സ്‌കൂളില്‍ നിന്നും അന്ന് പുറത്താക്കി, അതേ സ്‌കൂളില്‍ ഇന്ന് അതിഥി!; സോഷ്യല്‍ മീഡിയയിലെ രമണന്റെ വിജയകഥ ഇങ്ങനെ

21

സ്‌കൂളില്‍ നിന്നും പഠനത്തില്‍ മോശമാണെന്നതിന്റെ പേരില്‍ ഇറക്കി വിട്ട വിദ്യാര്‍ത്ഥി അതേ സ്‌കൂളിലെ വാര്‍ഷിക ആഘോഷത്തില്‍ അതിഥി. സിയാദ് ഷാജഹാന്‍ എന്ന പേര് തിരിച്ചറിയാത്തവര്‍ പോലും സോഷ്യല്‍ മീഡിയയിലെ രമണനെ അറിയും.

ഡബ്‌സ്മാഷിലെ രമണന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് സിയാദ് മുഹമ്മദ്. അടുത്തിടെ പുറത്തിറങ്ങിയ അഡാര്‍ ലൗവിലെ ഫ്രാന്‍സിസ് ജെ മണവാളന്‍ എന്ന സിയാദിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

തന്റെ ജീവിതത്തിലെ ഒരു നിര്‍ണായക സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സിയാദ് ഇപ്പോള്‍. സിയാദ് പത്താം ക്ലാസ് വരെ പഠിച്ച മുണ്ടക്കയം പബ്ലിക് സ്‌കൂള്‍ നൂറുശതമാനം വിജയം പ്രതീക്ഷിച്ചിരുന്ന സ്‌കൂളാണ്.

പഠനത്തില്‍ അത്ര നല്ല പ്രകടനം കാഴ്ച വയ്ക്കാത്തതിനാല്‍ ഏഴാം ക്ലാസില്‍ സ്‌കൂളില്‍ നിന്നും മാറണമെന്ന് സ്‌കൂള്‍ അധികൃതര്‍ സിയാദിനോട് ആവശ്യപ്പെട്ടു. സുഹൃത്തുക്കളെ പിരിയാനുള്ള വിഷമത്താല്‍ സിയാദ് സ്‌കൂള്‍ വിട്ടുപോകാന്‍ സമ്മതിച്ചില്ല.

ഒടുവില്‍ സിയാദിന്റെ കുടുംബത്തിന്റെ അപേക്ഷയെ തുടര്‍ന്ന് സ്‌കൂള്‍ വിട്ടുപോകണമെന്ന തീരുമാനത്തില്‍ നിന്ന് അധികൃതര്‍ പിന്മാറി. എന്നാല്‍ എട്ടാം ക്ലാസില്‍ നിര്‍ബന്ധപൂര്‍വ്വം സ്‌കൂളില്‍ നിന്ന് പറഞ്ഞുവിട്ടു.

പിന്നീട് സ്‌കൂളിലെ വാര്‍ഷികാഘോഷത്തിന് കൂട്ടുകാരെ കാണാനെത്തിയ സിയാദിനെ അധ്യാപിക ശകാരിച്ച് ഇറക്കി വിടുകയായിരുന്നു.

നിന്നെ ഇവിടുന്നു പറഞ്ഞു വിട്ടതല്ലേ, പിന്നെന്തിനാ വന്നത് എന്നും ചോദിച്ച് അധ്യാപിക ദേഷ്യപ്പെട്ടു. തന്നെ ഏറെ വിഷമിപ്പിച്ച ഈ സംഭവത്തിന് ശേഷം ഇപ്പോള്‍ അതേ സ്‌കൂളിലെ വാര്‍ഷികാഘോഷത്തില്‍ അതിഥിയായി എത്തിയത് സിയാദ് തന്നെ ആണെന്നത് കാലം കാത്തുവച്ച മധുര സമ്മാനം.

വനിതക്ക് നല്‍കിയ അഭിമുഖത്തിലാണ് സിയാദ് തന്റെ ജീവിതത്തിലെ നിര്‍ണായക സംഭവം വെളിപ്പെടുത്തിയത്.

ഡബ്‌സ്മാഷിലാണ് സിയാദിന്റെ തുടക്കം. ഒരു നല്ല മൊബൈല്‍ ഫോണ്‍ പോലും സ്വന്തമായുണ്ടായിരുന്നില്ല. ആദ്യം ഒറ്റയ്ക്കാണ് വീഡിയോ ചെയ്തിരുന്നത്. പിന്നീട് കൂട്ടുകാരും ചേര്‍ന്നു.

ഡബ്‌സ്മാഷിന്റെ സമയ ദൈര്‍ഘ്യത്തിലൊതുങ്ങി ചെയ്യാന്‍ പറ്റില്ല എന്നു മനസ്സിലായതോടെ, ആദ്യം വീഡിയോ ഷൂട്ട് ചെയ്ത ശേഷം അതില്‍ വോയ്‌സ് എഡിറ്റ് ചെയ്ത് ചേര്‍ക്കാന്‍ തുടങ്ങി. അത് ശ്രദ്ധിക്കപ്പെട്ടു. അതോടെ ചെയ്യുന്ന സീനില്‍ കഥാപാത്രങ്ങള്‍ക്കനുസരിച്ചുള്ള കോസ്റ്റ്യൂം റെഡിയാക്കാന്‍ തുടങ്ങി.

വീഡിയോകള്‍ വൈറലായതോടെ തിരുവനന്തപുരത്ത് നിന്ന് ഒരു സീരിയലില്‍ അഭിനയിക്കാന്‍ വിളിച്ചു. കടം വാങ്ങി തിരുവനന്തപുരത്ത് എത്തിയെങ്കിലും അവര്‍ വഞ്ചിച്ചു.

നിരാശനായി മടങ്ങി വന്ന ശേഷമാണ് കിടു, നോണ്‍സെന്‍സ് എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തത്. പിന്നീടാണ് അഡാര്‍ ലൗവിലേക്ക് എത്തുന്നത്.

Advertisement