സമൂഹത്തിൽ ട്രാൻസ്ജെൻഡേഴ്സിനോടുള്ള മനോഭാവത്തിൽ മാറ്റങ്ങൾ ആവശ്യമാണെന്നിരിക്കെ ജീവിതത്തിൽ താൻ നേടിയതെല്ലാം ട്രാൻസ്ജെൻഡർ എന്ന സ്വത്വം വെളിപ്പെടുത്തുകയാണ് പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ.
തന്റെ ദാരിദ്ര്യം നിറഞ്ഞ പഴയകാല ജീവിതം വിശദാമാക്കുകയാണ് രഞ്ജു. വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹം ഉണ്ടായിട്ടും ജീവിത സാഹചര്യങ്ങൾ അതിന് അനുവദിച്ചില്ലെന്നും ട്രാൻസ്ജെൻഡർ എന്ന നിലയിൽ ധാരാളം അവഗണനകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം മുതൽ ഇഷ്ടികക്കളത്തിൽ ജോലിക്ക് പോയ നിർഭാഗ്യവാനായ വ്യക്തിയാണ് ഞാൻ. ശരീരം ഒരു പുരുഷന്റേതും മനസ്സ് സ്ത്രീയുടേയും ആയതുകൊണ്ട് സമൂഹം അതൊരു വൈകല്യമായി കണക്കാക്കി.
വൈവിധ്യമായി പരിഗണിക്കാൻ ആരും തയ്യാറായില്ല. ആണ് പെണ്ണ് എന്ന വേർതിരിവിൽ നിന്നും മാറിനിന്ന് ജീവിക്കേണ്ടി വന്നപ്പോളും തൻറെ അമ്മ മാത്രമാണ് പ്രചോദനം നൽകി കൂടെ നിന്നതെന്നും രഞ്ജി കൂട്ടിച്ചേർത്തു.
ഇരുപത്തിനാല് വർഷങ്ങൾക്ക് മുമ്പ് എറണാകുളത്തെ ഒരു അഭിഭാഷകന്റെ വീട്ടിൽ ഓഫീസ് ജോലിക്കെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടുവന്നു.
എന്നാൽ മറ്റ് പല ജോലികളും എനിക്ക് ഉണ്ടായിരുന്നെന്ന് അറിഞ്ഞത് പിന്നീടാണ്. അവിടെ നിന്നും രക്ഷപെട്ടപ്പോഴാണ് എന്റെ കമ്മ്യൂണിറ്റിയിൽപ്പെട്ട പലരെയും പരിചയപ്പെടാൻ സാധിച്ചത്.
രണ്ട് രൂപയുടെ സോഡ കുടിച്ച് ഒരു ദിവസം തള്ളി നീക്കിയ ഞാൻ ഇന്ന് ഒരു മൾട്ടിനാഷണൽ കമ്പനിയുടെ ബ്രാൻഡ് അംബാസിഡറാണ്.
മറ്റൊരു മൾട്ടി നാഷണൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി. മലയാള സിനിമയ്ക്ക് പുറമെ ബോളിവുഡിലും താരങ്ങൾക്ക് മേക്കപ്പ് ചെയ്ത് കൊടുക്കാനുള്ള അവസരം ലഭിച്ചു.
ഒരിക്കൽ സിനിമാസെറ്റിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകേണ്ടി വന്നപ്പോൾ അതിന് കാരണക്കാരായ ആളോട് ഞാൻ പറഞ്ഞു, നാളെ സിനിമാ മെഖല എന്റെ പിന്നിൽ ക്യൂ നിൽക്കും.
അന്ന് നിങ്ങളീ ഫീൽഡിൽ ഉണ്ടാകില്ല. ദൈവനിശ്ചയമാകാം അയാൾ ഇന്ന് ഫീൽഡിലില്ല. ഞാനാണെങ്കിൽ മേക്കപ്പ് മേഖലയിൽ കഴിവ് തെളിയിച്ചുകൊണ്ടേയിരിക്കുന്നു.
ചോദ്യപേപ്പർ വാങ്ങിക്കാൻ രണ്ട് രൂപ ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അന്ന് രണ്ട് രൂപ തന്ന് ലൈംഗികമായി ചൂഷണം ചെയ്തയാളുടെ 40 ലക്ഷത്തിന്റെ വീട് ഞാൻ വാങ്ങി.
600 രൂപയ്ക്ക് ലൈൻ കെട്ടിടത്തിൽ താമസിച്ചിരുന്നു. ആ കെട്ടിടത്തിന്റെ ഉടമ ഇന്ന് എന്റെ കാർ ഡ്രൈവറാണെന്ന് രഞ്ജു പറയുന്നു.