അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെൺമനസ്സ് തുടങ്ങിയ പരമ്പരകളിലൂടെ മലയാള പ്രേക്ഷകരുടെ മനസ് പിടിച്ചെടുത്ത നടിയാണ് രശ്മി സോമൻ. ആദ്യത്തെ കൺമണി, ഇഷ്ടമാണ് നൂറുവട്ടം, വർണ്ണപ്പകിട്ട്, അരയന്നങ്ങളുടെ വീട്, തുടങ്ങിയ ചിത്രങ്ങളിലും എത്തി ആരാധകരുടെ മനസിൽ ഇടം ഉറപ്പിക്കുകയും ചെയ്തു.
പി ടി കുഞ്ഞുമുഹമ്മദിന്റെ മഗ്രിബ് ചിത്രത്തിലൂടെയാണ് നടി പരമ്പരകളിൽ നിന്ന് സിനിമയിലേയ്ക്ക് ചേക്കേറിയത്. അതേസമയം, നടിയുടെ ആദ്യ വിവാഹ ജീവിതം വിജയത്തിലെത്തിയില്ല. സീരിയൽ സംവിധായകൻ എ.എം. നസറായിരുന്നു ആദ്യത്തെ ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹം കൂടിയായിരുന്നു. പതിയെ വിവാഹമോചനത്തിലും എത്തി.
ശേഷം, നടി ജീവിതത്തിലേയ്ക്ക് സ്വീകരിച്ചത് ഗോപിനാഥിനെ ആയിരുന്നു. വിവാഹത്തിന് താരം വിദേശത്തേക്ക് പോയി. ഇപ്പോഴിതാ കലാലോകത്തേക്ക് തിരികെ എത്തിയിരിക്കുകയാണ് രശ്മി. നാളുകൾക്ക് ശേഷം രശ്മി അഭിനയിക്കുന്ന സിനിമയാണ് ലൈവ്. വികെപി സംവിധാനം ചെയ്ത ചിത്രത്തിൽ മംമ്ത മോഹൻദാസ്, പ്രിയ വാര്യർ, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിനിമാലോകത്തേക്കുള്ള തന്റെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് രശ്മി സോമൻ. ലൈവിലെ റോൾ താൻ വികെപിയോട് അവസരം ചോദിച്ചപ്പോൾ ലഭിച്ചതാണെന്ന് രശ്മി സോമൻ വ്യക്തമാക്കി. സിനിമയിലും സീരിയലിലും അഭിനയിക്കുന്നതിൽ വ്യത്യാസമുണ്ടെന്ന് രശ്മി സില്ലി മോങ്ക്‌സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘സീരിയലിന് വേറൊരു പാറ്റേണുണ്ട്. സിനിമയിലെ പോലെ അത്ര നാച്വറൽ അല്ല. കുറച്ച് കൂട്ടി ചെയ്യണം’. വ്യാജ വാർത്തകളുണ്ടാക്കുന്ന പ്രശ്‌നമാണ് ലൈവ് എന്ന സിനിമയുടെ പ്രമേയം. ഇതേമാതൃകയിൽ യഥാർത്ഥ ജീവിതത്തിൽ തന്നെക്കുറിച്ച് വന്ന വ്യാജ വാർത്തയെക്കുറിച്ചും രശ്മി സംസാരിച്ചു. എന്റെ കസിന്റെ കാർ ആക്‌സിഡന്റായിരുന്നു. ഞാൻ ഹെൽപ്പ് ചെയ്യാൻ ചെന്നതാണ്. പക്ഷേ പേര് വന്നത് രശ്മി സോമന്റെ കാർ ഒരു പയ്യനെ ഇടിച്ചു എന്നാണ്. ഞാൻ ഞെട്ടിയെന്ന് രശ്മി പറയുന്നു.
തന്റെ വീട് ഗുരുവായൂരാണ്. കസിൻ വണ്ടി ഓടിച്ച് പോകവെ ഒരു കുട്ടി കാർ ക്രോസ് ചെയ്തു. ഇവൻ നിർത്തിയെങ്കിലും കുട്ടി വീണു. അവർ ആശുപത്രിയിൽ കൊണ്ട് പോയി. ഞാൻ ആശുപത്രിയിൽ പോയി. അത് കഴിഞ്ഞ് പൊലീസ് സ്റ്റേഷനിൽ ചെല്ലണമായിരുന്നു. ഞാനിവരെയും കൊണ്ട് പൊലീസ് സ്റ്റേഷനിൽ ചെന്നു. ആരാണ് ഈ ന്യൂസ് കൊടുത്തതെന്ന് എനിക്കറിയില്ല. സംഭവം പിറ്റേ ദിവസം എന്റെ പേരിൽ പേപ്പറിൽ വന്നു. എന്റെ വീട്ടിലേക്ക് ഒരുപാട് കോളുകൾ വന്നു. റിപ്പോർട്ടറെ വിളിച്ച് ഇതൊന്ന് മാറ്റിക്കൊടുക്കുമോ എന്ന് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞത് അതൊന്നും സാരമില്ല ഒരു ദിവസം കൊണ്ട് മാറിക്കോളുമെന്നാണ് എന്നും രശ്മി പറയുന്നു.
താൻ സീരിയലിൽ നിന്ന് വരുന്നതിനാൽ സിനിമാ താരങ്ങൾക്കൊപ്പം പ്രവർത്തിക്കുമ്പോൾ ചെറിയെ ടെൻഷനുണ്ടായിരുന്നെന്നും രശ്മി വ്യക്തമാക്കി. ഷൈനിന്റെ കൂടെ കോംമ്പിനേഷൻ ഇല്ലായിരുന്നു. പ്രിയയുടെയും മംമ്തയുടെയും കൂടെ ഉണ്ടായിരുന്നു. കുറേക്കാലത്തിന് ശേഷമാണ് സിനിമ ചെയ്യുന്നത്. മംമ്തയും പ്രിയയുമൊക്കെ വലിയ സ്റ്റാറുകളാണ്.
പൊതുവെ സീരിയലിൽ നിന്ന് പോവുമ്പോൾ പുച്ഛിക്കുന്നത് പൊതുവെ കണ്ടിട്ടുണ്ട്. പക്ഷെ മംമ്തയും പ്രിയയുമൊക്കെ തന്നോട് നല്ല രീതിയിൽ പെരുമാറിയെന്നാണ് രശ്മി സോമൻ പറഞ്ഞത്.