കുമ്പളങ്ങി നൈറ്റ്‌സ് കണ്ടു, ഒരു ഫീലും കിട്ടിയില്ല: വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

61

ഫഹദ് ഫാസില്‍, ഷെയിന്‍ നിഗം, സൌബിന്‍ ഷാഹിര്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ കുമ്ബളങ്ങി നൈറ്റ്സ് തിയേറ്ററുകളില്‍ മിന്നിക്കുകയാണ്. മികച്ച അഭിപ്രായമാണ് നിരൂപകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിന് വ്യത്യസ്തമായ പല നിരൂപണങ്ങളും വരുന്നുണ്ട്.

Advertisements

അതിലൊന്നാണ് രേഖ രഘുനാഥ് എഴുതിയ നിരൂപണം. സിനിമ കണ്ടിറങ്ങിയപ്പോള്‍ ഒരു ഫീലും തോന്നിയില്ലെന്നും എന്നാല്‍, മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ചിത്രത്തിലെ ഓരോരുത്തരും ചുറ്റിനും വന്ന് നില്‍ക്കുന്ന അവസ്ഥയായിരുന്നുവെന്നും രേഖ എഴുതുന്നു.

രേഖയുടെ വേറിട്ട നിരൂപണം:

കുമ്ബളങ്ങി നൈറ്റ്‌സ് കണ്ടു. സിനിമ കണ്ടിറങ്ങുമ്ബോള്‍ മനസ്സിലുയര്‍ന്ന ഏകചോദ്യം ഇത് കാണാനാണോ ഞാന്‍ ഇത്രയും ബഹളമുണ്ടാക്കി വന്നതെന്നു മാത്രമായിരുന്നു. ബെഡ് റെസ്റ്റ് പറഞ്ഞ ഒരു എട്ടുമാസ ഗര്‍ഭിണി രണ്ടര മണിക്കൂറോളം ഇരുന്നു സിനിമ കാണുന്നതിലെ അനൗചിത്യമോര്‍ത്തു കൊണ്ട് എന്നെ അതില്‍ നിന്നും സ്നേഹപൂര്‍വവും ദേഷ്യപ്പെട്ടും പിന്തിരിപ്പിക്കാന്‍ ശ്രമിച്ച കുടുംബാംഗങ്ങളെ എല്ലാവരെയും ആ നിമിഷത്തില്‍ തെല്ലൊരു കുറ്റബോധത്തോടെ ഓര്‍ത്തുകൊണ്ടാണ് തീയേറ്റര്‍ വിട്ടിറങ്ങിയത്.

അവര് പറഞ്ഞത് കേട്ടാല്‍ മതിയായിരുന്നു എന്നായിരുന്നു അപ്പോള്‍ ചിന്തകളില്‍ മുഴുവന്‍. (എന്റെ വാശി നടക്കട്ടേയെന്നു കരുതി, കൂടെക്കൂട്ടിയ ഭര്‍ത്താവിനെ ഈ സമയത്തു സ്നേഹപൂര്‍വം സ്മരിക്കുന്നു).

സിനിമ കഴിഞ്ഞു തീയേറ്ററിന്റെ ഗേറ്റ് കടന്നപ്പോള്‍ ആത്മഗതമെന്ന പോലെ, ”ഞാന്‍ പ്രതീക്ഷിച്ച കുമ്ബളങ്ങി നൈറ്റ്സ് ഇതായിരുന്നില്ല”, എന്ന വാക്കുകള്‍ പതിയെ പുറത്തു ചാടി. മറ്റുള്ളവര്‍ ഈ സിനിമയെക്കുറിച്ചു പറഞ്ഞതൊന്നും എനിക്ക് അനുഭവിക്കാന്‍ പറ്റിയില്ല. ചിത്രം കണ്ട ഭൂരിപക്ഷം പേരും നല്ലതുപറയുന്ന ഒരു സിനിമ എനിക്ക് മാത്രം എന്തുകൊണ്ട് ഒരു ഫീലും നല്‍കിയില്ല എന്നതിനെക്കുറിച്ചായിരുന്നു പിന്നീടുള്ള ചിന്ത മുഴുവന്‍.

