മോഹൻലാൽ നായകനായി എംടി വാസുദേവൻ നായരുടെ രണ്ടാമൂഴം സിനിമയാകുമെന്ന് വീണ്ടും ആവർത്തിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ.
കുറച്ച് കാലതാമസമുണ്ടായാലും രണ്ടാമൂഴം യാഥാർത്ഥ്യമാകും. സിനിമ ആരംഭിക്കുന്നതിന് ചില തടസ്സങ്ങൾ നേരിട്ടെന്നത് സത്യമാണ്. പക്ഷെ അതെല്ലാം താത്കാലികം മാത്രമാണ്, ശ്രീകുമാർ മേനോൻ പറഞ്ഞു.
തർക്കമല്ല തെറ്റിദ്ധാരണ മൂലമാണ് എല്ലാം സംഭവിച്ചതെന്നും പ്രശ്‌നങ്ങൾ ഓത്തുതീർപ്പാക്കാൻ ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുകഴിയുമ്പോൾ ബിആർ ഷെട്ടി സിനിമ നിർമ്മിക്കാനായി എത്തുമെന്നാണ് ശ്രീകുമാറിന്റെ പ്രതീക്ഷ.
രണ്ടാമൂഴം സിനിമയാക്കാൻ എംടിയും ശ്രീകുമാർ മേനോനും തമ്മിൽ ഏകദേശം നാല് വർഷം മുൻപാണ് കരാർ ഉണ്ടാക്കിയത്.
മലയാളത്തിലും ഇംഗ്ലീഷിലും തിരക്കഥകൾ നൽകിയെങ്കിലും കരാർ പാലിക്കപ്പെട്ടില്ല. ഇതേത്തുടർന്നാണ് തിരകഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിക്കുകയായിരുന്നു.
സിനിമ താത്കാലികമായി വേണ്ടെന്നുവച്ചിരിക്കുകയാണെന്ന് നിർമ്മാതാവ് ബി ആർ ഷെട്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കോടതിയിൽ കേസ് നടക്കുന്നതിനാലാണ് ചിത്രം താത്കാലികമായി വേണ്ടെന്നുവച്ചിരിക്കുന്നതെന്നാണ് ഷെട്ടി പറഞ്ഞത്.
ഇതിന് പിന്നാലെയാണ് രണ്ടാമൂഴം യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷ പങ്കുവച്ച് ശ്രീകുമാർ രം?ഗത്തെത്തിയിരിക്കുന്നത്.