രൺബീർ – ആലിയ വിവാഹത്തിനായുള്ള കാത്തിരിലായിരുന്നു ആരാധകർ. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഈ മാസം ഇവർ വിവാഹിതരാകുമെന്നാണ് കരുതുന്നത്. ഏപ്രിൽ 17-18 ന് ആയിരിക്കും വിവാഹമെന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ ഇത് സംബന്ധിച്ച് താരങ്ങളുടെ കുടുംബത്തിൽ നിന്നോ അടുത്ത വൃത്തങ്ങളിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. താരങ്ങളുടെ വിവാഹ ആഘോഷ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.
ALSO READ
450 ഓളം അതിഥികളാകും വിവാഹത്തിന് പങ്കെടുക്കുക. മുൻനിര സംവിധായകരും താരങ്ങളും വിവാഹത്തിൽ പങ്കെടുക്കും. സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, കരൺ ജോഹർ ഇരുവരുടെയും അടുത്ത സുഹൃത്തുക്കളായ അർജുൻ കപൂർ, അയാൻ മുഖർജി, ആദിത്യ റോയ് കപൂർ തുടങ്ങി നിരവധി പേർ വിവാഹത്തിനെത്തുമെന്ന തരത്തിലാണ് റിപ്പോർട്ടുകൾ.
ബോളിവുഡിലെ പ്രശസ്ത സെലിബ്രിറ്റി ഡിസൈനറായ സബ്യ സാചി തന്നെയാണ് ആലിയയ്ക്കും വിവാഹ വസ്ത്രങ്ങൾ ഒരുക്കുക. ബോളിവുഡ് താരങ്ങളായ അനുഷ്‌ക ശർമ, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ, കത്രീന കൈഫ് തുടങ്ങിയവരുടെയെല്ലാം വിവാഹ വസ്ത്രങ്ങൾ ഒരുക്കിയത് സബ്യ സാചിയായിരുന്നു. വിവാഹത്തിന് ആലിയ ലെഹങ്ക തെരഞ്ഞെടുത്തു എന്ന സൂചനകളും പുറത്തുവരുന്നുണ്ട്. സംഗീത്, മെഹന്ദി ചടങ്ങുകൾക്കും സബ്യ സാചി വസ്ത്രങ്ങളായിരിക്കും ആലിയ ധരിക്കുകയെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.
ALSO READ
രൺബീറിന്റെ കുടുംബ വീടായ ചെമ്പൂരിലെ ആർകെ ബംഗ്ലാവിലായിരിക്കും വിവാഹം നടക്കുക. രൺബീറിന്റെ ബാന്ദ്രയിലെ വീട്ടിലും വിവാഹ ചടങ്ങുകൾ നടക്കുമെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ട്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വിവാഹമായിരിക്കുമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. പഞ്ചാബി രീതിയിലാകും വിവാഹമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നാല് വർഷത്തിലേറെയായി ആലിയയും രൺബീറും തമ്മിൽ പ്രണയത്തിലായിട്ട്. ഇരുവരും ഒന്നിച്ചഭിനയിച്ച ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലൂടെയാണ് ഇവർ പ്രണയത്തിലായത്. ചിത്രം സെപ്റ്റംബർ 9 ന് തീയ്യേറ്ററുകളിലെത്തും. ബോളിവുഡ് ഇതിഹാസം രാജ് കപൂറിന്റെ മകൻ ഋഷി കപൂറിന്റെ മകനാണ് രൺബീർ കപൂർ. സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ ഭട്ട്.