സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെ നായകനാക്കി, ഷങ്കര്‍ ഒരുക്കിയ 2.0 തിയേറ്ററില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ലോകമെമ്പാടുമായി ഇതുവരെ 700 കോടി രൂപയുടെ കളക്ഷനാണ് 2.0 നേടിയിരിക്കുന്നത്.
ആദ്യമായിട്ടാണ് ഒരു തമിഴ് ചിത്രം 700 കോടി ക്ലബ്ബിലെത്തുന്നത്. ലോകമെമ്പാടുമായി 10000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്‍തത്.
ഏറ്റവും കൂടുതല്‍ സ്‍ക്രീനുകളില്‍ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോര്‍ഡും 2.0 സ്വന്തമാക്കിയിരുന്നു. അക്ഷയ് കുമാറാണ് ചിത്രത്തില്‍ വില്ലനായി എത്തിയത്. എമി ജാക്സണാണ് നായിക.
മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോയില്‍ പറഞ്ഞത്. ഇതില്‍ 1000 വിഎഫ്‍എക്സ് ആര്‍ടിസ്റ്റുകളും ഉള്‍പ്പെടും.
ഷങ്കർ എന്ന സംവിധായകന്റെ ഭാവനയേയും ബുദ്ധിയേയും ‘അപാരം’ എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും. അത് നമ്മൾ യന്തിരൻ സിനിമയിൽ കണ്ടതുമാണ്. യന്തിരൻ സീരീസിലെ ഈ രണ്ട് ചിത്രങ്ങൾ കൈവരിച്ച ആഗോള നിലവാരത്തിലുള്ള സാങ്കേതിക മികവിനോട് കിടപിടിക്കുന്ന ഒരു ചിത്രം സൃഷ്‍ടിച്ചെടുക്കാൻ കോളിവുഡിലോ ബോളിവുഡിലോ മറ്റൊരാളില്ല.
ഒരു റോബോട്ടിന് മനുഷ്യവികാരങ്ങൾ പകർന്ന് കിട്ടുമ്പോൾ ഉണ്ടാവുന്ന സങ്കീർണതകളാണ് യന്തിരൻ പറയുന്നതെങ്കിൽ നിത്യജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത മൊബൈൽ ഫോണുകൾ നമുക്ക് നേരെ തിരിഞ്ഞാൽ എന്തായിരിക്കും നടക്കുക എന്ന വേറിട്ട ആശയമാണ് 2.0യുടെ രത്നചുരുക്കം. കഥപറച്ചിലിന്റെ ശങ്കർ ഫോർമുല ഈ ചിത്രത്തിലും ആവർത്തിക്കപ്പെടുന്നുണ്ട്.
രജനി ചിത്രങ്ങളുടെ പതിവ് ഇൻട്രോ സീൻ കാഹളങ്ങളൊന്നുമില്ലാതെ കഥാസന്ദർഭങ്ങളിൽ ഊന്നിയാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്. അക്ഷയ് കുമാറിന്റെ പക്ഷിരാജൻ എന്ന കഥാപാത്രത്തിന്റെ പൂര്‍വകാലം പതിവുപോലെ ഷങ്കർ ഫ്ലാഷ്ബാക്കില്‍ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിൽ അക്ഷയ് കുമാർ എന്ന നടനെ കാണാൻ കിട്ടിയ മുഹൂർത്തങ്ങൾ കൂടിയായിരുന്നു അത്.
തന്റെ ഭാവനകളെ സ്ക്രീനിൽ വരച്ചു കാണിക്കുന്ന അത്ഭുതമാണ് അവിടെ ഷങ്കർ കാണിച്ചത്. കുടുംബപ്രേക്ഷകരേയും കുട്ടികളേയും വിസ്മയപ്പിക്കുന്ന ദൃശ്യവിസ്മയമാണ് 2.0. അത്രമേൽ റിച്ചാണ് ചിത്രത്തിന്റെ ഓരോ ഫ്രെയിമുകളും. കേവലമൊരു സിനിമ എന്നതിനപ്പുറം ഒരു മികച്ച തീയേറ്റർ അനുഭവം നൽകുന്ന ചിത്രമാണിത്.
വസീഗരൻ എന്ന ശാസ്ത്രജ്ഞനായി വലിയ ബഹളങ്ങളില്ലാതെ എത്തുന്ന രജനി ചിട്ടിയായും ചിട്ടി 2.0 ആയും പഴയ ഊർജ്ജത്തോടെ സ്ക്രീനിൽ നിറയുന്നു.
പക്ഷിരാജൻ എന്ന വില്ലൻ കഥാപാത്രത്തിന്റെ പലതരം മാനസിക സഞ്ചാരങ്ങളെ അക്ഷയ് കുമാർ മനോഹരമായി സ്ക്രീനിലെത്തിച്ചിട്ടുണ്ട്.