മലയാളത്തിലെ സൂപ്പർതാരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവർക്കും പിൻഗാമികൾ ആരാണെന്ന ചർച്ച ഒരുപാട് നാളായി തുടരുന്നതാണ്. എങ്കിലും താരസിംഹാസനത്തിൽ ഇന്നും തുടരുകയാണ് മോഹൻലാലും മമ്മൂട്ടിയും. വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടിയ ഇവർക്ക് പകരെക്കാരെ ചിന്തിക്കാൻ ഇനിയും പ്രേക്ഷകർക്ക് സാധിച്ചിട്ടില്ല.
ഇപ്പോഴിതാ ഇരുവരുടേയും സുഹൃത്തായ സംവിധായകൻ രഞ്ജിത്ത് മോഹൻലാലിനേും മമ്മൂട്ടിയേയും കുറിച്ച് സംസാരിക്കുകയാണ്. ഇരു താരങ്ങൾക്കുമുള്ള പ്രധാന വ്യത്യാസത്തെക്കുറിച്ച് പറയുകയാണ് സംവിധായകൻ രഞ്ജിത്ത്.
ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജിത്തിന്റെ വാക്കുകൾ. മമ്മൂട്ടി പരീക്ഷണങ്ങൾക്ക് മുതിരുമ്പോൾ മോഹൻലാൽ കംഫർട്ട് സോണിൽ നിൽക്കുകയാണോ എന്ന ചോദ്യത്തിനാണ് രഞ്ജിത്ത് ഇരുവരും തമ്മിലുള്ള വലിയൊരു വ്യത്യാസത്തെ കുറിച്ച് സംസാരിക്കുന്നത്.
‘അതൊരു യാഥാർഥ്യമാണ്. ലാലിന് അത് തുടക്കം തൊട്ട് ഉണ്ട്. ഒരു ദിവസം കൊണ്ട് മാറിയതൊന്നുമല്ല. എനിക്ക് വർഷങ്ങളായിട്ട് അറിയാം. അപരിചിതർ മാത്രമുള്ള ഒരു ലോക്കേഷനിലൊക്കെ ലാലിന് വലിയ പാടാണ്.’- എന്നാണ് രഞ്ജിത്ത് പറയുന്നത്.
മോഹൻലാലിന് പുതിയ സംവിധായകൻ, പുതിയ എഴുത്തുകാരൻ എന്നൊക്കെയുള്ളത് ബുദ്ധിമുട്ടാണ്. മമ്മൂട്ടിക്ക് അതൊന്നും പ്രശ്‌നമല്ല. അവൻറെ കൈയിൽ എന്തോ ഉണ്ടല്ലോ, അവനെ വിളി എന്ന് പറയുന്ന ആളാണ് അയാളെന്ന് രഞ്ജിത്ത് പറയുന്നു.
മോഹൻലാൽ ഇപ്പോൾ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം വർക്ക് ചെയ്തു. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ട് ഇയാൾ കൊള്ളാം എന്ന് തോന്നിക്കാണും. അപ്പോഴും നിർമ്മാതാവിന്റെ സ്ഥാനത്തൊക്കെ അയാളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്നും രഞ്ജിത്ത് ചൂണ്ടിക്കാണിക്കുന്നു.
നിർമാതാക്കൾ ഷിബു ബേബി ജോണും ബേബി മറൈൻ ബാബുവും ഒക്കെയാണ്. അയാൾ അങ്ങനെ ഒരു മനുഷ്യനാണ്. ക്യാമറയുടെ മുന്നിൽ നൂറ് പേരെ ഇടിക്കുന്ന ആൾ ഇപ്പോഴും നല്ല ക്രൗഡ് ഉള്ള ഒരു ലൊക്കേഷനിൽ കാറിൽ വന്ന് ഇറങ്ങിയാൽ താൻ അവിടെയുണ്ടെങ്കിൽ തന്റെ കൈ പിടിക്കുമെന്നും ആ ആൾക്കൂട്ടത്തെ കടന്നുപോകാൻ ഇപ്പോഴും പ്രശ്‌നമുള്ള ആളാണെന്നും രഞ്ജിത്ത് പറഞ്ഞു.
മാത്രമല്ല, ലാൽ ഷൂട്ട് ചെയ്യുന്ന മുറിയിൽ എത്തുമ്പോഴാണ് കംഫർട്ട് ആവുന്നത്. മറ്റെയാൾക്ക് (മമ്മൂട്ടി) പുരുഷാരം ഇല്ലെങ്കിലാണ് പ്രശ്‌നം. ഇതെന്താ ആരും ഇല്ലേ എന്നാണ് ചോദിക്കുക. രണ്ടും എനിക്ക് നല്ല ബന്ധങ്ങളുടെ ആൾക്കാരാണെന്നും രഞ്ജിത്ത് വിശദീകരിക്കുന്നു.