രജനീകാന്ത് ചിത്രം 2.0 റിലീസിന് മുൻപെ ബ്രഹ്മാണ്ഡചിത്രം ബാഹുബലി രണ്ടാം ഭാഗത്തിന്റെ റെക്കോർഡ് തകർത്തു. 543 കോടി മുതൽമുടക്കിൽ ഒരുക്കിയ ചിത്രം ഇതിനകം 490 കോടി നേടിയെന്നാണ് റിപ്പോർട്ട്.
അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം 120 കോടി നേടി. ബ്ലോക്ക്ബസ്റ്റർ ചിത്രമായ യന്തിരന്റെ രണ്ടാം ഭാഗമായാണ് 2.0 എത്തുന്നത്.
മുടക്കുമുതലിനോടടുത്ത് റിലീസിന് മുൻപെ ചിത്രം വാരിക്കൂട്ടിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റയിനത്തിൽ മാത്രം ചിത്രം നേടിയിരിക്കുന്നത് ഭീമൻ തുകകളാണ്. എല്ലാ പതിപ്പുകളും ഉള്‍പ്പെടെ സാറ്റലൈറ്റ് അവകാശം വിറ്റുപോയത് 120 കോടിക്കാണ്. ഡിജിറ്റൽ അവകാശം 60 കോടി. വടക്കേ ഇന്ത്യയില്‍ മാത്രം തിയറ്റർ വിതരാണവകാശം 80 കോടി.
ആന്ധ്രാ–തെലങ്കാന എന്നിവിടങ്ങളിൽ മാത്രം തിയറ്റർ വിതരണാവകാശത്തിന് 70 കോടി. കർണാടകയിൽ ലഭിച്ചത് 25 കോടി. കേരളത്തിൽ 15 കോടി. ഇങ്ങനെ ആകെ 370 കോടി. ഇതിനൊപ്പം അഡ്വാൻസ് ബുക്കിങ്ങിൽ നിന്നുള്ള 120 കോടിയും ചേര്‍ത്ത് ആകെ 490 കോടി.
ഒരു തമിഴ് സിനിമക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയെന്ന റെക്കോർഡും 2.0 സ്വന്തമാക്കി. ഇതിനൊപ്പം ഏറ്റവും കൂടുതൽ സ്ക്രീനുകളിൽ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോർഡും ചിത്രം സ്വന്തമാക്കി.
ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനീകാന്ത് ഡോ. വസീഗരന്‍, ചിട്ടി എന്നിങ്ങനെ ഇരട്ടവേഷത്തിലെത്തും. ബോളിവുഡ് നടൻ അക്ഷയ് കുമാർ, ഏമി ജാക്സൻ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.