പക്ഷേ, അപ്പോഴും ഇടയ്ക്കിടെ സജി നെപ്പോളിയന്‍ എന്ന കഥാപാത്രം ചെറുതായി പിന്തുടരുന്നുണ്ടായിരുന്നു. അനിയനെ കൈ ഞൊടിച്ചു വിളിച്ച്‌, എനിക്ക് കരയാന്‍ പറ്റുന്നില്ലെന്നു പറയുന്ന സൗബിന്റെ കഥാപാത്രം ചെറുതല്ലാത്തൊരു നൊമ്ബരം സമ്മാനിച്ചിരുന്നു, ആ സജിയേയും മനസ്സിലിട്ടു കൊണ്ടാണ് വീട്ടിലേക്കു കയറിയത്.

രണ്ടര മണിക്കൂര്‍ നേരത്തെ ഇരുപ്പ്, കാലില്‍ നീരും നടുവിന് നല്ല വേദനയും സമ്മാനിച്ചതുകൊണ്ടു എത്രയും പെട്ടെന്ന് കട്ടിലിലേക്ക് കയറി കിടപ്പായി.

പിന്നീടായിരുന്നു ട്വിസ്റ്റ്, ആദ്യമേ സജി മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കില്‍ സജിയ്ക്കു പുറകെ, ഷമ്മിയും ബോബിയും ബോണിയും ഫ്രാങ്കിയും മുരുകനും സതിയും പ്രശാന്തും ബേബിമോളുമൊക്കെ ഒക്കെ ചുറ്റിനും വന്നു നില്‍പ്പായി. മനസില്‍ കുമ്ബളങ്ങി നൈറ്റ്‌സ് ഒന്നുകൂടി ആദ്യം മുതല്‍ അവസാനം വരെ ഓടി.

ഷമ്മിയുടെ ഭാവമാറ്റങ്ങളും ബോബിയുടെ നിസഹായാവസ്ഥയും എല്ലാവരും ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിക്കണമെന്ന ഫ്രാങ്കിയുടെ സ്വപ്നവും അതിനു സംഭവിക്കുന്ന ആശാഭംഗവും കഥ തുടരുമ്ബോള്‍ ജ്യേഷ്ഠനെ മനഃശാസ്ത്രജ്ഞന്റെ അടുത്തു കൊണ്ടുപോയി, ചേര്‍ത്തുപിടിച്ചു നടന്നുപോകുന്ന ആ സഹോദരങ്ങളുമൊക്കെ വളരെപ്പെട്ടെന്നാണ് പരിചിതരായത്.

”നിങ്ങള്‍ക്കു എന്ന് പറഞ്ഞാല്‍ ചേച്ചിയ്ക്ക്” എന്ന ഒറ്റ ഡയലോഗില്‍ ഹൃദയം കീഴടക്കുന്ന ബോബിയും ആദ്യാവസാനം മനോഹരമായ ശബ്ദമായി സിനിമയുടെ ജീവനാകുന്ന ബോണിയും ഭാവമാറ്റങ്ങളിലൂടെ ഭയപ്പെടുത്തുന്ന ഷമ്മിയും ഇപ്പോഴും വിടാതെ പിന്തുടരുന്നുണ്ട്.

അതുതന്നെയായിരികുമല്ലേ കുമ്ബളങ്ങി നൈറ്റ്സ് എന്ന സിനിമ പ്രേക്ഷകര്‍ക്കു സമ്മാനിക്കുന്നത്? കണ്ടു കഴിഞ്ഞിറങ്ങുമ്ബോള്‍ തീയേറ്റര്‍ ചുവരുകള്‍ക്കുള്ളില്‍ അവസാനിക്കാതെ പിന്നെയും കൂടെ പോരുന്ന കുറെ കഥാപാത്രങ്ങള്‍, അതുതന്നെയാണ് ഈ സിനിമയുടെ വിജയം.ഒരിക്കല്‍ കൂടി കുമ്ബളങ്ങിയുടെ സൗന്ദര്യം ആസ്വദിക്കണമെന്ന മോഹം ബാക്കിയാക്കുന്നുണ്ട് ആ സിനിമ.

Advertisement