മലയാളക്കരയെ ഒന്നാകെ ആവേശഭരിതരാക്കിയാണ് ശ്രീകുമാര്‍ മേനോന്‍ – എം ടി വാസുദേവന്‍ നായര്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വരുന്ന മഹാഭാരതം പ്രഖ്യാപിച്ചത്. എംടിയുടെ ‘രണ്ടാമൂഴം’ എന്ന നോവല്‍ ആധാരമാക്കിയാണ് സിനിമ. എന്നാല്‍, ചിത്രത്തിന്റെ തിരക്കഥ ഇപ്പോള്‍ കോടതി വിട്ട് പുറത്തേക്ക് എത്തിയിട്ടില്ല.
ഇത് സംബന്ധിച്ച കേസ് മാര്‍ച്ച് രണ്ടിലേക്ക് മാറ്റിയിരിക്കുകയാണ്. കോഴിക്കോട് നാലാം അഡീഷനല്‍ ജില്ല കോടതിയാണ് കേസ് മാറ്റിവെച്ചത്. സിനിമക്കായി എം ടി നല്‍കിയ മലയാളം, ഇംഗ്ലീഷ് തിരക്കഥ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഉപയോഗിക്കുന്നത് കോഴിക്കോട് അഡീഷനല്‍ മുന്‍സിഫ് (ഒന്ന്) കോടതി തടഞ്ഞിരുന്നു.
ഈ വിധി റദ്ദാക്കണമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹര്‍ജിയും കേസില്‍ ആര്‍ബിട്രേറ്റര്‍ (മധ്യസ്ഥന്‍) വേണമെന്ന സംവിധായകന്റെ ആവശ്യത്തിനെതിരെ എം.ടിയുടെ ഹര്‍ജിയുമാണ് പരിഗണിച്ചത്.
കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ ആര്‍ബിട്രേഷനും പ്രസക്തിയില്ലെന്ന് എം.ടിയുടെ അഭിഭാഷകന്‍ കെ.ബി. ശിവരാമകൃഷ്ണന്‍ വാദിച്ചു. തിരക്കഥ തിരിച്ച് വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് എം ടി. എന്നാല്‍, ഏത് വിധേനയും സിനിമ ചെയ്യണമെന്നാണ് ശ്രീകുമാര്‍ മേനോന്റെ നിലപാട്.
തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 11നാണ് എം ടി കേസ് നല്‍കിയത്. കേസില്‍ സംവിധായകന്‍, എര്‍ത്ത് ആന്‍ഡ് എയര്‍ഫിലിം നിര്‍മാണ കമ്ബനി എന്നിവരാണ് എതിര്‍കക്ഷികള്‍. 2014ലാണ് സിനിമക്കായി മൂന്നുവര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടത്. നാലുവര്‍ഷം കഴിഞ്ഞിട്ടും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍പോലും തുടങ്ങിയിരുന്നില്ല.