ആരംഭത്തില്‍ നിന്നും തുടങ്ങി ക്ലൈമാക്സ് വരെ നിറഞ്ഞു തുളുമ്പുന്ന നൊസ്റ്റാള്‍ജിയ. ഒരു സ്കൂള്‍ അല്ലെങ്കില്‍ കോളേജ് കാലം പറയാന്‍ ഇതിലും മികച്ച പയറ്റി തെളിഞ്ഞ ഫോര്‍മുല വേറെയില്ലെന്നു തന്നെ പറയാം.
എന്നാല്‍ ഒരല്പം വ്യത്യസ്തത കൊണ്ട് വന്നാലോ രജിഷ വിജയന് നായികയാവുന്ന ജൂണ്‍ എന്ന ചിത്രം ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെ കേന്ദ്രീകരിച്ച് 16 വയസ്സ് മുതല്‍ 26 വയസ്സ് പ്രായം വരെയുള്ള കഥ പറയുന്നു.
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയില്‍ തുടങ്ങി വിവാഹിതയാവുന്ന വേള വരെയുള്ള തിരിഞ്ഞു നോട്ടം. 20062007 കാലഘട്ടത്തില്‍ സ്കൂള്‍ ജീവിതം പൂര്‍ത്തിയാക്കിയ ജൂണ്‍ സാറ ജോയ്.ചിത്രത്തിന്റെ ആദ്യപകുതിയേറെയും ജൂണിന്റെ സ്കൂള്‍ കാലം മാത്രമാണ്.
അച്ഛന്റെയും അമ്മയുടെയും ഒറ്റ മകളായ ജൂണിന്, പഠനവും കുടുംബവും അല്ലാതെ മറ്റൊരു ലോകമില്ല. അവിടേക്ക് ഒരു പറ്റം കൂട്ടുകാരെയും, കാമുകനെയും കൊണ്ട് വരുന്നതാണ് അവളുടെ പ്ലസ് ടു ക്ലാസ് മുറി.
സാധാരണഗതിയില്‍ പ്രതീക്ഷിക്കാവുന്നത് ഇവിടെത്തുടങ്ങുന്നതൊക്കെ ഇവിടെ തന്നെ അവസാനിക്കുകയെന്നതും ശേഷം വരുന്ന വര്‍ഷങ്ങളില്‍ പുതിയ ജീവിതവും ലോകവും മനുഷ്യരും തേടിയെത്തുന്ന ജൂണിനെ ആകാം.
എന്നാല്‍ ഒരു ഫെയര്‍വെല്‍ പാര്‍ട്ടിയോടെ അവസാനിക്കുന്നതായി ഒന്നുമില്ല ഇവിടെ. ചിത്രത്തിന്റെ നെടുംതൂണായ ഈ കാലഘട്ടത്തില്‍ വളരെ മനോഹരമായ സമാനതകള്‍ ഇല്ലാത്ത സ്കൂള്‍ ജീവിതത്തെ കാണാം.
നിഷ്കളങ്കയായ 16കാരി ജൂണ്‍ പലതരം സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോള്‍ സ്വയം തീരുമാനം എടുക്കാനും ജീവിതത്തിന്റെ ഗതി നിര്‍ണ്ണയിക്കാനും പ്രാപ്തയാവുന്നു. ഈ മാനസിക ഘട്ടങ്ങളെ രജീഷ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നു.
വലിയ ചലഞ്ചുകളോ സിദ്ധാന്തങ്ങളോ ഒന്നും തന്നെ ഈ കൊച്ചു ചിത്രത്തിലില്ല. മകളുടെ ഇഷ്ടങ്ങള്‍ക്ക് എതിരു നില്‍ക്കാത്ത അച്ഛനായി ജോജു ജോര്‍ജ് പനാമ ജോയിയുടെ വേഷം തന്മയത്തോടുകൂടി അഭിനയിക്കുന്നു.
നേര് വിപരീത സ്വഭാവക്കാരിയായ അമ്മയായി അശ്വതി മേനോന് തന്റെ ആദ്യ പക്വമതിയായ കഥാപാത്രത്തില്‍ തിളങ്ങുന്നുമുണ്ട്.ഓരോ കഥാപാത്രത്തിന്റെയും മേക്കോവര്‍ വളരെയധികം ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.
നായികയുടെയോ നായകന്റെയോ മാത്രം രൂപം കേന്ദ്രീകരിച്ചുള്ള സമീപനം വിട്ട് അവരുടെ സൗഹൃദ വലയത്തില്പ്പെട്ടവരെയും 10 വര്‍ഷം പിന്നിലേക്ക് നടത്താന്‍ അണിയറക്കാരുടെ പരിശ്രമം ഉണ്ടായിട്ടുണ്ട്.
ഇത് വിജയകരമായി പ്രതിഫലിപ്പിക്കാനും കൂടി കഴിഞ്ഞെന്നതാണ് പ്രത്യേകത. യുവാക്കള്‍ കേന്ദ്ര ബിന്ദു ആവുമ്പോള്‍ അതിനെ എങ്ങനെ ഒരു മികച്ച കുടുംബ ചിത്രം കൂടിയാക്കി മാറ്റാം എന്നതിന് ഉത്തമ ഉദാഹരണമാണ് ജൂണ്‍ എന്ന സിനിമ.