മലയാള സിനിമാതാരം പൃഥ്വിരാജിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആടുജീവിതം. ഈ മാസമാണ് ചിത്രത്തിന്റെ റിലീസ്. പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. സംവിധായകന്‍ ബ്ലെസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സിനിമ മലയാളികളുടെ അഭിമാനമായി മാറുമെന്ന കാര്യത്തില്‍ വലിയ സംശയമില്ലെന്നാണ് ആരാധകരുടെ പക്ഷം. നജീബ് എന്ന വ്യക്തിയുടെ പ്രവാസ ജീവിതത്തിലെ യഥാര്‍ത്ഥ സംഭവ വികാസങ്ങളാണ് ബെന്യാമിന്റെ ആടുജീവിതം നോവലില്‍ പറയുന്നത്.
സിനിമ തിയ്യേറ്ററുകളിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളൂ. ഈ സന്ദര്‍ഭത്തില്‍ യഥാര്‍ത്ഥ നജീബ് തന്റെ ജീവിതം തുറന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ്. നജീബിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ശ്രദ്ധനേടുന്നത്.
താന്‍ അന്ന് മരുഭൂമിയില്‍ വെച്ച് കഷ്ടപ്പെട്ട സംഭവം ജനങ്ങള്‍ സിനിമയിലൂടെ അറിയാന്‍ പോകുകയാണ്. അതില്‍ തനിക്ക് സന്തോഷമുണ്ടെന്നും 1993ലാണ് താന്‍ പ്രവാസലോകത്ത് എത്തുന്നതെന്നും അവിടെ ചെന്നിറങ്ങിയപ്പോള്‍ ഒരാള്‍ പാസ്‌പോര്‍ട്ട് വാങ്ങി വെച്ച് തന്നോട് അയാളുടെ വണ്ടിയില്‍ കയറാന്‍ പറഞ്ഞുവെന്നും നജീബ് പറയുന്നു.
തന്റെ അറബിയായിരിക്കും അതെന്ന് കരുതി താന്‍ അയാള്‍ക്കൊപ്പം പോയി. ആരും ഇല്ലാത്ത വഴികളിലൂടെയായിരുന്നു വണ്ടി പോയതെന്നും ഒത്തിരി ദൂരം സഞ്ചരിച്ച് എത്തിയത് ഒരുപാട് ആടുകളും ഒട്ടകങ്ങളുമുള്ള സ്ഥലത്തായിരുന്നുവെന്നും താന്‍ പെട്ടുവെന്ന് തനിക്ക് അപ്പോഴായിരുന്നു മനസ്സിലായതെന്നും കരയാന്‍ തുടങ്ങിയപ്പോള്‍ അറബിക്ക് ദേഷ്യം വന്നുവെന്നും നജീബ് പറയുന്നു.
വളരെ വികൃതമായ മനുഷ്യരായിരുന്നു അവിടെയുള്ളവര്‍. സംസാരിക്കാന്‍ തനിക്ക് ഭാഷ പോലും അറിയില്ലായിരുന്നുവെന്നും അപ്പോള്‍ താന്‍ ആലോചിച്ചത് താന്‍ നാട്ടില്‍ നിന്നും വരുമ്പോള്‍ തന്റെ എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ കുറിച്ചായിരുന്നുവെന്നും നജീബ് പറയുന്നു.
അന്ന് താന്‍ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. എപ്പോഴും മണല്‍ക്കാറ്റായിരുന്നു അവിടെയെന്നും അറബി കഴിച്ചതിന്റെ ബാക്കി കുബ്ബൂസായിരുന്നു തനിക്ക് കിട്ടിയിരുന്നതെന്നും ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ആടിന്റെ പാല് കറന്ന് കുടിക്കേണ്ടി വന്നുവെന്നും ഒടുവില്‍ അവരുടെ കണ്ണുവെട്ടിച്ച് എങ്ങനെയോ രക്ഷപ്പെടുകയായിരുന്നുവെന്നും നജീബ് കൂട്ടിച്ചേര്‍ത്തു.