മലയാള സിനിമ ലോകത്തെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കം സിനിമയെക്കുറിച്ച് പുറത്തുവരുന്നത്.
ചിത്രത്തിലെ പ്രധാനപ്പെട്ടവരെ പുറത്താക്കിയതിന് പിന്നാലെ തന്നെ വധിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന ആരോപണവുമായി ചിത്രത്തിന്റെ സംവിധായകന് സജീവ് പിള്ള രംഗത്തെത്തിയതോടെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്.
ഇപ്പോള്‍ മാമാങ്കം ചിത്രത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഓസ്കര് പുരസ്കാര ജേതാവ് റസൂല്‍ പൂക്കുട്ടി. ചിത്രത്തെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ മലയാളം സിനിമയ്ക്ക് തന്നെ നാണക്കേടാണ് എന്നാണ് അദ്ദേഹം പറയുന്നത്.
‘മാമാങ്കം സിനിമയെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ അത് മലയാള സിനിമ ലോകത്തിന് തന്നെ നാണക്കേടാണ്.
2018 ല്‍ ഞാന്‍ വായിച്ച ഏറ്റവും മികച്ച തിരക്കഥകളില്‍ ഒന്നാണ് ഇത്. അന്താരാഷ്ട്ര തലത്തില്‍ മലയാള സിനിമയെ എത്തിക്കാനുള്ള എല്ലാ സാധ്യതയും ഈ ചിത്രത്തിനുണ്ടായിരുന്നു. ഇത് ഇങ്ങനെ അവസാനിച്ചതില്‍ ദുഃഖമുണ്ട്’ ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു.
സജീവ് പിള്ള എന്ന സംവിധായകന്റെ വര്‍ഷങ്ങള്‍ നീണ്ട പ്രയത്നമാണ് മാമാങ്കം. എന്നാല്‍ നിര്‍മാതാക്കളുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ചിത്രത്തില്‍ നിന്ന് പുറത്തുപോകാന്‍ നിര്‍ബന്ധിതനാവുകയാണ് സജീവ്.
പകുതിയില്‍ അധികം ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തില്‍ നിന്ന് യുവനടന് ധ്രുവനെ പുറത്താക്കിയതോടെയാണ് മാമാങ്കം വിവാദമായത്. തുടര്‍ന്ന് ധ്രുവനെ പുറത്താക്കിയത് തന്റെ അറിവോടെയല്ല എന്ന് വ്യക്തമാക്കിക്കൊണ്ട് സജീവ് പിള്ള തന്നെ രംഗത്തെത്തി.
എന്നാല്‍ പിന്നീട് കേട്ടത് സജീവിനെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുന്നു എന്നാണ്. ചിത്ത്രതിന്റെ മൂന്നാം ഷെഡ്യൂളില്‍ സജീവ് പിള്ളയ്ക്ക് പകരം ചിത്രം സംവിധാനം ചെയ്തത് എം. പത്മകുമാറാണ്.
ഇതിന് പിന്നാലെയാണ് വധ ഭീഷണിയുണ്ടെന്ന പരാതിയുമായി സജീവ് പിള്ള മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്.