പഴയ രജനീകാന്തിനെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.
ആ ആക്ഷനും സ്റ്റൈലും അങ്ങനെയൊന്നും പൊയ്‌പ്പോകില്ലെന്ന് പേട്ടയിലൂടെ രജനീകാന്ത് തെളിയിച്ചു. വര്‍ഷങ്ങളായി ആരാധകര്‍ കാത്തിരുന്നതും ഇതുപോലെ ഒരു മാസ് മൂവിക്കുവേണ്ടിയാണ്.
എന്തായാലും തലൈവരെ പെരിയ തലൈവര്‍ ആക്കിയതിന് അവര്‍ നന്ദി പറയുന്നത് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിനാണ്. എന്നാല്‍ ആഘോഷം ഇവിടെ തീരില്ല. രജനീകാന്തും കാര്‍ത്തിക് സുബ്ബരാജും വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പേട്ട ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുന്നതിനിടെയാണ് കാര്‍ത്തിക്കുമായി രജനി വീണ്ടും കൈകോര്‍ക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇന്ത്യ ഗ്ലിറ്റ്‌സാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
എന്നാല്‍ ഉടനടി വീണ്ടുമൊരു മാസ് ചിത്രമുണ്ടാകില്ല. എ. ആര്‍ മുരുകദോസിനൊപ്പമുള്ള ചിത്രം പൂര്‍ത്തിയായതിന് ശേഷമായിരിക്കും കാര്‍ത്തിക്കിന്റെ ചിത്രം ഒരുങ്ങുക.
സംവിധായകന്‍ എ. ആര്‍ മുരുകദോസുമായുള്ള പ്രൊജക്റ്റ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ആരംഭിച്ചത്. ലൈക പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന ചിത്രം ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തില്‍ രാഷ്ട്രീയമുണ്ടായിരിക്കില്ലെന്നാണ് മുരുകദോസ് പറയുന്നത്.
കീര്‍ത്തി സുരേഷായിരിക്കും ചിത്രത്തില്‍ നായികയായി എത്തുന്നത്. കൂടാതെ ബാഹുബലി സംവിധായകന്‍ രാജമൗലിയുമായി ചേര്‍ന്ന് സിനിമ ചെയ്യാനും രജനി ഒരുങ്ങുന്നുണ്ട്.
ജനുവരി പത്തിന് റിലീസ് ചെയ്തപേട്ട തെന്നിന്ത്യ കീഴടക്കി മുന്നേറുകയാണ്. വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ധിഖി, തൃഷ, സിമ്രന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.