ഷൂട്ടിംഗിനിടെ യുവ നടി രജിഷ വിജയന് പരിക്കേറ്റു. രജിഷ വിജയൻ നായികയായി അഭിനയിക്കുന്നതും ഇപ്പോൾ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഫൈനൽസ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് പരിക്കേറ്റത്.
കട്ടപ്പനയിൽ നിന്നുമായിരുന്നു ഷൂട്ടിംഗ്. സൈക്കിൾ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ നിലത്ത് വീണ രജിഷയ്ക്ക് കാലിനാണ് പരിക്കേറ്റത്.
നടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൂട്ടിംഗ് താൽകാലത്തേക്ക് നിർത്തി വെക്കുകയായിരുന്നു.
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് രജിഷ വിജയൻ.
വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം നടത്തിയ സിനിമയിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വാങ്ങിയ രജിഷ ഓരോ സിനിമ കഴിയുംതോറം പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്.
രജിഷ നായികാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫൈനൽസ്. സ്പോർട്സ് ഡ്രാമയായി ഒരുക്കുന്ന ചിത്രം പിആർ അരുൺ ആണ് സംവിധാനം ചെയ്യുന്നത്.
നടൻ മണിയൻപിള്ള രാജുവാണ് നിർമാണം. ചിത്രത്തിൽ സൈക്ലിസ്റ്റായ ആലീസ് എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. സിനിമയിൽ നിന്നും രജിഷയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്ത് വന്നിരുന്നു.
ജൂൺ എന്ന ചിത്രമാണ് രജിഷയുടേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയത്. അഹമ്മദ് കബീർ സംവിധാനം ചെയ്ത ചിത്രത്തിൽ സ്‌കൂൾ വിദ്യാർത്ഥിനിയുടെ അടക്കം വേറിട്ട ഗെറ്റപ്പുകളിലായിരുന്നു രജിഷ അഭിനയിച്ചത്.
സിനിമയ്ക്ക് വേണ്ടി രജിഷ നടത്തിയ മുന്നൊരുക്കങ്ങൾക്കും ചിത്രത്തിലെ പ്രകടനത്തിനും വലിയ കൈയടിയാണ് ലഭിച്ചത്.