നടന്‍ റഹ്മാനും പൃഥ്വിരാജും തമ്മില്‍ വാക്‌പോര്. അടുത്തിടെ പുറത്തിറങ്ങിയ രണം എന്ന ചിത്രം വിജയിച്ചില്ലെന്ന പൃഥ്വിയുടെ തുറന്നു പറച്ചിലാണ് ആ ചിത്രത്തില്‍ അഭിനയിച്ച റഹ്മാനെ ചൊടിപ്പിച്ചത്. അതിനു പരസ്യമായി തന്നെ മറുപടിയും നല്കി റഹ്മാന്‍. കഴിഞ്ഞദിവസം ‘പൃഥ്വിയുടെ കൂടെ’ എന്നൊരു പരിപാടി നടന്നിരുന്നു. ആരാധകന്റെ ഒരു ചോദ്യത്തിന് ഉത്തരമായി പൃഥ്വി പറഞ്ഞ മറുപടിയാണ് എല്ലാ പ്രശ്‌നങ്ങളുടെയും കാരണം.
പൃഥ്വിയുടെ സിനിമകളുടെ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് നല്കിയ മറുപടി ഇങ്ങനെ -കൂടെ പോലെ ചില സിനിമകള്‍ വിജയമാകും. രണം പോലെ ചില സിനിമകള്‍ വിജയിക്കില്ല. ഇതറിഞ്ഞുകൊണ്ടാണ് സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. അതല്ലെങ്കില്‍ കുറേക്കാലം കഴിയുമ്പോള്‍ അത്തരം പരീക്ഷണങ്ങള്‍ നടത്തിയില്ലല്ലോ എന്നോര്‍ത്ത് സങ്കടം തോന്നും- പൃഥ്വി പറഞ്ഞു. രണം തിയറ്ററുകളില്‍ ഓടുന്നതിനിടെ ഇത്തരത്തില്‍ അഭിപ്രായം പറഞ്ഞതാണ് റഹ്മാനെ ചൊടിപ്പിച്ചത്.
റഹ്മാന്‍ ഫേസ്ബുക്കിലൂടെ നല്കിയ മറുപടി ഇങ്ങനെ- ഒരിക്കല്‍ രാജുമോന്‍ എന്നോടു ചോദിച്ചു, അങ്കിളിന്റെ അച്ഛനാരാണെന്ന്. ഞാന്‍ പറഞ്ഞു, ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലുമെല്ലാമുള്ള ഒരു രാജാവ്. ആ രാജാവിന്റെ മകനാണ് ഞാന്‍. എനിക്കുള്ള സകലതും എനിക്കു തന്ന സിനിമയെന്ന രാജാവിന്റെ മകന്‍. അന്നും ഇന്നും.
ദാമോദര്‍ ഡിട്രോയ്റ്റിലെ രാജകുമാരനായിരുന്നു. ആദി അയാള്‍ക്കു സ്വന്തം അനുജനെപ്പോലെയായിരുന്നു. പക്ഷേ, ഒടുവില്‍ ആ അനുജന്റെ കുത്തേറ്റു തന്നെ ദാമോദര്‍ വീണു…. അതുകണ്ട് കാണികള്‍ കയ്യടിക്കുകയും കരയുകയുമൊക്കെ ചെയ്തതുകൊണ്ടാണ് ‘രണ’മെന്ന രാജാവ് യുദ്ധം ജയിച്ചത്. അതുകൊണ്ടാണ് സിനിമയെന്ന മഹാരാജാവ് എപ്പോഴും വിജയിച്ചു തന്നെ നില്‍ക്കുന്നത്.
അങ്ങനെയുള്ള രാജാവിനെ ആരെങ്കിലും തള്ളിപ്പറഞ്ഞാല്‍…. അതെന്റെ കുഞ്ഞനുജനാണെങ്കില്‍ കൂടി, എന്റെ ഉള്ളു നോവും… കുത്തേറ്റവനെ പോലെ ഞാന്‍ പിടയും…’