ഈ സമ്മാനത്തിന്റെ തിളക്കം കെടുത്തുന്നില്ല. ഒരുപാടകലെ,എങ്ങും നക്ഷത്രവിളക്കുകള് തെളിഞ്ഞുനില്ക്കുന്ന ഓസ്‌ട്രേലിയന്‍ സന്ധ്യയിലിരുന്നുകൊണ്ട് ഞാന്‍ ആ കൈകളില്‍ തൊട്ടോട്ടെ. ഈ ഈ ചേര്‍ത്തുപിടിക്കലിന്, ഓര്‍ത്തുവയ്ക്കലിന്,സഹയാത്രികനായി ഒപ്പംകൂട്ടുന്ന വലിയമനസ്സിന് ഇവിടെ നമ്മള് ഒരുമിച്ച് കണ്ട കടലുകളോളം സ്‌നേഹം…