മലയാള സിനിമയുടെ പ്രകത്ഭ സംവിധായകരില്‍ ഒരാളായിരുന്ന തമ്പി കണ്ണന്താനം ഇന്നലെയാണ് അന്തരിച്ചത്. കരള്‍ സംബന്ധിയായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. തനിക്ക് പറയാനുള്ളത് ആരുടെ മുന്നിലും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ചില ഉറച്ച നിലപാടുകള്‍ തന്നെയാണ് മോഹന്‍ലല്‍ എന്ന നടനെ സൂപ്പര്‍സ്റ്റാറാക്കിയത്.
ഒരുകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്ന മമ്മൂട്ടിയും തമ്പി കണ്ണന്താനവും ഉടക്കി പിരിഞ്ഞു. തമ്പി കണ്ണന്താനം മമ്മൂട്ടിയെ നായകനാക്കി 1985ല്‍ ഒരുക്കിയ ആ നേരം അല്‍പ ദൂരം എന്ന ചിത്രം വിജയിച്ചില്ല. പിന്നീട് വിന്‍സന്റ് ഗോമസ് എന്ന അധോലോക നായകന്റെ കഥയുമായി മമ്മൂട്ടിയെ തമ്പി കണ്ണന്താനം സമീപിച്ചു.
ഡെന്നീസ് ജോസഫിന്റേതായിരുന്നു തിരക്കഥ. ഡെന്നീസിന്റെ തിരക്കഥയില്‍ വിശ്വാസം ഉണ്ടായിരുന്നെങ്കിലും മമ്മൂട്ടിക്ക് തമ്പിയില്‍ വിശ്വാസം പോരായിരുന്നു. ഇതേ കുറിച്ച് തമ്പി കണ്ണന്താനം ഒരു സിനിമ മാസികയോട് പ്രതികരിച്ചിരുന്നു. അതിങ്ങനെ.
‘മമ്മൂട്ടി മുഖത്തുനോക്കി പറഞ്ഞു, ഡെന്നീസിന്റെ കഥകൊള്ളാം പക്ഷേ തമ്പിക്കൊപ്പം സഹകരിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. ‘ഞാന്‍ ലാലിനെ വെച്ച് ചെയ്‌തോളാമെന്നും ഈ പടം ഇറങ്ങുന്ന അന്ന് തന്റെ താരസിംഹാസനത്തിന്റെ കൗണ്ട് ഡൗണാണെന്ന് ഞാനും മമ്മൂട്ടിയുടെ മുഖത്ത് നോക്കി പറഞ്ഞു.
‘ പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ഐ വി ശശി, പത്മരാജന്‍ തുടങ്ങിയവരുടെയെല്ലാം ചിത്രങ്ങളില്‍ അഭിനയിച്ച് പേരും പ്രശസ്തിയും പെരുമയും നേടി മോഹന്‍ലാലിന്റെ കരിയര്‍ തിളങ്ങികൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. മോഹന്‍ലാലിന്റെ സമ്മതം കിട്ടിയതോടെ എനിക്ക് വാശിയായി. ഇതിനിടയില്‍ ഒരു പൊതു ചടങ്ങില്‍ വെച്ച് ഞാനും
മമ്മൂട്ടി അപ്രതീക്ഷിതമായി നേര്‍ക്കുനേര്‍ കണ്ടുമുട്ടിയപ്പോള്‍ ‘വിന്‍സെന്റ് ഗോമസിന്റെ’ സംഭാഷണങ്ങള്‍ ഉരുവിട്ടുകൊണ്ട് മമ്മൂട്ടി തമാശ രൂപേണ കളിയാക്കി. ഞാന്‍ അതൊന്നും മൈന്റ് ചെയ്തില്ല. 1986 ജൂലൈ 16നു റിലീസ് ചെയ്ത ‘രാജാവിന്റെ മകന്‍ ‘ കണ്ണഞ്ചിപ്പിക്കുന്ന വിജയം സ്വന്തമാക്കി. വിന്‍സെന്റ് ഗോമസിന്റെ കോരിത്തരിപ്പിക്കുന്ന സംഭാഷണങ്ങള്‍ എങ്ങും അലയടിച്ചു.’-തമ്പി അക്കാലം ഓര്‍ക്കുന്നു.
ഇതേ സമയം, മറുവശത്ത് മമ്മൂട്ടിയുടെ ചിത്രങ്ങളെല്ലാം തിയേറ്ററുകളില്‍ മോശം പ്രകടനം കാഴ്ച വെയ്ക്കുകയാണുണ്ടായത്. അപ്പോഴാണ് മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പട്ടം ചൂടിച്ചുകൊണ്ട് തമ്പി മമ്മൂട്ടിയോടുള്ള വെല്ലുവിളി ജയിച്ചത്. പക്ഷേ, അപ്പോഴും മമ്മൂട്ടിയോടുള്ള സൗഹൃദത്തിന് കുറവുണ്ടായിട്ടില്ലെന്നും തമ്പി ഓര്‍ക്കുന്നു. സിനിമ ഹിറ്റായപ്പോള്‍ അഭിനന്ദിക്കാനും മമ്മൂട്ടി മറന്നില്ല.