കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ച അതുല്യ പ്രതിഭയാണ് റഹ്‌മാന്‍. 1983 ലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഒരു കാലത്ത് മലയാളികളുടെ റൊമാന്റിക് ഹീറോ ആയിരുന്നു റഹ്‌മാന്‍. മലയാളത്തില്‍ മാത്രം ഒതുങ്ങി നില്ക്കാതെ തമിഴിലും, തെലുങ്കിലും, കന്നഡയിലും തന്റെ സാന്നിധ്യം അറിയിക്കാന്‍ താരത്തിന് സാധിച്ചു. മലയാളത്തിലും തമിഴിലും നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ച റഹ്‌മാന്‍ ഇടയ്ക്ക് ഒരു ഇടവേളയും എടുത്തിരുന്നു. ഇപ്പോള്‍ സിനിമാലോകത്ത് സജീവമാണ് താരം.
സമരയാണ് റഹ്‌മാന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളില്‍ ആയിരുന്നു നടന്‍. ഇതിനിടെ തന്റെ പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ചും റഹ്‌മാന്‍ എത്തി. ഷൂട്ടിങ്ങിനിടെ താനും ശോഭനയും അപകടത്തില്‍പ്പെട്ടതിനെ കുറിച്ചും റഹ്‌മാന്‍ പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ ഇത് ഞങ്ങളുടെ സെക്കന്‍ഡ് ലൈഫാണെന്ന് താരം പറയുന്നു. തമ്മില്‍ തമ്മില്‍ എന്ന സിനിമയുടെ ചിത്രീകരണം കോവളത്തായിരുന്നു. അവിടെ ഒരു പാറ കണ്ടിട്ട് ഞങ്ങള്‍ അതിന് മുകളില്‍ കയറി ഷൂട്ട് ചെയ്തു.
അവിടെ കയറുന്നത് അപകടമാണെന്ന ബോര്‍ഡൊക്കെ ഉണ്ടായിരുന്നു, അതൊന്നും ഞങ്ങള്‍ ശ്രദ്ധിച്ചില്ല. ഞങ്ങള്‍ അവിടെ എത്തിയപ്പോഴേക്കും തിരമാല കുറവായിരുന്നു. പിന്നീട് ഒരു തിരമാല അടിച്ചപ്പോള്‍ ഞാനും ശോഭനയും താഴേക്ക് വീണു. ഒരു കൈയ്യില്‍ ശോഭനയേയും പിടിച്ച് നില്‍ക്കുകയായിരുന്നു ഞാന്‍. അവിടെയുള്ളവര്‍ ഓടി വന്നാണ് ഞങ്ങളെ രക്ഷിച്ചത്. പാറയില്‍ ഇടിച്ച് ചില പരുക്കുകള്‍ ഒക്കെ സംഭവിച്ചിരുന്നു റഹ്‌മാന്‍ ഓര്‍മിച്ചു പറഞ്ഞു.