കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ പരമ്പരായാണ് സീത കല്യാണം. റെനീഷ എന്ന് പറഞ്ഞാൽ ആളുകൾക്ക് മനസ്സിലാവില്ല. സ്വാതി എന്ന് പറഞ്ഞാൽ എല്ലാവർക്കും പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. ഈ പരമ്പരയിലെ സീതയുടെ അനിയത്തി സ്വാതിയെ ആരും മറക്കില്ല. ഏവർക്കും സുപരിചിതയാണ് സ്വാതി. ഈ കഥാപാത്രത്തെ അവതരിപ്പിച്ച റെനീഷാ റഹ്‌മാൻ മുൻപ് നൽകിയ അഭിമുഖം വീണ്ടും സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്.
റെനീഷ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നത്. താൻ സീത കല്യാണത്തിൽ എങ്ങനെ എത്തിയെന്നും സീരിയൽ രംഗത്ത് തുടരുമോ എന്നൊക്കെയാണ് റെനീഷ അഭിമുഖത്തിൽ പറയുന്നത്.
റെനീഷ പ്ലസ്ടു പഠനം പൂർത്തിയാക്കിയ സമയത്തായിരുന്നു സീത കല്യാണം എന്ന സീരിയലിന്റെ ഓഡിഷൻ തിരുവനന്തപുരത്ത് വെച്ച് നടന്നത്. തന്റെ ഒരു കുടുംബ സുഹൃത്ത് വഴി ഓഡിഷൻ വിവരം അറിഞ്ഞതോടെ വെക്കേഷൻ ആയതിനാൽ തിരുവനന്തപുരം കാണാം എന്ന് കൂടി കരുതിയാണ് ഓഡിഷന് പങ്കെടുത്തതെന്നും റെനീഷ പറയുന്നുണ്ട്.
അതേസമയം അഭിനയത്തിന്റെ കാര്യത്തിൽ വീട്ടിൽ നിന്നും അത്രയധികം പിന്തുണയൊന്നും ലഭിച്ചില്ലെന്നുകൂടി പറയുകയാണ് താരം. സീരിയൽ ആയതിനാൽ തന്നെ രണ്ട് മൂന്ന് വർഷത്തേക്ക് നിൽക്കേണ്ടി വരും എന്നുംഅറിഞ്ഞതോടെ അത് പഠനത്തെ ബാധിക്കും എന്ന് കരുതി ഒരു വർഷത്തേക്ക് മാത്രം എഗ്രിമെന്റ് എഴുതുകയാണ് ഉണ്ടായത് എന്നും റെനീഷ പറഞ്ഞു.
‘പക്ഷെ ഒരു വർഷം കൊണ്ട് തന്നെ എനിക്ക് ഇത് വളരെ ഇഷ്ട്ടമായി. ജോലി പോലെ തന്നെ ഉണ്ട് പഠിത്തവും നടക്കും. അത് മാത്രമല്ല എനിക്ക് ഏറെ സന്തോഷം തന്നത് എവിടെയെങ്കിലും കല്യാണത്തിനും മറ്റും പോകുമ്പോൾ സീത കല്യാണത്തിലെ സ്വാതി അല്ലെ എന്ന് ചോദിച്ചു പലരും വരാറുണ്ട്. ഞാൻ എവിടെ പോയാലും എന്നെ തിരിച്ചറിയുന്നു. അമ്മൂമ്മമാരൊക്കെ വന്ന് ഉപദേശങ്ങൾ തരുന്നു. അതൊക്കെ എനിക്ക് നല്ല ഇഷ്ടമായി ഇപ്പോഴതൊക്കെ എൻജോയ് ചെയ്യുന്നു’- താരം പറയുന്നു.
അതേസമയം, സീരിയൽ അഭിനയം കാരണം കോളേജ് ജീവിതം മിസ്സായോ എന്ന ചോദ്യത്തിന് ഒരിക്കലും അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല എന്നും താൻ പഠിക്കുന്ന തൃശൂർ ഐ ഐ ബി എം ആറിലെ അദ്ധ്യാപകർ വളരെ അധികം സഹായിക്കുന്നുണ്ടെന്നും നോട്ടുകൾ എല്ലാം അയച്ച് തരാറുണ്ടെന്നും ഓൺലൈൻ ആയി ക്ലാസുകൾ എടുക്കുകയും സംശയങ്ങൾ പറഞ്ഞുകൊടുക്കുകയും ചെയ്യുന്നുണ്ടെന്നും താരം പറഞ്ഞു.
തൃശൂർ ഐഐബിഎംആറിലെ മൂന്നാം വർഷ ബി.കോം വിദ്യാർത്ഥിനിയാണ് റെനീഷാ റഹ്‌മാൻ. പഠനവും അഭിനയവും ഒരുമിച്ച് കൊണ്ട് പോകുവാനാണോ താൽപര്യം എന്ന് അവതാരകന്റെ ചോദ്യത്തിന് പഠനത്തിനാണ് മുൻതൂക്കം നൽകുന്നത് എന്നാണ് താരം അഭിപ്രായപ്പെട്ടത്.
‘പഠനത്തിൽ എപ്പോഴാണ് മാർക്ക് കുറയുന്നത് അല്ലെങ്കിൽ കണ്ടിന്യൂ ചെയ്യാൻ പറ്റുന്നില്ല എന്ന അവസ്ഥ ഉണ്ടായാൽ വീട്ടിൽ നിന്നും ചേട്ടൻ റെഡ് സിഗ്നൽ കാണിക്കും. മതി നിർത്തിക്കോ അഭിനയം എന്ന്’- റെനീഷ പറയുന്നു.
‘ഞാൻ സീതാ കല്യാണത്തിൽ അഭിനയിച്ച് തുടങ്ങിയപ്പോൾ കുറെ കാലം ചേട്ടൻ എന്നോട് മിണ്ടിയില്ല. എന്റെ പഠനത്തെ ബാധിക്കും എന്ന് കരുതി. സിനിമ ആയിരുന്നെങ്കിൽ കുഴപ്പം ഇല്ലായിരുന്നു ചേട്ടന് ഇത് അങ്ങനെ അല്ലല്ലോ തുടർച്ചയായി പോകുന്നതല്ലേ. ഞാൻ അഭിനയിച്ച് തുടങ്ങിയ ശേഷം എന്റെ അഭിനയം കൊള്ളാം എനിക്ക് കഴിവ് ഉണ്ട് എന്ന് സുഹൃത്തുക്കൾ പറഞ്ഞ ശേഷമാണ് ചേട്ടൻ സമ്മതിച്ചത്’.- റെനീഷ മനസ് തുറക്കുന്നു. ഇപ്പോൾ തനിക്ക് ജോലി പോലെ അഭിനയം കൊണ്ടു പോവുകയും ചെയ്യാം. ഒപ്പം പഠിത്തവും നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഏറെ സന്തോഷമുണ്ടെന്നും താരം പറയുന്നു.