അവാര്‍ഡ് വിന്നറുടെ കൂടെയാണോ ഞാന്‍ അഭിനയിക്കുന്നത്?; മണികണ്ഠനെ കണ്ടപ്പോള്‍ രജനി പറഞ്ഞത്

41

സ്‌റ്റൈല്‍ മന്നന്‍ രജനി കാര്‍ത്തിക് സുബ്ബരാജ് ചിത്രം പേട്ട മികച്ച പ്രതികരണങ്ങള്‍ നേടി വമ്പന്‍ ഹിറ്റിലേക്ക് നീങ്ങുകയാണ്. പഴയ രജനിയെ തങ്ങള്‍ക്ക് ഈ ചിത്രത്തിലൂടെ തിരിച്ചുകിട്ടിയെന്നാണ് ആരാധകര്‍ പറയുന്നത്. ചിത്രത്തിന് കേരളത്തിലും മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Advertisements

ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് മണികണ്ഠന്‍ ആചാരി അഭിനയിക്കുന്നുണ്ടെന്നത് കേരളത്തിലെ ചലച്ചിത്ര പ്രേമികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. പേട്ട തനിക്ക് ഇപ്പോളും അവിശ്വസനീയമായ ഒരു യാഥാര്‍ത്ഥ്യമാണെന്നാണ് മണികണ്ഠന്‍ പറയുന്നത്.

‘പൂജ മുതല്‍ പാക്കപ്പ് വരെ ഏതാണ്ട് നാല്‍പ്പതിലധികം ദിവസം പേട്ടയുടെ സെറ്റില്‍ ഞാനുണ്ടായിരുന്നു. പൂജയുടെ അന്നാണ് രജനി സാര്‍ വന്നത്.

വെള്ള മുണ്ടും വെള്ള ഷര്‍ട്ടും അണിഞ്ഞ് വിഗ്ഗോ മേയ്ക്കപ്പോ ഒന്നുമില്ലാതെ സാധാരണക്കാരനെ പോലെയാണ് രജനി സാര്‍ സാര്‍ കടന്നു വന്നു.

സെറ്റില്‍ എല്ലാവരും ഉള്ളപ്പോള്‍ തലൈവരെ കണ്ട് സംസാരിക്കാന്‍ ഒരു പേടിയോ മടിയോ ഒക്കെ ആയിരുന്നു. ഇടയ്ക്ക് ഒരു അവസരം വന്നപ്പോള്‍ ഞാന്‍ ഓടിച്ചെന്ന് അദ്ദേഹത്തോട് സംസാരിച്ചു.’

‘കമ്മട്ടിപ്പാടത്തില്‍ അഭിനയിച്ചിട്ടുണ്ട്, സംസ്ഥാന അവാര്‍ഡൊക്കെ കിട്ടിയിട്ടുണ്ട് എന്നൊക്കെ പറഞ്ഞു. ആഹാ സ്റ്റേറ്റ് അവാര്‍ഡ് വിന്നറുടെ കൂടെയാണോ ഞാന്‍ അഭിനയിക്കുന്നത്? കൊള്ളാം, സൂപ്പര്‍ എന്നൊക്കെ പറഞ്ഞ് എന്റെ തോളില്‍ തട്ടി.

സാറിന്റെയൊക്കെ മുന്നില്‍ ഞാനൊക്കെ എന്ത് എന്നു പറഞ്ഞപ്പോള്‍ കേരളത്തിലെ സ്റ്റേറ്റ് അവാര്‍ഡ് സാധാരണ വിഷയമല്ലെന്നൊക്കെ ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി.’ മണികണ്ഠന്‍ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

കാല, 2.0 എന്നീ രണ്ട് ചിത്രങ്ങളുടെ വിജയത്തിന് ശേഷം തിയേറ്ററിലെത്തുന്ന രജനി ചിത്രമാണ് പേട്ട. രജനിക്ക് വില്ലനായി ചിത്രത്തിലെത്തുന്നത് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ്.

സിമ്രാനും തൃഷയും ചിത്രത്തില്‍ നായികമാരായി എത്തുന്നു. നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ, മേഘ ആകാശ്, ഗുരു സോമസുന്ദരം, മുനിഷ്‌കന്ത് രാംദോസ്, സനന്ദ് റെഡ്ഡി, ദീപക് പരമേശ് എന്നിവരും ചിത്രത്തിലുണ്ട്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Advertisement