ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടനായിരുന്നു റഹ്മാന്. മലയാള സിനിമയിലെ ക്ലസ്സിക് സംവിധായകന് പത്മരാജന് രചനയും സംവിധാനവും നിര്‍വ്വഹിച്ച് 1983 ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. ഒരു കാലത്ത് മലയാള സിനിമയുടെ ചുള്ളന് നായകനായിരുന്നു റഹ്മാന്.
ഇപ്പോള്‍ മലയാളത്തിലും തമിഴിലുമായൊരുക്കിയ സമാരയുടെ പ്രമോഷന് തിരക്കിലാണ് അദ്ദേഹം. ഇതിനിടെ റൊമാന്റിക് റോള്‍ ചെയ്യാത്തതിനെ കുറിച്ചും താരം പറഞ്ഞു. തനിക്ക് അത്തരം വേഷം ഇഷ്ടമാണെന്നും എന്നാല്‍ ലഭിക്കാത്തത് കൊണ്ടാണ് അതിലേക്ക് എത്താത്തത് എന്നും നടന് പറയുന്നു. ഇപ്പോഴും തന്നെ തേടി പോലീസ് വേഷം ആണ് വരുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങളില്‍ നായക, ഉപനായക വേഷങ്ങള്‍ ചെയ്ത റഹ്മാന്, എണ്‍പതുകളിലും തൊണ്ണൂരുകളിലും മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പര്‍താരങ്ങളില്‍ ഒരാളായിരുന്നു. എന്നാല്‍ നടന് തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് കളം മാറ്റിയതോടെ മലയാളത്തില്‍ ഇടവേള വന്നു.
2004 മുതല്‍ മലയാള സിനിമകളില്‍ തിരിച്ചുവരവ് നടത്തിയ ഇദ്ദേഹം 2000 ന് ശേഷം തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ നായക, ഉപനായക വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും മലയാളത്തില്‍ സജീവം ആവുകയാണ് നടന്.